'വിഷമവും നിരാശയുമുണ്ട് പക്ഷെ ഇതാണ് ഉചിതം': പവിത്രം സീരിയല്‍ വിട്ടതിനെക്കുറിച്ച് അലീന ട്രീസ ജോർജ്
ഏഷ്യാനെറ്റിലെ പവിത്രം സീരിയലിൽ നിന്ന് നടി അലീന ട്രീസ ജോർജ് പിന്മാറുന്നു. കാരണം വ്യക്തമാക്കി നടിയുടെ വീഡിയോ.

തിരുവനന്തപുരം: ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പവിത്രം സീരിയലിൽ നിന്നും പിൻമാറുകയാണെന്ന് നടി അലീന ട്രീസ ജോർജ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. നായികയുടെ സഹോദര ഭാര്യയായ വർഷ എന്ന കഥാപാത്രത്തെയാണ് പവിത്രം സീരിയലിൽ അലീന ട്രീസ അവതരിപ്പിച്ചിരുന്നത്. \
താൻ ഗർഭിണിയാണ്. ഇപ്പോൾ ഏഴു മാസമായി. സീരിയലിൽ നിന്ന് മാറുന്നതിൽ വിഷമവും നിരാശയുമുണ്ടെന്നും എന്നാൽ ഇപ്പോൾ മാറിനിൽക്കുന്നതാണ് ഉചിതമെന്ന് തോന്നിയതു കൊണ്ടാണ് സീരിയലിൽ നിന്ന് പിന്മാറുന്നതെന്നും അലീന തന്റെ വീഡിയോയിൽ പറയുന്നു. ഇത് പവിത്രം സെറ്റിലെ തന്റെ അവസാനത്തെ ഷെഡ്യൂൾ ആണെന്നും യാത്രയും ഷൂട്ടിങ്ങുമൊക്കെ ബുദ്ധിമുട്ടായിത്തുടങ്ങിയതിനാലാണ് താനിപ്പോൾ പിൻമാറുന്നതെന്നും അലീന കൂട്ടിച്ചേർത്തു.
അലീനയുടെ വെളിപ്പെടുത്തലിനു പിന്നാലെ സമ്മിശ്രപ്രതികരണമാണ് ആരാധകരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. വർഷ പ്രഗ്നനന്‍റ് ആണെന്ന് സീരിയലിൽ കാണിച്ചാൽ പോരേ എന്നും സീരിയലിൽ നിന്നും പിൻമാറേണ്ട ആവശ്യം ഉണ്ടോ? എന്നുമാണ് കമന്റ് ബോക്സിൽ ഉയരുന്ന സംശയങ്ങളിലൊന്ന്. അതേസമയം, ആരോഗ്യത്തോടെയിരിക്കൂ എന്ന് ഉപദേശിക്കുന്നവരെയും കമന്റ് സെക്ഷനിൽ കാണാം. സീരിയൽ പൂർണമായും ഉപേക്ഷിക്കരുതെന്നും തിരിച്ചുവരണമെന്നും ചിലർ പറയുന്നു. ചേച്ചിയെ മിസ്സ് ചെയ്യും, എന്നാലും ആരോഗ്യത്തോടെയുള്ള ഒരു കുഞ്ഞിനെ കിട്ടട്ടെ എന്ന ആശംസകളും ആരാധകർ നേരുന്നുണ്ട്.
നടി സുരഭി സന്തോഷ് ആണ് പവിത്രം സീരിയലിലെ വേദ എന്ന കേന്ദ്രകഥാപാത്രത്തെ അവതിപ്പിക്കുന്നത്. വേദയുടെ കഴുത്തിൽ ഒട്ടും പ്രതീക്ഷിക്കാതെ വിക്രം എന്ന ഗുണ്ട താലി കെട്ടുന്നതും പിന്നീട് ഉണ്ടാവുന്ന സംഭവവികാസങ്ങളുമാണ് സീരിയലിന്റെ പ്രമേയം.
സീരിയൽ ലൊക്കേഷനിലെ വിശേഷങ്ങളും വ്യക്തിജീവിതത്തിലെ വിശേഷങ്ങളുമെല്ലാം അലീന തൻറെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. ഏതായാലും അലീനയ്ക്ക് പകരം വർഷയെ അവതരിപ്പിക്കുന്നത് ആരാകും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകരിപ്പോൾ.
ഒരു എപ്പിസോഡിന് 3 ലക്ഷം വാങ്ങുന്ന നടിയെ മാറ്റിയോ! : ആ സീരിയലില്‍ കഥയെ വെല്ലുന്ന ട്വിസ്റ്റോ?