കൊച്ചി: ദക്ഷിണേന്ത്യന്‍ ചലച്ചിത്ര രംഗത്തെ നിറസാന്നിധ്യമാണ് മലയാളി നടി അമല പോള്‍. മികച്ച സിനിമകളുടെ ഭാഗമായി മാറുമ്പോഴും അമലയുടെ പ്രണയവും വിവാഹവും വിവാഹമോചനവുമെല്ലാം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. സംവിധായകന്‍ എ എല്‍ വിജയുമായുള്ള വിവാഹമോചന ശേഷം സിനിമകളില്‍ വീണ്ടും സജീവമായ അമല പോള്‍ തന്‍റെ പ്രണയത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ്. തനിക്കുവേണ്ടി സമയം ചെലവഴിക്കാനായി ജോലിയും കരിയറും ത്യജിച്ച ഒരാളുമായി താന്‍ ബന്ധത്തിലാണെന്നും സിനിമാ മേഖലയ്ക്ക് പുറത്തുനിന്നുള്ള ആളാണെന്നും അമല പറയുന്നു. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് അമല പോള്‍ പ്രണയം വെളിപ്പെടുത്തിയത്. 

'ഞാന്‍ ഒരു ബന്ധത്തിലാണ്. ഇക്കാര്യം ആര്‍ക്കും അറിയില്ല. ആടൈ സിനിമയുടെ കഥ കേട്ടപ്പോള്‍ ഞാന്‍ ആദ്യം പങ്കുവെച്ചതും അദ്ദേഹത്തോടാണ്. എന്‍റെ എല്ലാ സിനിമകളും അദ്ദേഹവുമായി ചര്‍ച്ച ചെയ്യാറുണ്ട്. ആടൈയുടെ കഥ കേട്ടപ്പോള്‍ ആദ്യം അദ്ദേഹം എന്നോട് പറഞ്ഞത് ഈ കഥാപാത്രമാകാന്‍ നീ സ്വയം പര്യാപ്തയാകണം എന്നാണ്. 'ഈ സിനിമ ചെയ്യുകയാണെങ്കില്‍ നൂറ് ശതമാനം അതിന് നല്‍കണം. ശാരീരികമായും മാനസികമായും അതിനുവേണ്ടി തയ്യാറെടുക്കണം. സിനിമ അഭിനയം തെരഞ്ഞെടുത്താല്‍  മുന്നോട്ട് പോകുക. മറ്റൊന്നിനെക്കുറിച്ചും ആലോചിക്കരുത്', എന്നാണ്. സിനിമയെ ഞാന്‍ നോക്കി കാണുന്ന രീതിക്ക് കടപ്പെട്ടിരിക്കുന്നതും അദ്ദേഹത്തോടാണ്. 

ഉപാധികളില്ലാതെ സ്നേഹിക്കാന്‍ ഈ ലോകത്ത് അമ്മയ്ക്ക് മാത്രമെ കഴിയൂ എന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. എന്നാല്‍ അദ്ദേഹം അത് തിരുത്തി. എന്നും റിബല്‍ ആയിരുന്ന എന്‍റെ മുറിവുണക്കിയത് അദ്ദേഹമാണ്. എനിക്കൊപ്പം സമയം ചെലവഴിക്കാന്‍ അദ്ദേഹം സ്വന്തം ജോലിയും കരിയറും എല്ലാം ത്യജിച്ചു. എനിക്ക് ഒരു മൂന്നാം കണ്ണ് തുറന്ന് തന്നു. എന്‍റെ പാഷന് പിന്തുണ നല്‍കി കൂടെ നിന്നു. എന്നെ പുകഴ്ത്തുന്നവരാണ് എനിക്ക് ചുറ്റും ഉണ്ടായിരുന്നത്. എന്നാല്‍ എന്‍റെ പോരായ്മകളും കുറവുകളും ചൂണ്ടിക്കാട്ടി അദ്ദേഹം എന്നെ ഞെട്ടിച്ചു. എനിക്ക് എന്നെ  കണ്ടെത്താന്‍  സഹായിച്ചത് അദ്ദേഹമാണ്'- അമല പോള്‍ പറഞ്ഞു. 

മൂന്ന് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2014 ജൂണ്‍ 21-നായിരുന്നു അമല പോളും എ എല്‍ വിജയ്‍യും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഇരുവരും വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചു. കഴിഞ്ഞ ജൂലൈ 11-ന് ചെന്നൈ സ്വദേശിയും ഡോക്ടറുമായ ഐശ്വര്യയെ വിജയ് വിവാഹം ചെയ്തിരുന്നു.