ലണ്ടന്‍: ഹോളിവുഡ് താരം ജോണി ഡെപ്പ് മുന്‍ ഭാര്യയും ഹോളിവുഡ് താരവുമായ അംബര്‍ ഹെര്‍ഡിനെ മര്‍ദ്ദിച്ചിരുന്നു എന്ന കേസില്‍ വഴിത്തിരിവായി ബ്രിട്ടീഷ് കോടതി റൂളിംഗ്. ജോണി ഡെപ്പ് അംബറിനെ മര്‍ദ്ദിച്ചുവെന്ന വാര്‍ത്ത പുറത്തുവിട്ട ടാബ്ലോയ്ഡ് സണ്ണിനെതിരെയും അവരുടെ ഉടമസ്ഥരായ ന്യൂസ് ഗ്രൂപ്പ് ന്യൂസ് പേപ്പേര്‍സിനെതിരെയും നല്‍കിയ കേസില്‍ ഹോളിവുഡ് താരത്തിന് പ്രതികൂലമാണ് റൂളിംഗ്.

ജോണി ഡെപ്പ് മുന്‍ ഭാര്യയെ മര്‍ദ്ദിച്ചിരുന്നു എന്ന് അവകാശപ്പെട്ട് സണ്‍ നല്‍‍കിയ വാര്‍ത്തകള്‍ വസ്തുതപരമായി ശരിയാണ് എന്നാണ് യുകെ കോടതി ജഡ്ജി ജസ്റ്റിസ്.നിക്കോള്‍ റൂളിംഗ് നല്‍കിയത്. ഇതിനൊപ്പം അംബര്‍ ഹെര്‍ഡുമായുള്ള ബന്ധം പിരിയാനായി പ്രധാനകാരണമായി പൈറൈറ്റ്സ് ഓഫ് കരീബിയന്‍ സിനിമയിലൂടെ ശ്രദ്ധേയനായ ജോണി ഡപ്പ് ഉന്നയിച്ച പ്രധാന വാദവും ജഡ്ജ് റൂളിംഗിലൂടെ തള്ളിയെന്നാണ് ദ സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അംബര്‍ ഹെര്‍ഡ് തന്നോട് പ്രതികാരം ചെയ്യാന്‍ ലോസ് അഞ്ചിലസിലെ തന്‍റെ വസതിയിലെ കിടക്കയില്‍  അംബര്‍ ഹെര്‍ഡ് മല വിസര്‍ജ്ജനം നടത്തിയെന്നും, ഇതാണ് വേര്‍പിരിയാനുള്ള പ്രധാന കാരണം എന്നുമാണ് ജോണി ഡെപ്പ് അറിയിച്ചത്. എന്നാല്‍ ഈ വാദവും കോടതി നിഷേധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ജോണി ഡെപ്പ് നേരത്തെ ഹാജറാക്കിയ ചിത്രങ്ങള്‍ പരിശോധിച്ച കോടതി ഇതിന് ഉത്തരവാദി ദമ്പതികള്‍ അന്ന് വളര്‍ത്തിയ പട്ടികളാകാം എന്നാണ് പറഞ്ഞത്. 

സണ്ണിലെ ലേഖനങ്ങള്‍ക്കെതിരെ ജോണി ഡപ്പ് നല്‍കിയ കേസിലെ വാദങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതില്‍ ഡെപ്പ് ഹാജറാക്കിയ തെളിവിന് പുറമേ ഡപ്പിനൊപ്പം മുപ്പത് കൊല്ലമായി പ്രവര്‍ത്തിക്കുന്ന വീട്ടു ജോലിക്കാരി ഹില്‍ഡ വര്‍ഗ്ഗസിന്‍റെ മൊഴിയും എടുത്തു. അവരും ഡപ്പിന്‍റെ ആരോപണം തള്ളി വിസര്‍ജ്ജം പട്ടികളുടെതാകാം എന്ന മൊഴിയാണ് നല്‍കിയത്.

ദിവസവും കിടക്ക വൃത്തിയാക്കുന്ന താനിക്ക്, ഇത് കണ്ടപ്പോള്‍ വളരെ വൃത്തികേടായി തോന്നി. അതിനാല്‍ മാനേജറെ കാണിക്കുവാന്‍ അത് ഫോട്ടോ എടുത്തു. എന്നാല്‍ അത് മനുഷ്യ വിസര്‍ജ്ജം അല്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. ഈ ഫോട്ടോ പിന്നീട് മാനേജര്‍ക്ക് കൈമാറി -ഹില്‍ഡ  പറയുന്നു. എന്നാല്‍ പിന്നീട് ഈ ചിത്രം തന്‍റെ വിവാഹ ജീവിതം തന്നെ തകര്‍ത്തുവെന്നാണ് അംബര്‍ ഹെര്‍ഡ് പറയുന്നു. വിവാഹ മോചനത്തിനുള്ള കാരണമായി ജോണി ഡെപ്പ് ഈ ചിത്രം ഉപയോഗിച്ചു.