Asianet News MalayalamAsianet News Malayalam

മലയാളി സാമ്പത്തിക ശാസ്ത്രജ്ഞ ഗീത ഗോപിനാഥിന്റെ സൗന്ദര്യത്തെ പ്രശംസിച്ച് അമിതാഭ് ബച്ചൻ

"എന്തൊരു സെക്സിസ്റ്റ് ആണ് ഇയാളെന്ന് നോക്കൂ. സൗന്ദര്യമുളള മുഖം അല്ലെങ്കിൽ എക്കോണമിസ്റ്റിന്റെ ബുദ്ധി - എന്താണ് ബച്ചൻ ഉദ്ദേശിക്കുന്നത്? " എന്ന് മറ്റൊരാൾ ചോദിച്ചു.

Amitabh bachan praises the beauty of Gita Gopinath economist
Author
Mumbai, First Published Jan 22, 2021, 7:12 PM IST

കോൻ ബനേഗാ ക്രോർപതി എന്ന തന്റെ പരിപാടിക്കിടെ സുപ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞയും മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവുമായ ഗീത ഗോപിനാഥിന്റെ സൗന്ദര്യത്തെ പുകഴ്ത്തി അമിതാഭ് ബച്ചന്റെ പരാമർശം. 

'ചിത്രത്തിൽ കാണുന്ന എക്കോണമിസ്റ്റ് ഏത് സ്ഥാപനത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു?' എന്നതായിരുന്നു ബച്ചന്റെ ചോദ്യം. തന്റെ ചോദ്യത്തിനുള്ള ഉത്തരം ആലോചിക്കാൻ മത്സരാർത്ഥിയായ യുവതിക്ക് അനുവദിക്കപ്പെട്ട സമയത്തിനിടെയായിരുന്നു, ഗീത ഗോപിനാഥിന്റെ സൗന്ദര്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശം. 

"എത്ര സുന്ദരമായ മുഖമാണ് ഇവരുടേത്. അതിനെ സാമ്പത്തിക ശാസ്ത്രവുമായി ബന്ധിപ്പിച്ച് സങ്കൽപ്പിക്കാൻ പോലുമാവില്ല" എന്നായിരുന്നു ബച്ചന്റെ നിരീക്ഷണം.

 

ഈ പരാമർശത്തിന്റെ വീഡിയോ ഗീത ഗോപിനാഥ് തന്നെ പിന്നീട് ട്വീറ്റ് ചെയ്യുകയും, തൻ്റെ എക്കാലത്തെയും പ്രിയപ്പെട്ട മഹാനടൻ തന്നെക്കുറിച്ചിങ്ങനെ നല്ലതു പറഞ്ഞുകേട്ടതിൽ സന്തോഷമുണ്ട് എന്നായിരുന്നു ഗീതയുടെ ട്വീറ്റ്. 

എന്നാൽ, ബച്ചന്റെ ആദ്യത്തെ കേൾവിയിൽ ഏറെ നിർദോഷമെന്നു തോന്നിപ്പിക്കുന്ന ആ പ്രശംസാ വാചകത്തിൽ ഒളിഞ്ഞിരിക്കുന്ന ലിംഗവിവേചനത്വര ചൂണ്ടിക്കാണിച്ചുകൊണ്ട്, ഗീതയുടെ ട്വീറ്റിന്റെ ചുവട്ടിൽ തന്നെ,മറ്റു പല ട്വിറ്റർ ഹാൻഡിലുകളിൽ നിന്നും കടുത്ത വിമർശനങ്ങളും ഉയർന്നുവന്നു. 

"നിങ്ങൾ കഷ്ടപ്പെട്ടുനേടിയ അക്കാദമിക് നേട്ടങ്ങളെപ്പറ്റി പറയുന്നിടത്തും അദ്ദേഹത്തിന് നിങ്ങളുടെ പുറംഭംഗിയെപ്പറ്റി പറയാതെ വയ്യ എന്നത് സങ്കടകരമാണ്. രഘുറാം രാജനെയോ കൗശിക് ബാസുവിനെയോ പറ്റി പറയുന്നിടത്ത് ഒരിക്കലും അദ്ദേഹത്തിന് അവരുടെ ഭംഗിയോ, ഭംഗിയില്ലായ്മയോ ഓർമ്മവരില്ല എന്നതാണ് പ്രശ്നം" എന്നാണ് ഒരാൾ ട്വീറ്റ് ചെയ്തത്. 

"എന്തൊരു സെക്സിസ്റ്റ് ആണ് ഇയാളെന്ന് നോക്കൂ. സൗന്ദര്യമുളള മുഖം അല്ലെങ്കിൽ എക്കോണമിസ്റ്റിന്റെ ബുദ്ധി - എന്താണ് ബച്ചൻ ഉദ്ദേശിക്കുന്നത്? " എന്ന് മറ്റൊരാൾ ചോദിച്ചു.

സൗന്ദര്യമുള്ള സ്ത്രീകൾക്ക് ബുദ്ധി സ്വതവേ കുറവായിരിക്കും എന്ന പൊതുബോധത്തെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു അമിതാഭ് ബച്ചന്റെ പരാമർശം എന്ന് മറ്റു പലരും കുറിച്ചപ്പോൾ, സീനിയർ ബച്ചന്റെ ഏറെ നിർദോഷകരമായ  ആ അനുമോദനത്തെ മറ്റൊരർത്ഥത്തിൽ എടുക്കേണ്ടതില്ല എന്ന് മറ്റുചിലരും മറുപടി നൽകി.

Follow Us:
Download App:
  • android
  • ios