ട്വിറ്ററില്‍ സജീവമായ ബോളിവുഡ് താരങ്ങളില്‍ പ്രമുഖനാണ് അമിതാഭ് ബച്ചന്‍. ഇതിനകം 3500ല്‍ ഏറെ ട്വീറ്ററുകള്‍ ചെയ്‍തിട്ടുള്ള ബച്ചന് 42 മില്യണ്‍ ഫോളോവേഴ്‍സുമുണ്ട് ട്വിറ്ററില്‍. പക്ഷേ അദ്ദേഹത്തിന് ചില ട്വീറ്റുകളില്‍ അബദ്ധം സംഭവിക്കാറുമുണ്ട്. സ്വന്തം അഭിപ്രായം പറയുന്നതിന്‍റെ പേരിലല്ല, മറിച്ച് അബദ്ധജഢിലമായ ചില വാട്‍സ് ആപ് ഫോര്‍വേഡുകള്‍ പങ്കുവച്ചാണ് അദ്ദേഹം ട്വിറ്ററില്‍ പലപ്പോഴും ട്രോള്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ഇപ്പോഴിതാ അത്തരത്തില്‍ പങ്കുവച്ച മറ്റൊരു വാട്‍സ്ആപ് ഫോര്‍വേഡിനാല്‍ പരിഹസിക്കപ്പെടുകയാണ് അദ്ദേഹം.

എല്ലാവര്‍ക്കും പിറന്നാള്‍ ആശംസകളെന്ന് പറഞ്ഞ് തുടങ്ങുന്ന ട്വീറ്റില്‍ ഒരു കണക്കാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. നിങ്ങളുടെ പ്രായവും ജനിച്ച വര്‍ഷവും കൂട്ടിയാല്‍ ഉത്തരമായി എല്ലാവര്‍ക്കും ഇപ്പോഴത്തെ വര്‍ഷം (2020) കിട്ടുമെന്നും ഇത് ആയിരം വര്‍ഷം കൂടുമ്പോള്‍ മാത്രം സംഭവിക്കുന്ന അത്ഭുതമാണെന്നുമാണ് അമിതാഭ് ബച്ചന്‍റെ ട്വീറ്റ്. ഒപ്പം തന്‍റെ വീഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

എന്നാല്‍ ഈ 'കണ്ടെത്തലി'നെ ചോദ്യം ചെയ്യുന്ന പ്രതികരണങ്ങളാണ് അദ്ദേഹത്തിന് കൂടുതലും ലഭിച്ചത്. ഈ പറഞ്ഞതിന് ആയിരം വര്‍ഷം കാത്തിരിക്കേണ്ടതില്ലെന്നും വയസ്സും ജനിച്ച വര്‍ഷവും ഏത് വര്‍ഷം കൂട്ടിനോക്കിയാലും ആ വര്‍ഷം തന്നെ ഉത്തരമായി ലഭിക്കുമെന്നാണ് അനേകം പേര്‍ പ്രതികരിച്ചിരിക്കുന്നത്. ദയവായി 2019ലേക്ക് മടങ്ങിപ്പോയി ഈ കണക്ക് കൂട്ടിനോക്കാനാണ് പല ഉപയോക്താക്കളും ബിഗ് ബിയെ ഉപദേശിക്കുന്നത്. അതേസമയം ഇത്രയും മുതിര്‍ന്ന, ബഹുമാനിക്കപ്പെടുന്ന ഒരാളെ ട്രോള്‍ ചെയ്യരുതെന്നും അദ്ദേഹം ഉദ്ദേശിച്ചത് സര്‍ക്കാസം ആയിരിക്കാമെന്നുമൊക്കെ മറ്റൊരു വിഭാഗം അദ്ദേഹത്തെ ന്യായീകരിക്കുന്നുമുണ്ട്. 

നേരത്തെ കൊവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഐദ്യദാര്‍ഢ്യം പ്രകടിപ്പിച്ച് ദീപം തെളിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനു പിന്നാലെ ഒരു വാട്‍സ്ആപ് ഫോര്‍വേഡ് ട്വിറ്ററിലൂടെ പങ്കുവച്ചതും ബച്ചനെ കുടുക്കിയിരുന്നു. അറ്റ്ലസിന്‍റെ മാതൃകയില്‍ ഇന്ത്യയുടെ ഭൂപടം മാത്രം തിളങ്ങിനില്‍ക്കുന്നതിന്‍റെ സാങ്കല്‍പിക ചിത്രമാണ് അന്ന് അദ്ദേഹം പങ്കുവച്ചത്.