താര സംഘടനയായ അമ്മയുടെ കൊച്ചിയിലെ ആസ്ഥാന മന്ദിരം ഒഎല്‍എക്സില്‍ വില്‍പ്പനയ്ക്ക് വെച്ച നിലയില്‍

കൊച്ചി: താര സംഘടനയായ അമ്മയുടെ കൊച്ചിയിലെ ആസ്ഥാന മന്ദിരം വില്‍പ്പനയ്ക്ക്. ഏതോ വിരുതന്മാരാണ് ഓഫീസ് ഓണ്‍ലൈന്‍ വില്‍പ്പന സൈറ്റായ ഒഎല്‍എക്സില്‍ വില്‍പ്പനയ്ക്ക് ഇട്ടത്. 20,​000 രൂപയാണ് ഓഫീസിന്‍റെ വില. മോഹന്‍ലാല്‍ ആന്‍റ് കോ എന്നാണ് വില്‍പ്പനയ്ക്ക് ഇട്ട വ്യക്തിയുടെ പേര് കാണിച്ചിരിക്കുന്നത്. 

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിനാല്‍ പെട്ടെന്ന് വില്‍പ്പന നടത്തുകയാണെന്ന് ഡിസ്ക്രിപ്ഷനില്‍ പറയുന്നു. വാതില്‍ മുട്ടിയോ, മെസഞ്ചറില്‍ സന്ദേശം അയച്ചോ വാങ്ങാന്‍ താല്‍പ്പര്യം അറിയിക്കാം. മുട്ടലുകൾ കാരണം കതകുകൾക്ക് ബലക്കുറവുണ്ട്. കൂടെയുള്ളവരുടെ കൈയിലിരിപ്പുകാരണം വിൽക്കുന്നു എന്നും ഡിസ്ക്രിപ്ഷനിലുണ്ട്. 3,4 ദിവസത്തിനുള്ളില്‍ വില്‍പ്പന നടത്തണം എന്നും പറയുന്നു പരസ്യത്തില്‍. 

നേരത്തെ അമ്മയുടെ ആസ്ഥാന മന്ദിരത്തില്‍ റീത്ത് വച്ചത് വലിയ വാര്‍ത്തയായിരുന്നു. കൊച്ചിയിലെ അമ്മ ഓഫീസിന് മുന്നിൽ റീത്ത് വച്ചാണ് ലോ കോളേജിലെ ഒരു കൂട്ടം വിദ്യാർഥികള്‍ പ്രതിഷേധിച്ചത്. അച്ഛൻ ഇല്ലാത്ത 'അമ്മ'യ്ക്ക് എന്ന വാചകത്തോടെയാണ് റീത്ത് വച്ചത്. 

താരസംഘടന അമ്മയുടെ ഭരണസമിതി രണ്ട് ദിവസം മുന്‍പ് പിരിച്ചുവിട്ടിരുന്നു. അമ്മ പ്രസിഡന്‍റായിരുന്ന മോഹന്‍ലാല്‍ അടക്കം എല്ലാ അംഗങ്ങളും രാജിവയ്ക്കുകയായിരുന്നു. അതേ സമയം മോഹൻലാൽ അധ്യക്ഷ സ്ഥാനം രാജിവെച്ചതുൾപ്പെടെ 17 അം​ഗ എക്സിക്യൂട്ടീവ് പിരിച്ചുവിടുകയായിരുന്നു. സംഘടനയുടെ കൂട്ടരാജിയിലും അമ്മയിൽ ഭിന്നത ഉടലെടുക്കുകയായിരുന്നു. എക്സിക്യൂട്ടിവ് കമ്മറ്റി പിരിച്ചു വിട്ട തീരുമാനം ഒരുമിച്ചല്ലെന്നും രാജിവച്ചിട്ടില്ലെന്നും എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗമായിരുന്ന സരയു പറഞ്ഞു. 

എന്നാൽ എക്‌സിക്യൂട്ടീവ് കമ്മറ്റി പിരിച്ചു വിടാനുള്ള അധികാരം പ്രസിഡന്റിനുണ്ടെന്നാണ് നിയമ വിദ​ഗ്ധർ പറയുന്നത്. രാജിവെക്കുന്നത് ഒളിച്ചോട്ടത്തിന് തുല്യമാണെന്ന് സരയു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതിന് എല്ലാവർക്കും ചീത്തപ്പേരുണ്ടാവും. മറുപടിയില്ലാതെ ഒളിച്ചോടരുത്. അമ്മയിലെ വനിതാ അം​ഗങ്ങൾക്ക് നേരെ ഉയർന്ന അധിക്ഷേപവും ആരോപണത്തിനും മറുപടി പറയാതെ പോവുന്നത് വനിതാ അം​ഗമെന്ന നിലയിൽ വ്യക്തിപരമായി ചീത്തപ്പേരുണ്ടാക്കുന്നതാണെന്ന് സരയു പറഞ്ഞു. 

പിരിച്ചുവിട്ട തീരുമാനം അം​ഗീകരിക്കാൻ സാധിക്കില്ലെന്നും സരയു കൂട്ടിച്ചേർത്തു. അതിനിടെ, അമ്മ എക്‌സിക്യൂട്ടിവ് കമ്മിറ്റി പിരിച്ചു വിട്ടതിൽ പ്രതികരണവുമായി നടി അനന്യയും രം​ഗത്തെത്തി. വ്യക്തിപരമായി തനിക്ക് എതിർപ്പ് ഉണ്ടായിരുന്നു. മറ്റ് മൂന്ന് പേരുടെ കാര്യം താൻ പറയുന്നില്ല. ഭൂരിപക്ഷത്തിന്റെ തീരുമാനം കമ്മറ്റി പിരിച്ചു വിടണം എന്നായിരുന്നു. അതിനൊപ്പം നിൽക്കുന്നു എന്നും അനന്യ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പ്രതികരിച്ചു.

ബലാത്സംഗക്കേസിൽ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി മുകേഷ്; ഡിജിറ്റൽ തെളിവുകളടക്കം കൈമാറി

'ഞങ്ങൾക്ക് ജയേട്ടൻ ആണ് വലുത്': ജയസൂര്യയ്ക്കെതിരെ പരാതി നല്‍കിയ നടിക്കെതിരെ ഭീഷണി