ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ സ്റ്റാര്‍ സിംഗറിലൂടെ മലയാളിയുടെ പ്രിയപ്പെട്ട പാട്ടുകാരിയായി മാറിയ താരമാണ് അമൃത സുരേഷ്. അമൃതം ഗമയ എന്ന യൂട്യൂബ് ചാനലില്‍ വ്ലോഗ് ചെയ്യലും മറ്റുമായി താരം സോഷ്യല്‍ മീഡിയായില്‍ സജീവമാണ്. പാചകം, ട്രിപ്പ്, റെസ്റ്റോറന്റ് വിസിറ്റ് തുടങ്ങിയവ ഉള്‍പ്പെടുത്തുന്ന യൂട്യൂബ് ചാനലില്‍ ലക്ഷക്കണക്കിനാളുകളാണ് താരത്തിന്റെ വീഡിയോകള്‍ കാണുന്നത്. താരവും സഹോദരി അഭിരാമിയും ചേര്‍ന്നാണ് എല്ലാ വ്ലോഗുകളും ചെയ്യാറുള്ളത്.

താരത്തിന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളുംതന്നെ താരം സോഷ്യല്‍മീഡിയായില്‍ പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ സിനിമാതാരം ബാലയുമായുള്ള വിവാഹബന്ധം വേര്‍പ്പിരിഞ്ഞ കാലത്തും മറ്റുമുണ്ടായ തന്റെ മാനസിക പ്രശ്‌നങ്ങളും, സമൂഹത്തില്‍നിന്നും സോഷ്യല്‍മീഡിയായില്‍ നിന്നും ഏറ്റുവാങ്ങിയ അവഹേളനങ്ങളും താരം തുറന്നുപറയുകയാണ്. വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ ഭൂതകാലത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും പറഞ്ഞത്

ജീവിതത്തിലെ പ്രതിസന്ധിഘട്ടത്തില്‍ കൂടെ നിന്നവരെ മറക്കാന്‍ കഴിയുന്നതല്ലെന്നും, എപ്പോഴും കൂടെ നിന്നിട്ടുള്ളത് കുടുംബം തന്നെയാണെന്നും താരം പറയുന്നു. എന്നും തന്നോട് ചേര്‍ന്നുനിന്ന അനുജത്തി അഭിരാമിയാണ് തന്നെ എല്ലാ വിഷമഘട്ടത്തിലും കരുത്തുതന്നെതെന്നും താരം പറയുന്നു. മകള്‍ പാപ്പുവിനെക്കുറിച്ചും താരം വാചാലയാകുന്നുണ്ട്. പാപ്പുവിനെക്കുറിച്ചുള്ള സ്വപ്‌നങ്ങളും മറ്റും അമൃത ഒരമ്മയായിത്തന്നെ സംസാരിക്കുകയാണ്.

തന്റെ അഭിനയമോഹത്തെക്കുറിച്ചും അമൃത മനസു തുറന്നു. സിനമയില്‍ നല്ല വേഷങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും, അത്തരത്തിലെ വേഷങ്ങള്‍ കിട്ടിയാല്‍ ഒരു കൈ നോക്കാമെന്നും താരം സന്തോഷത്തോടെ പറയുന്നു. തന്റെ അഭിനയരംഗത്തേക്കുള്ള ആദ്യപടിയായി യൂട്യൂബ് ചാനലില്‍ വെബ് സീരിസ് ഉടന്‍ തുടങ്ങുമെന്നും അമൃതാ പറയുന്നുണ്ട്. തന്റെ പാട്ടുമോഹങ്ങളെപ്പറ്റിയും അമൃത വാചാലയാവുകയാണ്. തന്റെ പ്രിയപ്പെട്ട പാട്ടുകാരി ലതാ മങ്കേഷ്‌ക്കറാണെന്നും, ലതാജിയുടെ പാട്ടുകളാണ് തന്നെ ഏറെ സ്വാധീനിച്ചതെന്നും, അതുകൊണ്ടുതന്നെ ലതാജിയുടെ പാട്ടുകള്‍ പാടാനാണ് ഏറെ താല്‍പര്യമെന്നും അമൃത പറയുന്നു.

അമൃതാ സുരേഷ് നടന്‍ ബാലയുമായി വിവാഹബന്ധം വേര്‍പ്പെടുത്തിയത് ദാമ്പത്യത്തിലെ ചില അസ്വാരസ്യങ്ങള്‍കൊണ്ടാണ്. അതിന്റെ പേരില്‍ ഇന്നും താരത്തെ ആളുകള്‍ കുത്തിനോവിക്കറുണ്ട്. ഫേസ്ബുക്കിലെ പോസ്റ്റുകള്‍ക്കു താഴെ വരുന്ന ചില കമന്റുകള്‍കണ്ട് ചിലപ്പോഴെങ്കിലും പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നും താരം അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. കുറച്ചുദിവസങ്ങള്‍ക്കു മുമ്പ് താരം അച്ഛന്റെയും അമ്മയുടേയും 32-ാം വിവാഹവാര്‍ഷിക ആശംസ പങ്കുവച്ച പോസ്റ്റിനുതാഴെ വന്ന കമന്റുകള്‍ വാര്‍ത്തയായിരുന്നു.