ലോക്ക് ഡൗണ്‍ കാലത്ത് തന്‍റെ സുഖവിവരം തിരക്കിയവര്‍ക്ക് ഇന്‍സ്റ്റഗ്രാമിലൂടെ മറുപടി നല്‍കി നടി അനശ്വര രാജന്‍. താന്‍ സുഖമായിരിക്കുന്നുവെന്നും ഒപ്പം ലോക്ക് ഡൗണ്‍ കാലം എങ്ങിനെയൊക്കെ വിനിയോഗിക്കാം എന്നതിനെക്കുറിച്ചും അനശ്വര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

'ഒരുപാട് മെസേജുകളും കോളുകളുമൊക്കെ കിട്ടി. ഞാനിവിടെ സുഖമായിരിക്കുന്നു. എല്ലാവരും സുരക്ഷിതരാണെന്ന് കരുതുന്നു. കുറച്ച് വര്‍ഷങ്ങളായി എല്ലാവരും അവരവരുടേതായ തിരക്കുകളിലായിരുന്നു. പക്ഷേ ഇത് വീട്ടില്‍ നില്‍ക്കാനുള്ള സമയമാണ്. ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനുള്ള സമയം, ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കാനുള്ള സമയം. കുടുംബത്തോട് സംസാരിക്കാനുള്ള സമയം കൂടിയാണ് ഇത്. ഒപ്പം ലോകത്തിനും രോഗം ബാധിച്ചവര്‍ക്കും അവരെ ശുശ്രൂഷിക്കുന്നവര്‍ക്കും വേണ്ടി പ്രാര്‍‌ഥിക്കാനുള്ള സമയവും. ഒരുമിച്ച് നേരിട്ട് നമുക്കിതിനെ മറികടക്കാം', അനശ്വര കുറിച്ചു.

ഗിരീഷ് എ ഡി സംവിധാനം ചെയ്‍ത തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ കരിയര്‍ ബ്രേക്ക് ലഭിച്ച നടിയാണ് അനശ്വര രാജന്‍. കാവ്യ പ്രകാശിന്‍റെ സംവിധാനത്തിലെത്തുന്ന വാങ്ക് ആണ് അനശ്വരയുടെ പുതിയ ചിത്രം. നായികാ കഥാപാത്രത്തെയാണ് ഇതില്‍ അവതരിപ്പിക്കുന്നത്. കൊറോണയുടെ സാഹചര്യത്തില്‍ ചിത്രത്തിന്‍റെ റിലീസ് നീട്ടിവച്ചിരിക്കുകയാണ്.