കോമഡി നമ്പറുകളിലൂടെയും കുറിക്കുകൊള്ളുന്ന മറുപടികളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരനായിമാറിയ താരമാണ് രമേഷ് പിഷാരടി. സിനിമാ വിശേഷങ്ങളും മറ്റ് രസകരമായ അനുഭവങ്ങളും പിഷാരടി സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഈ ചിത്രങ്ങളും, കുറിപ്പുമെല്ലാം ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. താരത്തിന്‍റെ ഫോട്ടോകളെക്കാള്‍ ആരാധകര്‍ ഇഷ്ടപ്പെടുന്നത് നല്‍കുന്ന കമന്‍റുകളാണ്. ഫോട്ടോയുമായി ഇത്രയധികം യോജിക്കുന്ന തമാശ കുറിപ്പ് എങ്ങനെയാണ് എഴുതുന്നതെന്നാണ് ആരാധകരുടെ സ്ഥിരം ചോദ്യം.

പിഷാരടി കഴിഞ്ഞദിവസം പങ്കുവച്ച പുതിയ ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സൈക്കിളിലെ പുലര്‍ക്കാല കസര്‍ത്തുകഴിഞ്ഞപ്പോള്‍ എടുത്ത 'സൈക്കിള്‍ സെല്‍ഫി'യാണ് പിഷാരടി പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ സാധാരണ എല്ലാവരും എക്‌സര്‍സൈസ് കഴിഞ്ഞ്, കാണുന്നവരെ മോട്ടിവേറ്റ് ചെയ്യാനായി ഇടുന്ന തരത്തിലുള്ള ക്യാപ്ഷനോടെ ഒന്നുമല്ല താരം ചിത്രം പങ്കുവച്ചത്. 'റിവേഴ്സ് ഓപ്ഷന്‍ ഇല്ല... സ്പീഡ് കുറവായിരിക്കും... ആര് പുറത്തു കയറിയാലും ചവുട്ടിയാലും അവരേം കൊണ്ട് മുന്നോട്ടു പോവും... സൈക്കിള്‍ കാണിക്കുന്ന ഹീറോയിസം ഒന്നും...' എന്നാണ് ചിത്രത്തിന് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്.

ഒരുപാട് ആളുകളാണ് പിഷാരടിയുടെ ചിത്രത്തിന് കമന്റുമായെത്തിയിരിക്കുന്നത്. ക്യാപ്ഷന്‍ നോക്കാന്‍ മാത്രമായി എന്നും പ്രൊഫൈല്‍ നോക്കാറുണ്ടെന്നുമെല്ലാമാണ് ആരാധകര്‍ കമന്റിടുന്നത്. പരസ്പരം പരമ്പരയിലെ സൂരജായി ആരാധകരുടെ മനസ്സില്‍ ഇടംപിടിച്ച വിവേക് ഗോപന്‍ പറയുന്നത്, വെറുതെ സൈക്കിളും വച്ചിരുന്നാല്‍പോരാ, എടുത്തു ചവിട്ടണം എന്നാണ്. ഗായിക സിത്താര കമന്റ് ചെയ്തിരിക്കുന്നത് വിയര്‍ത്തിരിക്കുന്ന സ്‌മൈലിയാണ്.