അന്ന ബെന്‍ നായികയായ പുതിയ ചിത്രം 'കപ്പേള' പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സില്‍ സ്ട്രീം ചെയ്യുന്നുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ തീയേറ്ററുകള്‍ അടയ്ക്കുന്നതിന് തൊട്ടുമുന്‍പെത്തിയ ചിത്രം അക്കാരണത്താല്‍ തന്നെ പ്രേക്ഷകരിലേക്ക് വേണ്ടത്ര എത്തിയിരുന്നില്ല. എന്നാല്‍ നെറ്റ്ഫ്ളിക്സ് റിലീസോടെ ആ സ്ഥിതി മാറി എന്നുമാത്രമല്ല പ്രേക്ഷകരുടെ സമീപകാലത്തെ പ്രിയ ചിത്രങ്ങളില്‍ ഒന്നുമായി. ഒടിടി റിലീസോടെ മലയാളികളല്ലാത്ത പ്രേക്ഷകരിലേക്കും ചിത്രം എത്തി. ചിത്രത്തിന്‍റെ പ്രചരണാര്‍ഥം നെറ്റ്ഫ്ളിക്സ് ഇന്ത്യയുടെ ഒരു ഷോയിലും അന്ന ബെന്‍ കഴിഞ്ഞ ദിവസം എത്തി.

സെലിബ്രിറ്റി അഭിമുഖത്തെ പാചക പരീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന 'മെനു പ്ലീസ്' എന്ന പരിപാടിയിലാണ് അവതാരകന്‍ നിഖില്‍ കിണിക്കൊപ്പം അന്ന ബെന്‍ എത്തിയത്. കപ്പേളയെക്കുറിച്ച് ചോദിക്കുന്നതിനൊപ്പം അന്നയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് അവതാരകന്‍ ഉണ്ടാക്കാന്‍ ശ്രമിച്ചത് കേരള പൊറോട്ട ആയിരുന്നു. നിര്‍ദേശങ്ങള്‍ക്കൊപ്പം അന്ന ബെന്നും പൊറോട്ട ഉണ്ടാക്കുന്നുണ്ട്. സോഷ്യല്‍ ഡിസ്റ്റന്‍സിംഗിന്‍റെ സമയത്ത് വീഡിയോ കോളിംഗിലൂടെയാണ് ഇരുവരുടെയും പാചകം. പൊറോട്ട ഉണ്ടാക്കാന്‍ താനും ആദ്യമായാണ് ശ്രമിക്കുന്നതെന്ന് അന്ന പറയുന്നു. ഒപ്പം കപ്പേളയെക്കുറിച്ചും അഭിനയിച്ച മറ്റു രണ്ട് സിനിമകളെക്കുറിച്ചും അഭിനയത്തെക്കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാടുകളെക്കുറിച്ചും അന്ന ബെന്‍ പറയുന്നു.