അനുപം ഖേറിൻ്റെ ഓഫീസിൽ മോഷണം നടത്തിയ അതേ ദിവസം തന്നെ വിലെ പാർലെ മേഖലയിലും ഇവർ മോഷണം നടത്തിയിരുന്നു എന്നാണ് പൊലീസ് പറയുന്നത്. 

മുംബൈ: ബുധനാഴ്ച രാത്രിയാണ് നടന്‍ അനുപം ഖേറിന്‍റെ മുംബൈ ഓഫീസില്‍ മോഷണം നടന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഇത് സംബന്ധിച്ച് അനുപം ഖേര്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ രണ്ടുപേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തുവെന്നാണ് പുതിയ വിവരം.

മജീദ് ഷെയ്ഖ്, മുഹമ്മദ് ദലേർ ബഹ്‌രീം ഖാൻ എന്നീ രണ്ട് പേരെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. മുംബൈയിലെ ജോഗേശ്വരി മേഖലയിൽ നിന്നാണ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തത് എന്നാണ് വിവരം. പിടിയിലായ രണ്ടു പ്രതികളും സ്ഥിരം മോഷ്ടാക്കളാണ് എന്നാണ് പൊലീസ് പറയുന്നത്. 

ഇരുവരും ഓട്ടോയിൽ മുംബൈയുടെ വിവിധ ഭാഗങ്ങളിൽ കറങ്ങി മോഷണം നടത്തുന്നവരാണ്. അനുപം ഖേറിൻ്റെ ഓഫീസിൽ മോഷണം നടത്തിയ അതേ ദിവസം തന്നെ വിലെ പാർലെ മേഖലയിലും ഇവർ മോഷണം നടത്തിയിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

അനുപം തൻ്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ പങ്കുവച്ച വീഡിയോയില്‍ മുംബൈയിലെ തൻ്റെ ഓഫീസിൽ നിന്ന് പണവും ചില ഫിലിം നെഗറ്റീവുകളും മോഷ്ടിക്കപ്പെട്ടതായി അറിയിക്കുകയായിരുന്നു. ഇതോടൊപ്പം കേസിൻ്റെ മുഴുവൻ വിവരങ്ങളും അനുപം പങ്കുവെച്ചിരുന്നു. 

"ഇന്നലെ രാത്രി എൻ്റെ വീര ദേശായി റോഡിലെ ഓഫീസിൽ രണ്ട് കള്ളന്മാർ എൻ്റെ ഓഫീസിൻ്റെ രണ്ട് വാതിലുകൾ തകർത്ത് അക്കൗണ്ട്സ് ഡിപ്പാർട്ട്‌മെൻ്റിലെ മുഴുവന്‍ പൈസയും കൈക്കലാക്കി. ഞങ്ങളുടെ കമ്പനി നിർമ്മിച്ച ഒരു സിനിമയുടെ നെഗറ്റീവും അവര്‍ മോഷ്ടിച്ചു. സംഭവത്തില്‍ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്.രണ്ടുപേര്‍ ഓട്ടോയില്‍ ഒരു ബാഗുമായി കടന്നുകളയുന്നത് സിസിടിവിയില്‍ കിട്ടിയിട്ടുണ്ട്" അനുപം ഖേര്‍ വീഡിയോയില്‍ പറഞ്ഞു. പൊലീസ് വരും മുന്‍പ് ഓഫീസ് സ്റ്റാഫ് എടുത്ത വീഡിയോയാണ് ഇതെന്നും അടിക്കുറിപ്പില്‍ അനുപം ഖേര്‍ കുറിച്ചിട്ടുണ്ട്. 

പൊലീസ് എഫ്ഐആര്‍ പ്രകാരം നാല് ലക്ഷം രൂപയും, 2005 ല്‍ അനുപം ഖേര്‍ നിര്‍മ്മിച്ച നാഷണല്‍ സ്പെഷ്യല്‍ ജൂറി പുരസ്കാരം ലഭിച്ച 'ഗാന്ധി കോ നഹി മാരാ' എന്ന ചിത്രത്തിന്‍റെ നെഗറ്റീവുമാണ് നഷ്ടപ്പെട്ടത്. 

ഇപ്പോള്‍ ഒരു സിനിമയ്ക്ക് 250 കോടി പ്രതിഫലം വാങ്ങുന്ന വിജയ് ആദ്യം വാങ്ങിയ ശമ്പളം കേട്ട് ഞെട്ടരുത്!

50 വയസില്‍ നിര്‍ണ്ണായക രാഷ്ട്രീയ ചുവടുവയ്പ്പ്; മുന്നില്‍ പൂക്കളോ മുള്ളുകളോ ദളപതിയെ കാത്തിരിക്കുന്നത് !