മുംബൈ: ബോളിവുഡ് താരസുന്ദരിമാരുടെ സിനിമകളെക്കുറിച്ചും അവരുടെ വ്യക്തിജീവിതത്തെക്കുറിച്ചും അറിയാനായി ആരാധകരും പാപ്പരാസികളും എന്നും ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. താരങ്ങള്‍ തമ്മിലുള്ള വിവാഹങ്ങള്‍ പതിവായ ബോളിവുഡില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട താരവിവാഹങ്ങളിലൊന്നാണ് വിരാട് കോലി - അനുഷ്ക ശര്‍മ വിവാഹം. മുപ്പത് വയസ്സിന് ശേഷം വിവാഹ ജീവിതത്തിലേക്ക്  പ്രവേശിക്കുന്ന ഹിന്ദി സിനിമാനടികളുടെ പതിവ് രീതിയില്‍ നിന്നും വ്യത്യസ്തമായി തന്‍റെ 29-ാം വയസ്സിലാണ് അനുഷ്ക വിവാഹിതയായത്.  ക്രിക്കറ്റ്, സിനിമാ ആരാധകര്‍ ഒരുപോലെ ആഘോഷമാക്കിയ വിരാട്-അനുഷ്ക വിവാഹം ഇത്ര നേരത്തെയായതിന് കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ അനുഷ്ക ശര്‍മ.

ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് അനുഷ്ക തന്‍റെ 'യേര്‍ലി മാര്യേജി'ന് കാരണം തുറന്നുപറഞ്ഞത്. പ്രേക്ഷകര്‍ അഭിനേതാക്കളുടെ സിനിമാ ജീവിതം മാത്രമാണ് വിലയിരുത്തുന്നത്. അവരുടെ വ്യക്തി ജീവിതത്തെ കുറിച്ച് ആരാധകര്‍ ബോധവാന്‍മാരാകുന്നില്ലെന്നും അഭിനേതാക്കള്‍ വിവാഹം കഴിച്ചാലും ഇല്ലെങ്കിലും പ്രേക്ഷകര്‍ അതേക്കുറിച്ച് ആലോചിക്കുന്നില്ലെന്നും താരം പറഞ്ഞു.

'വിവാഹം സ്വാഭാവിക പ്രക്രിയയാണ്. സ്ത്രീസമത്വത്തിനാണ് ഞാന്‍ പ്രധാന്യം നല്‍കുന്നത്. ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളെ പേടിയോടെ നോക്കിക്കാണാന്‍ എനിക്ക് കഴിയില്ല. വിവാഹം കഴിക്കുന്നതിന് മുമ്പ് പുരുഷന്‍മാര്‍ രണ്ടുതവണ ആലോചിക്കുന്നില്ലെങ്കില്‍ എന്തിന് സ്ത്രീകള്‍ അതേപ്പറ്റി ആലോചിക്കണം? കൂടുതല്‍ നടിമാരും വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്നതില്‍ ഞാന്‍ സന്തോഷവതിയാണ്. സന്തോഷപൂര്‍വ്വമായ ജീവിതം നയിക്കുന്ന ദമ്പതിമാരെ കാണുന്നത് തന്നെ ആഹ്ലാദകരമാണ്. 

എന്‍റെ 29-ാമത്തെ വയസ്സിലാണ് ഞാന്‍ വിവാഹം കഴിച്ചത്. ഒരു നടിയെ സംബന്ധിച്ചിടത്തോളം അത് താരതമ്യേന കുറഞ്ഞ പ്രായമാണ്. ഞാന്‍ പ്രണയത്തിലായിരുന്നു ഇപ്പോഴും അങ്ങനെ തന്നെയാണ്. അതുകൊണ്ടാണ് ഞാന്‍ നേരത്തെ വിവാഹിതയായത്'- അനുഷ്ക കൂട്ടിച്ചേര്‍ത്തു.