ജനുവരി 11നാണ് അനുഷ്ക പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്

മകളുടെ പേരും ചിത്രവും പങ്കുവച്ച് ബോളിവുഡ് താരം അനുഷ്ക ശര്‍മ്മ. ഭര്‍ത്താവും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനുമായ വിരാട് കോലിക്കൊപ്പം മകളെ എടുത്തുകൊണ്ട് നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് അനുഷ്ക സോഷ്യല്‍ മീഡിയയിലൂടെ മകളുടെ പേരും പങ്കുവച്ചത്. 'വമിക' എന്നാണ് കുട്ടിയുടെ പേര്.

"സ്നേഹവും കടപ്പാടും ഒരു ജീവിതരീതിയാക്കിയാണ് ഞങ്ങള്‍ ഇതുവരെ മുന്നോട്ടുപോയിട്ടുള്ളത്. പക്ഷേ വമിക അതിനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ്. കണ്ണുനീര്‍, ചിരി, സങ്കടം, അനുഗ്രഹം.. ചെറിയ സമയദൈര്‍ഘ്യത്തില്‍ തന്നെ ഒരുപാട് വികാരങ്ങള്‍ ചിലപ്പോള്‍ മനസിലൂടെ കടന്നുപോകും. ഉറക്കം മാത്രം ബുദ്ധിമുട്ടാണ്. പക്ഷേ ഞങ്ങളുടെ ഹൃദയങ്ങള്‍ നിറഞ്ഞിരിക്കുന്നു. നിങ്ങളുടെ ആശംസകള്‍ക്കും പ്രാര്‍ഥനകള്‍ക്കും നല്‍കുന്ന ഊര്‍ജ്ജത്തിനും നന്ദി", അനുഷ്ക സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ജനുവരി 11നാണ് അനുഷ്ക പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വിരാട് കോലിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അന്ന് വിവരം ആരാധകരുമായി പങ്കുവച്ചത്. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും മകളുടെ ചിത്രം പകര്‍ത്തരുതെന്നും കോലിയും അനുഷ്കയും ഒരു പ്രസ്താവനയിലൂടെ നേരത്തെ ആവശ്യപ്പെട്ടിരുന്നു.