പിറന്നാള്‍ ദിനം മോഹന്‍ലാലിനൊപ്പം ആഘോഷിച്ച് ബോളിവുഡ് താരം അര്‍ബാസ് ഖാന്‍. സിദ്ദിഖ് സംവിധാനം ചെയ്യുന്ന 'ബിഗ് ബ്രദറി'ല്‍ ഇരുവരും ഒപ്പം അഭിനയിക്കുന്നുണ്ട്. ഞായറാഴ്ചയായിരുന്നു അര്‍ബാസിന്റെ 52-ാം പിറന്നാള്‍. ഒരു ഗിറ്റാറിസ്റ്റിന്റെ അകമ്പടിയോടെ മോഹന്‍ലാലിനോടൊപ്പം പഴയ ഹിന്ദി പാട്ടുകള്‍ പാടിയാണ് അര്‍ബാസ് പിറന്നാള്‍ ആഘോഷിച്ചത്. ഇതിന്റെ വീഡിയോ അദ്ദേഹം തന്നെ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഷെയര്‍ ചെയ്യുകയും ചെയ്തു. 19,000ല്‍ ഏറെ ലൈക്കുകളാണ് ഈ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.

അര്‍ബാസ് ഖാന്റെ ആദ്യ മലയാള ചിത്രമാണ് 'ബിഗ് ബ്രദര്‍'. മോഹന്‍ലാല്‍ നായകനാവുന്ന സിദ്ദിഖ് ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറാന്‍ കഴിയുന്നതിന്റെ ആഹ്ലാദം മുന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളിലൂടെ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 

#karaokenight #birthdaycelebration #singingmood #mohanlalsir #legend #bigbrothermovie #funtime #oldmelodies

A post shared by Arbaaz Khan (@arbaazkhanofficial) on Aug 4, 2019 at 9:06pm PDT

മോഹന്‍ലാലിനും അര്‍ബാസിനുമൊപ്പം റജീന, സത്‌ന ടൈറ്റസ്, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, സര്‍ജാനോ ഖാലിദ് എന്നിവരും അഭിനയിക്കുന്ന ചിത്രമാണ് 'ബിഗ് ബ്രദര്‍'. 25 കോടിയാണ് സിനിമയുടെ ബജറ്റ്. ബംഗളൂരുവാണ് പ്രധാന ലൊക്കേഷന്‍. മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രമാവും 'ബിഗ് ബ്രദര്‍'. സിദ്ദിഖ് ലാല്‍ ചിത്രം 'വിയറ്റ്‌നാം കോളനി'യാണ് (1992) ഇവരുടെ ആദ്യ ചിത്രം. സിദ്ദിഖ് സ്വതന്ത്ര സംവിധായകനായതിന് ശേഷം 'ലേഡീസ് ആന്‍ഡ് ജെന്റില്‍മാനും' (2013) പുറത്തിറങ്ങി.