റാണി രാജ എന്ന സീരിയലിലാണ് അര്‍ച്ചന ഇപ്പോള്‍ അഭിനയിക്കുന്നത്

നീലത്താമര എന്ന ലാല്‍ജോസ് സിനിമയിലൂടെ മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയ നടിയാണ് അര്‍ച്ചന കവി. ജീത്തു ജോസഫിന്‍റെ സംവിധാനത്തില്‍ എത്തിയ മമ്മി ആന്റ് മി പോലെ ചില ജനപ്രിയ സിനിമകളിലും പിന്നീട് അഭിനയിച്ചുവെങ്കിലും കരിയറില്‍ ഒരു വിജയത്തുടര്‍ച്ച ലഭിച്ചില്ല അര്‍ച്ചനയ്ക്ക്. വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്ന താരം ഇപ്പോള്‍ ടെലിവിഷന്‍ പരമ്പരകളിലൂടെ തിരിച്ചെത്തിയിരിക്കുകയാണ്. റാണി രാജ എന്ന സീരിയലിലാണ് നിലവില്‍ അര്‍ച്ചന കവി അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

സ്വന്തം സീരിയലിലെ ഒരു സംഭാഷണത്തെ ട്രോള്‍ ചെയ്തുകൊണ്ടുള്ള വീഡിയോയുമായി എത്തിയിരിക്കുകയാണ് നടി. വീഡിയോ ചെയ്യുമ്പോള്‍ അര്‍ച്ചനയ്ക്ക് തന്നെ ചിരി നിര്‍ത്താന്‍ കഴിയുന്നില്ല. ഒരു ഒറ്റ ഡയലോഗില്‍ എത്ര തവണ ചോദ്യം എന്ന വാക്ക് ആവര്‍ത്തിക്കുന്നു എന്നതിനെ കുറിച്ചാണ് അര്‍ച്ചനയുടെ വീഡിയോ. ഇതൊരു പിഎസ് സി ചോദ്യമായി കണക്കാക്കണം എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്.

ALSO READ : 'പത്തൊമ്പതാം നൂറ്റാണ്ട് ഐഎഫ്എഫ്കെയില്‍ നിന്ന് ഒഴിവാക്കിയത് രഞ്ജിത്തിന്‍റെ കുബുദ്ധി'; വിമര്‍ശനവുമായി വിനയന്‍

തമാശ ചോദ്യമാണെന്നും അങ്ങനെയുള്ള ഉത്തരങ്ങളാണ് വേണ്ടതെന്നും അർച്ചന എടുത്ത് പറയുന്നുണ്ട്. വീഡിയോ കണ്ട് പ്രേക്ഷകർക്കും ചിരിയടക്കാൻ കഴിയുന്നില്ലെന്നതാണ് സത്യം. കുറച്ചാളുകൾ പൊട്ടിച്ചിരിക്കുന്ന ഇമോജിയാണ് കമന്റ് ആയി ഇട്ടിരിക്കുന്നത്. എന്നാൽ മറ്റു ചിലർ ഉത്തരം കണ്ടെത്തി പറയുന്നുമുണ്ട്.

View post on Instagram

അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന സമയത്ത് സീരിയലുകളില്‍ നിന്നും ഒരുപാട് അവസരങ്ങള്‍ വന്നിരുന്നുവെന്ന് അര്‍ച്ചന പറഞ്ഞിരുന്നു. എന്നാല്‍ അപ്പോഴൊക്കെ സീരിയലില്‍ അഭിനയിക്കുക എന്നത് ഒരു കുറച്ചിലായാണ് താന്‍ കണ്ടിരുന്നത് എന്നും. പിന്നീട് അഭിനയം എന്നത് ഏത് രംഗത്ത് ആയാലും അഭിനയം തന്നെയാണ് എന്ന് തിരിച്ചറിഞ്ഞപ്പോഴാണ് റാണി രാജ എന്ന സീരിയലിലെ വേഷം ഏറ്റെടുത്തതെന്നും അര്‍ച്ചന കവി പറഞ്ഞിരുന്നു.