പാലക്കാടുള്ള കമ്പിളിച്ചുങ്കം എന്ന സ്ഥലത്ത് വിജനമായ ഒരു പറമ്പിലാണ് ക്ഷേത്രത്തിന്‍റെ സെറ്റ് ഇട്ടത്

ഒരിടവേളയ്ക്കു ശേഷം മലയാളത്തിന്‍റെ സ്ക്രീനിലെത്തിയ പിരീഡ് ഡ്രാമ ചിത്രമാണ് വിനയന്‍റെ സംവിധാനത്തിലെത്തിയ പത്തൊമ്പതാം നൂറ്റാണ്ട്. വന്‍ കാന്‍വാസില്‍ ഒരുങ്ങിയ ചിത്രം വിനയന്‍റെ കരിയറിലെ ഏറ്റവും ബജറ്റ് ഉള്ള ചിത്രവുമാണ്. പേര് സൂചിപ്പിക്കുന്നതുപോലെ പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം പശ്ചാത്തലമാക്കുന്ന ചിത്രം കലാസംവിധായകനെ സംബന്ധിച്ചും ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ചിത്രത്തിന്‍റെ ആര്‍ട്ട് ഡിപ്പാര്‍ട്ട്മെന്‍റില്‍ തങ്ങള്‍ നേരിട്ട വെല്ലുവിളിയെക്കുറിച്ച് ഉദാഹരണസഹിതം പറയുകയാണ് കലാസംവിധായകന്‍ അജയന്‍ ചാലിശ്ശേരി. ചിത്രത്തില്‍ ആറാട്ടുപുഴ വേലായുധ പണിക്കര്‍ പണികഴിപ്പിക്കുന്ന ക്ഷേത്രത്തിനു പിന്നിലുള്ള അധ്വാനത്തെക്കുറിച്ചാണ് അത്.

അജയന്‍ ചാലിശ്ശേരി പറയുന്നു

പത്തൊമ്പതാം നൂറ്റാണ്ടിൽ വേലായുധ പണിക്കർ പണികഴിപ്പിക്കുന്ന ഒരു ക്ഷേത്രം ഉണ്ട്‌ സിനിമയിൽ. പാലക്കാടുള്ള കമ്പിളിച്ചുങ്കം എന്ന സ്ഥലത്ത് വിജനമായ ഒരു പറമ്പിലാണ് അതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തിയത്. ഏകദേശം ഇരുപത്തിയെട്ട് ദിവസങ്ങൾ കൊണ്ട് കേരളത്തിലെ മികച്ച കലാകാരന്മാർ എന്റൊപ്പം രാവും പകലും പ്രവര്‍ത്തിച്ചു കൊണ്ടാണ് ക്ഷേത്രവും ദ്വാരപാലകരും ക്ഷേത്രകവാടവും ഊട്ടുപുരയും കഥകളിത്തട്ടും നാഗത്തറയും നന്തികേശനും ബലിക്കല്ലും കൽവിളക്കുകളും കലവറയും മതിൽക്കെട്ടും ഉണ്ടാക്കിയെടുത്തത്. രണ്ട് കാലങ്ങൾ സിനിമയിൽ ഉണ്ട്‌. പണി നടന്നു കൊണ്ടിരിക്കുന്നതും, പൂർത്തിയായി ഉത്സവം നടക്കുന്നതും. പെരുന്തച്ചൻ സിനിമക്ക് ശേഷം ഒരു അമ്പലം നിർമ്മാണം ചിത്രീകരിക്കുന്നത് ഇതിലാണ് എന്നു എനിക്ക് തോന്നുന്നു. വളരെ സന്തോഷം. പത്തൊമ്പതാം നൂറ്റാണ്ട്. വിനയൻ സർ, ഗോകുലം ഗോപാലൻ സർ, ഷിജു വിൽസൺ, ഷാജിയേട്ടൻ. 

സിജു വില്‍സണ്‍ ആണ് ചിത്രത്തിലെ നായകന്‍. സാമൂഹിക പരിഷ്കർത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരെയാണ് ചിത്രത്തില്‍ സിജു അവതരിപ്പിക്കുന്നത്. സിജു വില്‍സണ്‍ അവതരിപ്പിക്കുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരെ കൂടാതെ കായംകുളം കൊച്ചുണ്ണിയും നങ്ങേലിയുമൊക്കെ ചിത്രത്തില്‍ പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്. അന്‍പതില്‍ അധികം അഭിനേതാക്കളുള്ള ചിത്രത്തില്‍ അന്‍പതിനായിരത്തില്‍ അധികം എക്സ്ട്രാ അഭിനേതാക്കളും പങ്കാളികളായിട്ടുണ്ട്. അയ്യായിരത്തില്‍ അധികം സ്കെച്ചുകളാണ് ചിത്രീകരണത്തിനു മുന്‍പ് തയ്യാറാക്കിയത്. സെറ്റ് നിര്‍മ്മാണത്തില്‍ ആയിരത്തില്‍ അധികം പേര്‍ പങ്കെടുത്തു. പ്രീ പ്രൊഡക്ഷന് ഒരു വര്‍ഷവും ചിത്രീകരണത്തിന് 110 ദിവസവും എടുത്തു. നാനൂറില്‍ അധികം ദിവസങ്ങളാണ് പോസ്റ്റ് പ്രൊഡക്ഷന് എടുത്തതെന്നും അണിയറക്കാര്‍ അറിയിച്ചിരുന്നു.

ALSO READ : 'മായികമായ അനുഭവം'; മമ്മൂട്ടിക്കൊപ്പം 'ക്രിസ്റ്റഫറി'ല്‍ പ്രവര്‍ത്തിച്ചതിനെക്കുറിച്ച് ബി ഉണ്ണികൃഷ്‍ണന്‍

ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ഗോപാലൻ, ടിനിടോം, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, ഡോ. ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്.