Asianet News MalayalamAsianet News Malayalam

രഞ്ജിത്ത് ചിത്രം 'പ്രാഞ്ചിയേട്ടന്‍' ചെയ്ത സമയത്തെ ദുരനുഭവം തുറന്നു പറഞ്ഞ് കലാസംവിധായകന്‍ മനു ജഗത്

പ്രശസ്ത സംവിധായകന്‍റെ ചിത്രത്തില്‍ ദുരനുഭവം നേരിടേണ്ടി വന്നു എന്ന് കലാസംവിധായകന്‍ മനു ജഗത്. പൊലീസ് കേസില്‍ ഉള്‍പ്പെട്ട ഹോട്ടലിലായിരുന്നു താമസം ഒരുക്കിയിരുന്നത് എന്നും മനു ആരോപിച്ചു. 

Art director Manu Jagat opens up about his bad experience while doing Ranjith's film 'Pranchiyetan' vvk
Author
First Published Aug 29, 2024, 11:16 AM IST | Last Updated Aug 29, 2024, 12:02 PM IST

കൊച്ചി: രഞ്ജിത്ത് ചിത്രം  'പ്രാഞ്ചിയേട്ടന്‍ ആന്‍റ് സെയിന്‍റ് ' എന്ന ചിത്രത്തില്‍ സഹകരിക്കുന്നതിനിടെ ഉണ്ടായ മോശം അനുഭവം വിവരിച്ച് കലാസംവിധായകന്‍ മനു ജഗത്. പൊലീസ് കേസില്‍പ്പെട്ട് അടഞ്ഞു കിടക്കുന്ന ഹോട്ടലിലാണ് അന്ന് അര്‍ദ്ധരാത്രി താമസിപ്പിച്ചത് എന്നാണ് മനു പറയുന്നത്. സിനിമയുടെ പേര് പറഞ്ഞില്ലെങ്കിലും പോസ്റ്റില്‍  'പ്രാഞ്ചിയേട്ടന്‍ ആന്‍റ് സെയിന്‍റ് ' സിനിമയുടെ പോസ്റ്റര്‍ മനു ഷെയര്‍ ചെയ്തിട്ടുണ്ട്. 

കമന്‍റുകളില്‍ ആ ചിത്രം തന്നെയാണ് എന്ന് മനു സമ്മതിക്കുന്നുണ്ട്. അതേ സമയം അന്ന് രഞ്ജിത്തിന് തന്നോട് തോന്നിയ അതൃപ്തിയാല്‍ താന്‍ സച്ചിയുടെ അയ്യപ്പന്‍ കോശി ചിത്രത്തില്‍ നിന്നും പിന്‍മാറിയെന്നതും മനു പറയുന്നുണ്ട്. 

പിന്നെ ആ സിനിമയിൽ ഉടനീളം അനുഭവിക്കേണ്ടി വന്നതൊക്കെ ഇതിലും ചെറ്റത്തരങ്ങൾ. ആ ഡയറക്ടറോടുള്ള എന്റെ ബഹുമാനം കൊണ്ടും സിനിമയോടുള്ള ഇഷ്ടം കൊണ്ടും സിനിമയ്ക്കൊപ്പം നിന്നെന്നുമാത്രം. വ്യക്തിതാല്പര്യങ്ങൾ കൊണ്ട് ആരെയും ഇല്ലാതാക്കാൻ ഇത്തരം ആൾക്കാർ ഏതു ലെവൽ വരെയും പോകും എന്നും മനു പോസ്റ്റില്‍ പറയുന്നു. 

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം 

ഒരു സിനിമയ്ക്കു ഒരു പ്രൊഡക്ഷൻ കൺട്രോളർ എനിക്ക് അനുവദിച്ചു തന്ന ഒരു ഹോട്ടൽ. കലാസംവിധായകന്‍ എന്ന രീതിയിൽ ചെന്നൈയിൽ നിന്നും അർധരാത്രി തൃശൂർ റൗണ്ടിൽ എത്തിയ എനിക്ക് പ്രൊഡക്ഷൻ കൺട്രോളരുടെ നിർദ്ദേശ പ്രകാരം അദ്ദേഹത്തിന്റെ അസിസ്റ്റന്‍റായ പ്രൊഡക്ഷൻ മാനേജർ കൊണ്ട് ചെന്ന താമസിക്കാനുള്ള സ്ഥലം.

പാതിരാത്രി പ്രസ്തുത ബിൽഡിങ്ങിന് താഴെ ചെന്ന് നിന്നപ്പോ കണ്ട രസകരമായ കാര്യം ആ ബിൽഡിങ്ങിന് മുന്നിൽ ഉണങ്ങിക്കരിഞ്ഞ കുറച്ചു പാം ചെടികൾ അതിനെയൊക്കെ ബന്ധിച്ചു ഒരു പോലീസ് റിബൺ. മുൻവശത്തൊക്കെ കരിയിലകളും മറ്റും കൂടികിടക്കുന്നു. ലൈറ്റ് ഒന്നും തന്നെ കാണുന്നില്ല. അപ്പഴും കരുതിയത് വല്ല സിനിമ ഷൂട്ടിംങ്ങും കഴിഞ്ഞതിന്റെ ലക്ഷണമാണോ എന്നാണ്. 

പിന്നെ ഒരു ലൈറ്റ് പോലും കാണാനില്ല. രാത്രിയല്ലേ ഇനി ഉറക്കമാവാം എന്ന് കരുതി.ഇത്തിരി നേരം കാത്തിരുന്നപ്പോള്‍ ഒരു പ്രായം ചെന്നൊരു ഒരു മനുഷ്യൻ ഒരു ചാവികൂട്ടവുമായി അവിടെ എത്തുന്നു. ഇതെങ്ങനെ ഈ ഹോട്ടലിൽ നിങ്ങൾ എത്തി എന്ന് ഞങ്ങളോട് ചോദിക്കുന്നു. അപ്പോൾ ഞാൻ സംശയത്തോടെ എന്റൊപ്പമുള്ള പ്രൊഡക്ഷൻ മാനേജരെ നോക്കുന്നു. അദ്ദേഹം അതേ ഭാവത്തിൽ എന്നെയും. 

അയാളുടെ പിന്നാലെ ഞങ്ങൾ ഹോട്ടലിന്റെ മെയിൻ ഡോർ തുറന്നു അകത്തേക്ക്. ചേട്ടാ ഇവിടെയാരും താമസമില്ലേയെന്ന എന്റെ ചോദ്യത്തിന് എന്‍റെ പൊന്നു സാറെ ഇതൊരു പോലീസ് കേസിൽ കിടക്കുന്ന പ്രോപ്പർട്ടിയാണ് അതല്ലേ ഞാനാദ്യമേ ചോദിച്ചെന്നു അങ്ങേർ. റൂംസ് മുകളിലാ എന്ന് അദ്ദേഹം പറഞ്ഞപ്പോ ലിഫ്റ്റിനരികിലേയ്ക് നീങ്ങിയ ഞങ്ങളോട് അദ്ദേഹം ഇവിടെ കറണ്ടോ വെള്ളമോ ഇല്ല എന്ന് പറഞ്ഞു. 

ഞങ്ങളേം കൊണ്ട് ഫസ്റ്റ് ഫ്ലോറിൽ കയറി. ആ കെട്ടിടം മുഴുവൻ സഹിക്കാൻ പറ്റാത്ത ഒരുവല്ലാത്ത മണം മുകളിൽ ഒരു റൂം തുറന്നു തന്നു. റൂം തുറന്നപ്പോ കുറെ പ്രാവുകളോ എന്തൊക്കെയോ ചിറകടിച്ചു തുറന്നുകിടന്ന ജനൽ വഴി പുറത്തേയ്ക്. മൊബൈൽ വെളിച്ചത്തിൽ നോക്കിയപ്പോൾ ഫ്ലോർ കാർപെറ്റ് ഉൾപ്പെടെ ചുരുട്ടിക്കൂട്ടി കട്ടിലിൽ. റൂം മുഴുവൻ അസഹനീയമായ മണം. തുറന്ന ജനലിലൂടെ വലിയ ശബ്ദത്തോടെ തൊട്ടപ്പുറത്തു പൈലിംഗ് നടക്കുന്ന ഏതോ കെട്ടിട നിർമാണം. 

എന്നോട് കൂടെയുള്ള പ്രൊഡക്ഷൻ മാനേജർ പറഞ്ഞു ചേട്ടൻ ഇങ്ങുവന്നേ എന്നെ പിടിച്ചിറക്കി വെളിയിൽ കൊണ്ടുപോയി അദ്ദേഹം പറഞ്ഞു ചേട്ടാ ഞാൻ നിസ്സഹായനാണ്. ക്ഷമിക്കണം ചേട്ടൻ എങ്ങനേലും അഡ്ജസ്റ്റ് ചെയ്യണം. എന്റെ മുകളിലുള്ളവർ പറഞ്ഞത് അനുസരിക്കാനേ എനിക്ക് പറ്റു. അദ്ദേഹത്തോട് ഞാൻ പറഞ്ഞു പോയ്കോള്ളൂ.

എനിക്ക് ആ സംവിധായകനോട് അക്കാലത്തു ആരാധനയായിരുന്നു. ആ സിനിമയോടും.  ഒരു ചീഫ് ടെക്‌നിഷൻ ആയ എനിക്കിതാണ് അനുഭവം. ഇവിടെ ഇത്തരം ചെറ്റത്തരങ്ങൾ അവസാനിക്കണം. എനിക്കിന്നും മനസ്സിലാകാത്ത ഒരു കാര്യം പോലീസ് കേസിലുള്ള ഒരു ഹോട്ടൽ ഏതു സ്വാധീനത്തിലാണ് ഈ കൺട്രോളർ എനിക്ക് വേണ്ടി ഒകെ ആക്കിയത് എന്നാണ്.

പിന്നെ ആ സിനിമയിൽ ഉടനീളം അനുഭവിക്കേണ്ടി വന്നതൊക്കെ ഇതിലും ചെറ്റത്തരങ്ങൾ.
ആ ഡയറക്ടറോടുള്ള എന്റെ ബഹുമാനം കൊണ്ടും സിനിമയോടുള്ള ഇഷ്ടം കൊണ്ടും സിനിമയ്ക്കൊപ്പം നിന്നെന്നുമാത്രം. വ്യക്തിതാല്പര്യങ്ങൾ കൊണ്ട് ആരെയും ഇല്ലാതാക്കാൻ ഇത്തരം ആൾക്കാർ ഏതു ലെവൽ വരെയും പോകും. എന്തായാലും നല്ലൊരു മാറ്റം ഈ മേഖലയിൽ അത്യാവശ്യം ആണ്. വൈകിയെങ്കിലും തൊഴിലാളി സുരക്ഷ ഉറപ്പാക്കാൻ കെല്പുള്ള സംഘടനകളും നേതൃത്വവും വരട്ടെ. 

അയ്യപ്പന്‍ കോശിയില്‍ സംഭവിച്ചത് സംബന്ധിച്ച് മനു ഇട്ട കമന്‍റ് ഇങ്ങനെയാണ്

രഞ്ജിത്ത് എന്ന സംവിധായകന് എന്നെ താല്പര്യമില്ല എന്ന രീതിയിൽ പുള്ളിടെ ഒരു പാർട്ണർ കൂടിയായ ഒരു മാന്യദേഹം സച്ചിയേട്ടനെ അറിയിച്ചെങ്കിലും പുള്ളി അതിനു വഴങ്ങിയില്ല. എന്നെ നിർബന്ധിച്ചെങ്കിലും ആ സിനിമയുടെ നല്ല നടപ്പിന് അത് ശെരിയാവില്ല എന്ന തോന്നലിൽ സച്ചിയേട്ടനോട് വേറെ ഫിലിമിന്‍റെ കാരണം പറഞ്ഞു സ്വയം മാറി നിന്നു. അത് സച്ചിയേട്ടന്‍റെ അവസാന സിനിമയായിരുന്നു എന്നതായിരുന്നു എന്‍റെ ഏറ്റവും വലിയ ദുർവിധി.

'വേദനിപ്പിച്ചു, ആ പ്രചരണം' : സിദ്ദിഖിനെ കെട്ടിപിടിച്ച് ആശ്വസിപ്പിക്കുന്ന വീഡിയോ, ബീന ആന്‍റണി പറയുന്നു

അമ്മയിൽ അംഗത്വം നൽകാം എന്ന് പറഞ്ഞു പീഡിപ്പിച്ചു: ഇടവേള ബാബുവിനെതിരെ കേസ് എടുത്തു

Latest Videos
Follow Us:
Download App:
  • android
  • ios