ജനപ്രിയ പരമ്പരയായ വാനമ്പാടി ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പാട്ടുകാരനായ മോഹന്‍കുമാറിന്റെ കുടുംബവും അയാളുടെ ജീവിതത്തിലെ വെല്ലുവിളികളിലൂടെയും മറ്റുമാണ് പരമ്പര പുരോഗമിക്കുന്നത്. അനുമോള്‍ തന്റെ പഴയകാല കാമുകിയില്‍ തനിക്കുണ്ടായ മകളാണെന്ന സത്യം മോഹന്‍ തിരിച്ചറിഞ്ഞുകഴിഞ്ഞിട്ട് കുറച്ചായി. എന്നാല്‍ ആ സത്യം മോഹന്‍ ഇതുവരെയും പരസ്യമായി പറഞ്ഞിട്ടില്ല. അതിനിടെയാണ് മോഹന്‍ വാഹനാപകടത്തില്‍പ്പെടുന്നത്.

രംഗത്ത് താന്‍ ഇല്ലായെന്ന് വരുത്തിത്തീര്‍ത്തശേഷം മോഹനെ ഇല്ലാതാക്കുകയായിരുന്നു മേനോന്റെ ലക്ഷ്യം. അതിനായി മേനോന്‍ ഒരുക്കിയ അപകടത്തില്‍ ചന്ദ്രനും മോഹനും പെടുകയായിരുന്നു. മേനോന്റെ തിരോധാനവുമായി ബന്ധപ്പെട്ടുള്ള ചോദ്യംചെയ്യല്‍ കഴിഞ്ഞ് പോലീസ് സ്റ്റേഷനില്‍ നിന്നും മടങ്ങവെയാണ് മേനോന്‍ പറഞ്ഞുറപ്പിച്ച ലോറി ഇരുവരും സഞ്ചരിച്ച കാറില് ഇടിക്കുന്നത്. മേനോനും പത്മിനിയുടെ അങ്കിളായ പോലീസുകാരനും കൂടെ അപടകം സാധാരണമായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിലാണെങ്കിലും മോഹന്റെ ഏട്ടനായ ചന്ദ്രന് അപകടത്തെപ്പറ്റിയുള്ള സംശയം നിലനില്‍ക്കുന്നുണ്ട്.

ഒരു ഓപ്പറേഷന്‍ നടത്തിയാലേ മോഹന്റെ ജീവിതം ശരിയാകുകയുള്ളു എന്നാണ് ഇപ്പോഴത്തെ സ്ഥിതി. എന്നാല്‍ ഓപ്പറേഷന്‍ ചെയ്യാനുള്ള ഡോക്ടറോട് മോഹനെ ജീവിതകാലം മുഴുവന്‍ വീല്‍ച്ചെയറില്‍ ഇരുത്താനുള്ള വഴികള്‍ അന്വേഷിക്കുകയാണ് മേനോനും മറ്റും. പത്മിനിയുടെ അങ്കിളായ ജയരാജിനോട് കൂറുള്ള ഡോക്ടറും ഈ ക്രൂരതയ്ക്ക് കൂട്ട്  നില്‍ക്കുകയാണ്. മോഹന്റെ അക്കൗണ്ടില്‍നിന്നും പണം അടിച്ചുമാറ്റാനുള്ള ശ്രമത്തിനിടെയാണ് മോഹന്‍ മറ്റെവിടെയോ വീട് വാങ്ങിയെന്ന സത്യം മേനോനും മറ്റും അറിയുന്നത്. അത് അനുമോളുടെ പേരില്‍ ആണെന്നാണ് എല്ലാവരുടേയും സംശയം.

എത്രയുംപെട്ടന്ന് ഓപ്പറേഷന്‍ നടത്താനാണ് ഡോക്ടറുടെ തീരുമാനം. അത് കേട്ട് പത്മിനിയും തംബുരുവും ഞെട്ടുന്നുണ്ടെങ്കിലും, ഡോക്ടറുടെ സംസാരത്തിനുമുന്നില്‍ അവര്‍ എല്ലാം സമ്മതിക്കുകയാണ്. എന്നാല്‍ പുതിയ എപ്പിസേഡില്‍ ഓപ്പറേഷന്‍ തടയാനായി തംബുരുവും ചന്ദ്രനും ഹോസ്പിറ്റലിലേക്ക് എത്തുകയാണ്. എന്താണ് സംഭവിച്ചത് എന്നറിയാന്‍ കാത്തിരിക്കുക തന്നെ വേണം. മേനോന്റെ ഇരട്ടത്താപ്പ് തിരിച്ചറിയുന്ന പത്മിനിയും അച്ഛനെ തള്ളിപ്പറയുമോ എന്നതാണ് ഉദ്യോഗജനകമായി നില്‍ക്കുന്നത്.