മാളു പ്രതിയായുള്ള കേസ് അന്വേഷണത്തിന്റെ ചുമതല ശ്രേയയ്ക്കാണ്. ഇതുവരേയും പ്രതിയുടെ യാതൊരു സൂചനയും ശ്രേയയ്ക്ക് കിട്ടുന്നില്ല. എന്നാല്‍ മോഷ്ടാവിനെ പിടിക്കുമെന്ന് ശ്രേയ പ്രതിജ്ഞ എടുത്തുകഴിഞ്ഞു.

മ്മിലറിയാത്ത രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കുന്ന, ആക്ഷന്‍ ത്രില്ലര്‍ ഫാമിലി പരമ്പരയാണ് തൂവല്‍സ്പര്‍ശം. കൂട്ടിക്കാലത്ത് സ്‌നേഹത്തോടെ കഴിഞ്ഞിരുന്ന സഹോദരിമാര്‍ അമ്മയുടെ മരണത്തോടെ ജീവിതത്തിന്റെ വിപരീതങ്ങളായ ദിശകളിലേക്ക് വലിച്ചെറിയപ്പെടുകയാണ്. സഹോദരിമാരായ ശ്രേയയും മാളുവും വര്‍ഷങ്ങള്‍ക്കുശേഷം ഒരേ നഗരത്തിലെ കള്ളനും പൊലീസും കളിയില്‍ ഏര്‍പ്പെടുകയാണ്. അമ്മയുടെ മരണശേഷം അനുകൂല സാഹചര്യങ്ങളിലൂടെ മുന്നോട്ടുപോയ ശ്രേയ നന്ദിനി ഐ.പി.എസ് ആയി മാറുന്നു. എന്നാല്‍ ജീവിതത്തിലെ മോശം കാലത്തിലൂടെ കടന്നുപോയ മാളു (തുമ്പി) നഗരത്തിലെ ഹൈടെക് മോഷ്ടാവായാണ് മാറുന്നത്.

സ്വര്‍ണ്ണക്കടത്തുകാരെ കൊള്ളയടിക്കുകയും, ആ പണം പാവങ്ങള്‍ക്ക് കൊടുക്കുകയും ചെയ്യുന്ന മാളുവിനെ കായംങ്കുളം കൊച്ചുണ്ണിയോട് ഉപമിക്കാവുന്ന കഥാപാത്രമാണ്. നഗരത്തിലെ സ്വര്‍ണ്ണക്കടത്തുകാരുടെ പേടിസ്വപ്‌നമായ പെരുംങ്കള്ളിയേയും, നഷ്ടപ്പെട്ടുപോയ തന്റെ സഹോദരിയേയും ശ്രേയ ഒരേ സമയം അന്വേഷിക്കുന്നുണ്ട്. എന്നാല്‍ രണ്ടാളും ഒരാള്‍ തന്നെയാണെന്ന് ശ്രേയയ്ക്ക് മനസ്സിലാകുന്നില്ല. ശ്രേയ തനിക്കെതിരെ പത്മവ്യൂഹം തീര്‍ക്കുന്നുവെന്നറിഞ്ഞ മാളുവും ടെന്‍ഷനിലാണ്. അതുകൊണ്ടുതന്നെ പേടിയോടെയാണ് ഓരോ കളവും മാളു ചെയ്യുന്നത്. സിനിമകളില്‍ മാത്രം കണ്ടുപരിചയിച്ച മോസ് ആന്‍ഡ് ക്യാറ്റ് ഗെയിം കുടുംബപരമ്പരയിലേക്ക് എത്തിച്ചത് സംശയത്തോടെയായിരുന്നെങ്കിലും പരമ്പരയെ മലയാളികള്‍ സ്വീകരിച്ചുകഴിഞ്ഞു.

മാളു പ്രതിയായുള്ള കേസ് അന്വേഷണത്തിന്റെ ചുമതല ശ്രേയയ്ക്കാണ്. ഇതുവരേയും പ്രതിയുടെ യാതൊരു സൂചനയും ശ്രേയയ്ക്ക് കിട്ടുന്നില്ല. എന്നാല്‍ മോഷ്ടാവിനെ പിടിക്കുമെന്ന് ശ്രേയ പ്രതിജ്ഞ എടുത്തുകഴിഞ്ഞു. അത് എങ്ങനെയാകുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നതെങ്കിലും എങ്ങനെയാണ് ഇരുവരും പരസ്പരം തിരിച്ചറിയുക എന്നതാണ് പരമ്പരയെ ആകാംക്ഷഭരിതമാക്കുന്നത്. എല്ലാ തലത്തിലുമുള്ള പ്രേക്ഷകര്‍ക്ക് ഒരേപോലെ ആസ്വദിക്കാന്‍ സാധിക്കുന്ന പരമ്പര ആദ്യ ആഴ്ചതന്നെ ടി.ആര്‍.പി റേറ്റിംഗില്‍ നാലാംസ്ഥാനം പിടിച്ചിട്ടുണ്ട്.

മോഡലിംഗില്‍ നിന്നും സ്‌ക്രീനിലേക്കെത്തിയ അവന്തിക മോഹനാണ് പരമ്പരയിലെ പ്രധാന വേഷമായ ശ്രേയയെ അവതരിപ്പിക്കുന്നത്. ആത്മസഖി എന്ന പരമ്പരയിലെ നന്ദിത എന്ന കഥാപാത്രമായാണ് അവന്തിക മോഹന്‍ മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാകുന്നത്. ചേക്ലേറ്റ്, മക്കള്‍ തുടങ്ങി നിരവധി പരമ്പരകളിലൂടെയും നൃത്തവേദികളിലൂടെയും മലയാളിക്ക് പരിചിതയായ സാന്ദ്രാ ബാബുവാണ് മാളുവായി സ്‌ക്രീനിലെത്തുന്നത്.

ലെന്‍സ് ആന്‍ഡ് ഷോട്ട് മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ലാല്‍ജിത്ത് നിര്‍മ്മിക്കുന്ന പരമ്പരയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത് ശ്രീജിത്ത് പാലേരിയാണ്. ദീപന്‍ മുരളി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ഓമന ഔസോപ്പ്, യവനിക, പ്രഭാശങ്കര്‍ തുടങ്ങി വലിയൊരു താരനിരയും പരമ്പരയിലുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona