എപ്പോഴും സ്‌നേഹം പുറത്തുകാണിക്കാതെയും, തുറന്ന് പറയാതെയും ഇരിക്കുന്ന ശിവന്‍ തന്റ മനസ് തുറന്ന് അഞ്ജലിയോട് സംസാരിക്കുമ്പോള്‍ പ്രേക്ഷകരും ആകാംക്ഷയോടെ കാണുകയാണ്. 

ലയാളികള്‍ ഹൃദയത്തിലേറ്റിയ പരമ്പരയാണ് സാന്ത്വനം(Santhwanam). മനോഹരമായ കുടുംബകഥ പുതുമയോടെ പറയുന്ന പരമ്പര റേറ്റിംഗിലും മുന്നിലാണ്. സാന്ത്വനം വീട്ടിലെ സഹോദന്മാരും അവരുടെ ഭാര്യമാരും, അവരുടെ കുടുംബവുമെല്ലാമാണ് പരമ്പരയെ ആഹ്ളാദകരമാക്കുന്നത്. ശിവാഞ്ജലി എന്ന ജോഡിയാണ് പരമ്പരയെ വ്യത്യസ്തമാക്കുന്നത്. ഇരുവരുടേയും കോമ്പിനേഷന്‍ സീനുകളെല്ലാം തന്നെ സോഷ്യല്‍ മീഡിയയിലും വൈറലാണ്. അഞ്ജലിയുടെ അമ്മയുടെ ഹോസ്പിറ്റല്‍ കേസാണ് ഇപ്പോള്‍ പരമ്പരയിലെ പ്രധാന വിഷയം. അമ്മയായ സാവിത്രിയുടെ ഹൃദയ വാല്‍വ് തകരാറിലായിരിക്കുകയാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അഞ്ജലിയുടെ അമ്മയുടെ ആശുപത്രി കാര്യങ്ങളെല്ലാം ഇപ്പോള്‍ നോക്കുന്നത് ശിവനാണ്. സാധാരണഗതിയില്‍ ഒരു മരുമകന്‍ ഭാര്യവീട്ടുകാരെ സാഹായിക്കുമെങ്കിലും, ഇവിടെ പ്രത്യേകത വരാന്‍ പല കാരണങ്ങളുമുണ്ട്.

ശിവാഞ്ജലിയുടെ വിവാഹം കഴിഞ്ഞ ഉടനെ, മറ്റുള്ളവരുടെ കണ്ണില്‍ സാംസ്‌ക്കാരികമായ വളര്‍ച്ച കുറഞ്ഞ ശിവനെ ആരും അംഗീകരിക്കുന്നില്ല. മാസങ്ങള്‍ കൊണ്ടാണ് അഞ്ജലിയും ശിവനുമായി അടുത്തത്. എന്നാലും അഞ്ജലിയുടെ വീട്ടുകാരില്‍ ചിലര്‍ ശിവനെ അംഗീകരിക്കുന്നില്ല. പ്രധാനമായും ശിവനെ അവഹേളിച്ചിരുന്നത് അഞ്ജലിയുടെ അമ്മ സാവിത്രിയും, ചിറ്റമ്മ ജയന്തിയുമായിരുന്നു. തന്നെ എത്രകണ്ട് അവഹേളിച്ചിട്ടും, മോശം വാക്കുകള്‍കൊണ്ട് തള്ളിപ്പറഞ്ഞിട്ടും, സാവിത്രിയ്ക്ക് വയ്യാതെയാകുമ്പോള്‍ സഹായത്തിനായെത്തിയത് ശിവനാണ്. അതുകൊണ്ടുതന്നെ ശിവനോട് സാവിത്രി ക്ഷമാപണവും നടത്തുന്നുണ്ട്. കൂടാതെ തന്റെ അമ്മയ്ക്കുവേണ്ടി ശിവന്‍ പണം ചിലവഴിക്കുമ്പോവും, കഷ്ടപ്പെടുന്നത് കാണുമ്പോഴും അഞ്ജലിക്ക് ശിവനോടുള്ള പ്രണയം കൂടുന്നതും പരമ്പരയില്‍ കാണം.

ഏറ്റവും പുതിയ എപ്പിസോഡില്‍ ശിവന്‍ അഞ്ജലിയോട് മനസ്സ് തുറക്കുകയാണ് ചെയ്യുന്നത്. അമ്മയ്ക്കുവേണ്ടി നിങ്ങളൊരുപാട് കഷ്ടപ്പെടുന്നുവെന്ന് അഞ്ജലി ശിവനോട് സങ്കടം പറയുമ്പോഴാണ് ശിവന്‍ തന്റെ മനസ് അഞ്ജലിക്കുമുന്നില്‍ തുറക്കുന്നത്. എനിക്ക് ലോകത്ത് ഏറ്റവും പ്രിയപ്പെട്ട ആള്‍ താനാണെന്നാണ് ശിവന്‍ അഞ്ജലിയോട് പറയുന്നത്, അതുകൊണ്ടുതന്നെ തനിക്ക് ഏറ്റവും വേണ്ടപ്പെട്ടയാളെ സംരക്ഷിക്കേണ്ടത് എന്റെ കടമയാണെന്നും ശിവന്‍ പറയുന്നുണ്ട്. പണത്തെപ്പറ്റി ഒന്നും ചിന്തിക്കേണ്ടെന്നും അതിലെല്ലാം ഉപരിയായി താനെനിക്ക് ഒരുപാട് വിലപ്പെട്ടതാണെന്നും ശിവന്‍ തുറന്ന് പറയുന്നു. കടയിലെ ആവശ്യത്തിനായി ഏട്ടന്‍ ഏല്‍പ്പിച്ച പണമല്ലേ ഹോസ്പിറ്റലില്‍ ബില്‍ അടയ്ക്കാനായി കൊടുത്തതെന്നും, ഇനി ഏട്ടനോട് എന്ത് പറയും എന്നും അഞ്ജലി ചോദിക്കുമ്പോള്‍, താന്‍ ഏട്ടനോട് പറഞ്ഞെന്നും ശിവന്‍ പറയുന്നുണ്ട്.

എപ്പോഴും സ്‌നേഹം പുറത്തുകാണിക്കാതെയും, തുറന്ന് പറയാതെയും ഇരിക്കുന്ന ശിവന്‍ തന്റ മനസ് തുറന്ന് അഞ്ജലിയോട് സംസാരിക്കുമ്പോള്‍ പ്രേക്ഷകരും ആകാംക്ഷയോടെ കാണുകയാണ്. സാവിത്രിയുടെ ഹോസ്പിറ്റല്‍ കേസ് വന്നതോടെ ശിവാഞ്ജലിയുടെ കുട്ടിക്കളികള്‍ മാറി ഇരുവരും വലിയ ആളുകളെപ്പോലെ പെരുമാറാന്‍ തുടങ്ങിയല്ലോ എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.