വീട്ടിൽ ആദ്യമായി നടക്കുന്ന പിറന്നാളാഘോഷത്തിൻറെ ത്രില്ലിലാണ് സുമിത്ര. എന്നാൽ എപ്പോഴത്തേയും പോലെ ആഘോഷം കലക്കാനാണ് വേദിക ശ്രമിക്കുന്നത്.

സുമിത്ര (Sumitra) എന്ന വീട്ടമ്മയുടെ സംഭവബഹുലമായ അതിജീവന കഥപറഞ്ഞ് പ്രേക്ഷകരുടെ മനസ്സിലിടം നേടിയ പരമ്പരയാണ് കുടുംബവിളക്ക് (Kudumbavilakku). പല കോണില്‍നിന്നും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ പരമ്പര വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍ പറത്തി റേറ്റിംഗില്‍ ഒന്നാമതും രണ്ടാമതുമായിട്ടാണുള്ളത്. സുമിത്ര സിദ്ധാര്‍ത്ഥ് (Sidharth) എന്നവരുടെ വിവാഹമോചനവും സിദ്ധാര്‍ത്ഥ് വേദിക എന്ന സ്ത്രീയെ വിവാഹം കഴിക്കുന്നതിലൂടെയുമാണ് പരമ്പര തുടങ്ങിയത്. സിദ്ധാര്‍ത്ഥില്‍നിന്നും വിവാഹമോചനം കിട്ടിയ സുമിത്രയ്ക്ക് പിന്നീടങ്ങോട്ട് രാശിയോടെയുള്ള മുന്നേറ്റമായിരുന്നു. എന്നാല്‍ വേദികയെ വിവാഹം കഴിച്ചതോടെ സിദ്ധാര്‍ത്ഥിന് മോശം സമയമായിരുന്നു. വേദികയെ കൂടെ കൂട്ടിയതോടെ പല തരത്തിലുമുള്ള തകര്‍ച്ചകളോടൊപ്പം സിദ്ധാര്‍ത്ഥിന്റെ ദാമ്പത്യവും തകരാന്‍ തുടങ്ങുകയായിരുന്നു.

സുമിത്രയാണ് തന്നേക്കാള്‍ മികച്ചതെന്ന സത്യം മനസ്സിലാക്കിയ വേദികയുടെ സര്‍വ്വ ശ്രമങ്ങളും സുമിത്രയെ കരിവാരി തേക്കാനായിട്ടുള്ളതായിരുന്നു. അതിനായി വേദിക കാണിച്ചുകൂട്ടിയ പ്രവര്‍ത്തികളെല്ലാം സുമിത്രയ്ക്കും വിഷമമുണ്ടാക്കി. പൊലീസ് സ്‌റ്റേഷനും ജയിലുമായി സുമിത്ര കഷ്ടപ്പെട്ടപ്പോള്‍, ജീവിതത്തില്‍ വീട്ടിനുള്ളിലേക്ക് ചുരുങ്ങാനുള്ള വഴിയാണ് വേദികയ്ക്ക് കിട്ടിയത്. സുമിത്രയെ സിദ്ധാര്‍ത്ഥ് വീട്ടില്‍നിന്ന് ഇറക്കിവിടുകയും തിരികെ കൂട്ടുകയുമെല്ലാം ചെയ്തു. തിരികെ വീട്ടിലേക്കെത്തിയ വേദികയെ ഒരു പാഠം പഠിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സിദ്ധാര്‍ത്ഥ്.

പരമ്പരയുടെ ഏറ്റവും പുതിയ വിശേഷം കേന്ദ്ര കഥാപാത്രമായ സുമിത്രയുടെ പിറന്നാളാണ്. വീട്ടിലെ തന്റെ ആദ്യത്തെ പിറന്നാള്‍ ആഘോഷമാണെന്ന് സുമിത്രതന്നെ പറയുന്നുണ്ട്. അതുതന്നെയാണ് ആഘോഷത്തിന്റെ ഏറ്റവും വലിയ ഘടകവും. ആദ്യമായി ഒരു പിറന്നാള്‍ ആഘോഷിക്കപ്പെടുമ്പോഴുള്ള എല്ലാവിധ ഒരുക്കങ്ങളുമായാണ് ഇവിടേയും പിറന്നാള്‍ ആഘോഷങ്ങള്‍ നടക്കുന്നത്. എല്ലാ ബന്ധുമിത്രാധികളേയും ക്ഷണിച്ചുകൊണ്ടുള്ള ഒരു ഗംഭീര ആഘോഷം തന്നെയാണ് വീട്ടില്‍ നടക്കാന്‍ പോകുന്നത്. സുമിത്രയുടെ ആദ്യ ഭര്‍ത്താവായ സിദ്ധാര്‍ത്ഥിനേയും പിറന്നാളിന് ക്ഷണിക്കുന്നുണ്ട്. എന്നാല്‍ സിദ്ധാര്‍ത്ഥ് സുമിത്രയുടെ പിറന്നാളിന് പോകുന്നത് ഏത് വിധേനയും തടയാനാണ് വേദിക ശ്രമിക്കുന്നത്. നടു അനക്കാന്‍ വയ്യെന്നും, ആംബുലന്‍സ് വിളിക്ക് എന്നുപറഞ്ഞ് അലമുറയിടുന്ന വേദികയെയാണ് പരമ്പരയുടെ ഏറ്റവും പുതിയ എപ്പിസോഡില്‍ കാണാന്‍ കഴിയുന്നത്. ഇത്ര കുശുമ്പിയായ വേദികയെ അവിടെയിട്ടിട്ട് സിദ്ധാര്‍ത്ഥ് പിറന്നാള്‍ ആഘോഷത്തിന് പോകണമെന്നാണ് പരമ്പരയുടെ ആരാധകര്‍ പലരും കമന്റ് ചെയ്യുന്നതും. എന്നാല്‍ എങ്ങനെയാണ് ഈ കള്ളവും സിദ്ധാര്‍ത്ഥ് പൊളിക്കുന്നതെന്ന് കാണാനുള്ള തയ്യാറെടുപ്പിലാണ് പ്രേക്ഷകര്‍.