വൈറല്‍ വീഡിയോയില്‍ മറുപടിയുമായി അനുമോള്‍. എപ്പോൾ ചിരിക്കണമെന്നും കരയണമെന്നും തീരുമാനിക്കാനുള്ള അവകാശം തനിക്കുണ്ടെന്നും, തൻ്റെ വികാരങ്ങളെ മറ്റുള്ളവർ ചോദ്യം ചെയ്യേണ്ടതില്ലെന്നും അനുമോൾ വ്യക്തമാക്കി.
മലയാളികൾക്ക് ഏറെ സുപരിചതമായ മുഖമാണ് ആർട്ടിസ്റ്റ് അനുമോളുടേത്. ബിഗ് ബോസ് മലയാളം സീസൺ 7ൽ പ്രെഡിക്ഷൻ ലിസ്റ്റ് മുതൽ ഇടം പിടിച്ച അനുമോൾ, ഒടുവിൽ സീസൺ കപ്പുമായാണ് തിരികെ പോയത്. ആദ്യ ദിനം മുതൽ അവസാന ദിവസം വരെ തന്റേതായ കണ്ടന്റുകൾ നൽകാൻ ശ്രമിച്ച അനുമോൾ പലപ്പോഴും വിമർശനങ്ങൾക്ക് പാത്രമായി. ഷോയിൽ ഒപ്പം നിന്ന സുഹൃത്തുക്കൾ വരെ അനുവിനെതിരെ തിരിഞ്ഞു. പിആർ കൊണ്ടാണ് അനുമോൾ ഷോ ജയിച്ചതെന്നും അഭ്യൂഹങ്ങൾ ഉയർന്നു. എന്നാൽ അങ്ങനല്ലെന്ന് പിന്നീട് ബിഗ് ബോസ് പ്രേക്ഷകർ തന്നെ തെളിയിച്ചു. നിലവിൽ തന്റേതായ പ്രോഗ്രാമുകളും ഉദ്ഘാടനങ്ങളുമൊക്കെയായി മുന്നോട്ട് പോവുകയാണ് അനുമോൾ.
ഏതാനും ദിവസങ്ങൾക്ക് മുൻപ് അനുമോളുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മോഹൻലാലിന്റെ അമ്മയെ അവസാനമായൊരു നോക്ക് കാണാൻ എത്തിയതായിരുന്നു അനു. ഇവിടെ വച്ച് റിവ്യൂകൾ പറഞ്ഞ് ശ്രദ്ധനേടിയ അലൻ ജോസ് പെരേരയും സുഹൃത്തും എത്തി. ഇവരെ കണ്ടതും അനു ചിരിക്കുന്ന വീഡിയോ ആയിരുന്നു ഇത്. പിന്നാലെ അനു ചെയ്തത് വളരെ മോശമായെന്ന തരത്തിൽ പ്രതികരിച്ച് അലൻ ജോസ് എത്തിയിരുന്നു. ഇപ്പോഴിതാ എപ്പോൾ ചിരിക്കണം എന്നത് തന്റെ തീരുമാനമാണെന്ന് പറയുകയാണ് അനുമോൾ.
"എനിക്ക് ഒന്നും പറയാനില്ല. ചിരിക്കാതെ പിന്നെ ഞാൻ കരയണമായിരുന്നോ. ഞാൻ കരഞ്ഞാൽ എല്ലാവരും പറയും എന്തിന കരയുന്നേന്ന്. ചിരിക്കുമ്പോൾ പറയുവ എന്തിനാ ചിരിക്കുന്നെന്ന്. ഞാനിപ്പോൾ എന്താ ചെയ്യേണ്ടേ? എനിക്ക് ചിരിക്കാൻ പാടില്ലെന്ന് ഉണ്ടോ? ഒരു മനുഷ്യന് ചിരിക്കാനും കരയാനും അവരുടെ ഫീലിംഗ്സ് പുറത്തു കാണിക്കാനും പറ്റില്ലേ. ഞാൻ എന്ത് ചെയ്യണമെന്ന് ഞാനല്ലേ തീരുമാനിക്കുന്നത്. എനിക്കിഷ്ടമുള്ളപ്പോൾ ഞാൻ ചിരിക്കും എനിക്കിഷ്ടമുള്ളപ്പോൾ ഞാൻ കരയും. അതെല്ലാം എൻ്റെ ഫീലിംഗ്സ് ആണ്. മറ്റുള്ളവർ എന്തിനാണ് അത് ചോദ്യം ചെയ്യുന്നേ", എന്നായിരുന്നു ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് അനുമോൾ മറുപടി നൽകിയത്. പിന്നാലെ നിരവധി പേരാണ് അനുമോളെ പിന്തുണച്ച് രംഗത്ത് എത്തിയത്.



