ഒരു ഷൂട്ടിംഗ് സെറ്റന്നപോലെ പരസ്പരം തമാശകള്‍ പറഞ്ഞ് തങ്ങളുടെ പ്രിയതാരങ്ങള്‍ എത്തിയത് പ്രേക്ഷകര്‍ക്കും നല്ല അനുഭവമായിട്ടുണ്ട്. ലൈവില്‍ മെസേജുവഴി ഒരുപാടുപേരാണ് താരങ്ങളുടെ വിശേഷങ്ങള്‍ തിരക്കുന്നത്.

ഏഷ്യാനെറ്റിലെ പ്രേക്ഷകപ്രിയമായ പരമ്പരയാണ് സീതാകല്ല്യാണം. സീതയേയും കല്ല്യാണിനേയും സ്വാതിയേയുമെല്ലാം മലയാളിക്ക് സ്വന്തം വീട്ടിലെ അംഗങ്ങളെന്നപോലെ പരിചയവുമാണ്. ലോക്ക്ഡൗണ്‍ കാരണം ഷൂട്ട് താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനാല്‍ താരങ്ങളെല്ലാം ഇപ്പോള്‍ സ്വന്തം വീടുകളില്‍ത്തന്നെയാണ്. ഇപ്പോഴിതാ തങ്ങളുടെ പ്രേക്ഷകരെ കാണാനായി സീതാകല്ല്യാണം താരങ്ങളെല്ലാം എത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് ലൈവിലാണ് എല്ലാവരും ഒന്നിച്ചെത്തിയത്.

പാട്ടുകള്‍ പാടിയും തമാശകള്‍ പറഞ്ഞും കോവിഡ് കാലത്തെ ലോക്ക്ഡൗണ്‍ ആശങ്കകള്‍ പങ്കുവച്ചും എല്ലാവരും ഹാപ്പിയായാണ് ലൈവിലെത്തിയത്. ഒരു ഷൂട്ടിംഗ് സെറ്റന്നപോലെ പരസ്പരം തമാശകള്‍ പറഞ്ഞ് തങ്ങളുടെ പ്രിയതാരങ്ങള്‍ എത്തിയത് പ്രേക്ഷകര്‍ ഏറ്റെടുത്തു. ലൈവില്‍ കമന്‍റുകള്‍ വഴി ഒരുപാടുപേരാണ് താരങ്ങളുടെ വിശേഷങ്ങള്‍ തിരക്കുന്നത്. വില്ലന്മാരേയും നായകരേയും ഒന്നിച്ചുകണ്ടതിലുള്ള സന്തോഷവും ആരാധകര്‍ കമന്റായി പോസ്റ്റ് ചെയ്യുന്നുണ്ട്.

ഉടനെതന്നെ ഷൂട്ട് ആരംഭിക്കുമെന്നാണ് താരങ്ങള്‍ പറയുന്നത്. കൂടാതെ പരമ്പരയിലെ രാജേശ്വരിയായി അഭിനയിക്കുന്ന രൂപശ്രീ ചെന്നൈയിലെ കോവിഡ് ഭീതിയും പങ്കുവയ്ക്കുന്നുണ്ട്. പരമ്പരയിലെ പ്രധാനവേഷം കൈകാര്യം ചെയ്യുന്ന അനൂപ് കൃഷ്ണന്റെ പാട്ടും ആരാധകരെ കയ്യിലെടുത്തിരിക്കുകയാണ്. അമ്പിളി എന്ന സിനിമയിലെ ആരാധികേ, എന്ന പാട്ടാണ് അനൂപ് പാടിയത്. കൂടാതെ ധന്യാമേരി വര്‍ഗ്ഗീസിന്റെ മകന്‍ ജുവാനും ലൈവില്‍ ഉടനീളം അമ്മയ്‌ക്കൊപ്പമുണ്ട്. ഏതായാലും ഉടനെതന്നെ പരമ്പരയില്‍ കാണാം എന്നുപറഞ്ഞാണ് എല്ലാവരും ലൈവില്‍നിന്നും പോകുന്നത്.