മലയാള ടെലിവിഷൻ രംഗത്ത് ചരിത്രം കുറിച്ച, ഏഷ്യാനെറ്റിന്‍റെ മ്യൂസിക് റിയാലിറ്റി ഷോ 'സ്റ്റാർ സിംഗർ' ആറ് വർഷത്തിന് ശേഷം പുതിയ സീസണുമായി എത്തുന്നു. ഡിസംബർ അവസാനത്തോടെ  പ്രേക്ഷകർക്ക് മുമ്പിലെത്തുന്ന ഷോയിൽ പല മേഖലകളിൽ നിന്നായി നിരവധി ഗായകർ പങ്കെടുക്കും.

പുതിയ സീസണിന്‍റെ കര്‍ട്ടന്‍ റെയ്സര്‍ എന്ന നിലയില്‍ ഷോയുടെ മുൻ വിജയികളെ അവതരിപ്പിക്കുന്ന ടീസർ വീഡിയോ ഏഷ്യാനെറ്റ് പുറത്തുവിട്ടു. സംഗീത സംവിധായകനും ആദ്യ സീസണിലെ വിജയിയുമായ അരുൺ രാജ് മുതൽ പിന്നണി ഗായകനും സീസൺ രണ്ട് വിജയിയുമായ നജിം അർഷാദ്  അടക്കമുള്ള മുൻ വിജയികൾ ഒത്തു ചേരുന്നതായിരുന്നു ടീസർ വീഡിയോ.

ഉടൻ പുതിയ സീസൺ ആരംഭിക്കുമെന്ന് വീഡിയോയിൽ നജീമാണ് പ്രഖ്യാപിച്ചത്.  'സ്റ്റാർ സിംഗറിന്‍റെ' ഓരോ സീസണും പ്രിയപ്പെട്ട ഓർമ്മകളുടെ ഓർമ്മപ്പെടുത്തലാണെന്ന് അരുൺ പറയുന്നു. ഇരുവര്‍ക്കുമൊപ്പം സീസൺ-4 വിജയി ജോബി ജോൺ, മെറിൻ ഗ്രിഗറി (സീസൺ 6), മാളവിക (സീസൺ 7), സീസൺ-3ൽ നിന്ന് സോണിയ ആമോദ്, വിവേകാനന്ദ് എന്നിവരും പാട്ടുകളുമായി എത്തി. എക്കാലത്തെയും ഹിറ്റ് റിയാലിറ്റി ഷോയുടെ പുതിയ സീസണിനായുള്ള കാത്തിരിപ്പിലാണ് സംഗീത പ്രേമികളും.