ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് അശ്വതി ശ്രീകാന്ത്. വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന അശ്വതി ഇപ്പോള്‍ അഭിനയത്തിലേക്കു കൂടി ചുവടുമാറ്റിയിരിക്കുകയാണ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തിയിട്ടുള്ളത്. പ്രിയപ്പെട്ട അവതാരക അഭിനയത്തിലേക്ക് കാലെടുത്തുവച്ചതും നിറഞ്ഞ കയ്യടികളോടെയാണ് ആരാധകര്‍ വരവേറ്റത്. കോമഡിക്ക് മുന്‍തൂക്കമുള്ള ചക്കപ്പഴത്തേയും ആരാധകര്‍ പെട്ടന്നുതന്നെ ഹൃദയത്തിലേറ്റിക്കഴിഞ്ഞു.

തന്റെ വിശേഷങ്ങള്‍ പങ്കുവച്ചും, മകളുടെ വിശേഷങ്ങള്‍ പങ്കുവച്ചും, നിലപാടുകള്‍ കൊണ്ടും എക്കാലത്തും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അശ്വതി. ഇപ്പോഴിതാ തന്റെ ദീര്‍ഘ വീക്ഷണമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് അശ്വതി ശ്രീകാന്ത്. ബൈനോക്കുലറിലൂടെ അകലേക്ക് നോക്കി നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് അശ്വതി ചോദിക്കുന്നത്, 'എനിക്ക് നല്ല ദീര്‍ഘ വീക്ഷണം ഉണ്ടെന്ന് ഇപ്പൊ മനസ്സിലായില്ലേ ?' എന്നാണ്. 'തുറിച്ചുനോക്കണ്ട ഉണ്ണി ഇത് ഞാനല്ല', 'ഈശ്വരാ അവര് കുളികഴിഞ്ഞ് പോയിക്കാണുമോ' തുടങ്ങിയ രസകരമായ അടിക്കുറിപ്പുകളാണ് ആരാധകര്‍ ചിത്രത്തിന് കമന്റായി നല്‍കുന്നത്.

മിനിസ്‌ക്രീനിലൂടെ അവതാരക എന്ന നിലയിലാണ് മലയാളികളിലേക്ക് അശ്വതി ശ്രീകാന്ത് നടന്നുകയറിയതെങ്കിലും, ഇപ്പോള്‍ പേരിനൊപ്പം പറയാന്‍ വിശേഷണങ്ങള്‍ ഏറെയുണ്ട് അശ്വതിക്ക്. നടി, എഴുത്തുകാരി, ആക്ടിവിസ്റ്റ് തുടങ്ങിയ നിലകളിലെല്ലാം അശ്വതി ശ്രദ്ധ നേടുന്നുണ്ട്. ടിവി അവതാരക എന്ന നിലയില്‍ നിന്ന് മാറിയതും അഭിനേത്രിയായി എത്തിയത് അടുത്ത കാലത്തായിരുന്നു. താരം കഴിഞ്ഞദിവസം പങ്കുവച്ച മകളെക്കുറിച്ചുള്ള കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.