ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ അവതാരകയായിരുന്ന അശ്വതി ശ്രീകാന്ത് മിനിസ്‌ക്രീനിലെ നിറസാന്നിധ്യമായിമാറിയത് അടുത്തിടെയാണ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തിയത്. പ്രിയപ്പെട്ട അവതാരക അഭിനയത്തിലേക്ക് കാലെടുത്തുവച്ചതും നിറഞ്ഞ കയ്യടികളോടെയാണ് ആരാധകര്‍ വരവേറ്റത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അശ്വതി വ്യക്തിപരമായ വിശേഷങ്ങളും നിലപാടുകളുമൊക്കെ അതിലൂടെ പങ്കുവെക്കാറുണ്ട്. 

കഴിഞ്ഞദിവസം അശ്വതി പങ്കുവച്ച രണ്ട് ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. ഭര്‍ത്താവ് ശ്രീകാന്തിനൊപ്പം നില്‍ക്കുന്ന പതിനൊന്ന് വര്‍ഷം മുന്‍പുള്ള ഒരു ചിത്രവും ഇപ്പോഴത്തെ മറ്റൊരു ചിത്രവുമാണ് അശ്വതി പങ്കുവച്ചിരിക്കുന്നത്. കല്ല്യാണത്തിനുമുന്നേ ചേര്‍ത്തുപിടിച്ചെടുത്ത പടമാണെന്നും, കല്ല്യാണത്തിനുമുന്നേ ചേര്‍ന്നുനിന്ന് ഫോട്ടോ എടുത്തെന്ന പേരില്‍ വീട്ടുകാര്‍ അന്ന് കൊന്നില്ലെന്നേയുള്ളുവെന്നും അശ്വതി ചിത്രത്തിനൊപ്പം കുറിപ്പായി ചേര്‍ക്കുന്നുണ്ട്. കൊളെജ് കാലത്തെ പ്രണയം തീവ്രമായതും, പത്തുവര്‍ഷത്തിനിപ്പുറം വിവാഹം വീട്ടുകാരുടെ സമ്മതപ്രകാരം നടത്തിയതുമെല്ലാം അശ്വതി പലതവണ പറഞ്ഞിട്ടുണ്ട്.

അശ്വതിയുടെ പ്രണയകഥ അറിയാവുന്ന ആരാധകരെല്ലാംതന്നെ ചിത്രത്തിന് കമന്‍റുകളുമായെത്തുന്നുണ്ട്. ചെക്കന് ഒരു മാറ്റവുമില്ലെന്നാണ് അവതാരകനായ രാജ് കലേഷ് കമന്‍റ് ചെയ്യുന്നത്. 'ചേട്ടന്‍റെ കണ്ണാടി പൊട്ടിപ്പോയി, സ്വര്‍ണ്ണമാല ഇട്ടുനടന്ന ചേട്ടനിപ്പോള്‍ കടം കാരണം വെള്ളിമാലയാക്കി, ടെന്‍ഷന്‍ കാരണം മുടിയും കൊഴിഞ്ഞു' എന്നെല്ലാമാണ് ആരാധകരുടെ കമന്‍റുകള്‍. കമന്‍റുകള്‍ക്കൊന്നും മറുപടി കൊടുക്കാനും അശ്വതി മറന്നിട്ടില്ല. 'ചേര്‍ത്തുപിടിച്ച ചെക്കനിരിക്കട്ട ഒരു കുതിരപ്പവന്‍' എന്ന കമന്‍റിന്, 'തേക്കാതെ കൂടെ നിന്ന പെണ്ണിനില്ലെ പവനൊന്നും' എന്നാണ് അശ്വതി ചോദിക്കുന്നത്.