ഷാരൂഖ് ഖാന്റെ അടുത്ത ചിത്രം ഏതാണ്? 'സീറോ'യ്ക്ക് ശേഷം അഭിനയത്തില്‍ നിന്ന് ഒരിടവേള എടുത്തിരിക്കുകയായിരുന്ന കിംഗ് ഖാന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള സര്‍പ്രൈസ് പ്രഖ്യാപനം അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനമായിരുന്ന ഇന്നലെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ അങ്ങനെയൊന്ന് ഇതുവരെ സംഭവിച്ചിട്ടില്ല. 'ബിഗില്‍' സംവിധായകന്‍ ആറ്റ്‌ലിയാണ് ഷാരൂഖിന്റെ അടുത്ത ചിത്രത്തിന്റെ സംവിധായകനെന്നായിരുന്നു ബോളിവുഡ് വൃത്തങ്ങളില്‍ കേട്ട ഒരു സംസാരം. ഇപ്പോഴിതാ മറ്റൊരു തമിഴ് സംവിധായകന്റെ പേരും എസ്ആര്‍കെയുടെ പുതിയ പ്രോജക്ടിനൊപ്പം പറഞ്ഞുകേള്‍ക്കുന്നു.

മറ്റാരുമല്ല, വെട്രിമാരനാണ് അത്. ബോക്‌സ്ഓഫീസില്‍ അര്‍ഹിക്കുന്ന വിജയം നേടാതെപോയ 'വട ചെന്നൈ'ക്ക് ശേഷം കരിയറില്‍ ഒരു സാമ്പത്തിക വിജയം നേടി നില്‍ക്കുകയാണ് നിലവില്‍ അദ്ദേഹം. ധനുഷും മഞ്ജു വാര്യരും ഒരുമിച്ചെത്തിയ 'അസുരന്‍' മികച്ച ബോക്‌സ്ഓഫീസ് വിജയം നേടി ഇപ്പോഴും തീയേറ്ററുകളില്‍ തുടരുന്നുണ്ട്. കിംഗ് ഖാന്റെ പിറന്നാളിന് പിന്നാലെ അദ്ദേഹം വെട്രിമാരനൊപ്പവും ആറ്റ്‌ലിക്കൊപ്പവും നില്‍ക്കുന്ന രണ്ട് ചിത്രങ്ങള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. താനും ഭാര്യ പ്രിയയും മെഗാ താരത്തിനൊപ്പം നില്‍ക്കുന്ന ചിത്രം ആറ്റ്‌ലി തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്, അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട്. എന്നാല്‍ വെട്രിമാരന്‍ ഷാരൂഖ് ഖാനൊപ്പം നില്‍ക്കുന്ന ചിത്രം വെട്രിമാരനോ എസ്ആര്‍കെയോ പങ്കുവച്ചതല്ല. 

വെട്രിമാരന്റെ 'അസുരന്‍' ഷാരൂഖ് ഖാന്‍ കണ്ടുവെന്നും അതിന്റെ ഒരു ഹിന്ദി റീമേക്കില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും പ്രചരണമുണ്ട്. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല. അതേസമയം ചിത്രം തെലുങ്ക് റീമേക്കിന് ധാരണയായിട്ടുണ്ട്. ധനുഷ് അവതരിപ്പിച്ച റോളില്‍ വെങ്കടേഷ് ആണ് വരുക. 

അതേസമയം കിംഗ് ഖാന്റെ പിറന്നാളിന് മുന്‍പ് അടുത്ത ചിത്രത്തിന്റെ സംവിധായകനായി ആറ്റ്‌ലിയുടെ പേരാണ് ഏറ്റവുമധികം കേട്ടത്. 'സന്‍കി' എന്നാണ് ചിത്രത്തിന്റെ പേരെന്നും പിറന്നാളിന് പ്രഖ്യാപനം ഉണ്ടാവുമെന്നുമായിരുന്നു പ്രമുഖ ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. പിറന്നാള്‍ ദിനത്തില്‍ അത്തരത്തിലൊന്ന് നടന്നില്ലെങ്കിലും തുടര്‍ദിനങ്ങളില്‍ സംഭവിച്ചേക്കാം എന്ന പ്രതീക്ഷയിലാണ് കിംഗ് ഖാന്‍ ആരാധകര്‍.