തന്റെ പേരില്‍ പ്രചരിക്കുന്ന രസകരമായ ട്രോള്‍ പങ്കുവച്ച് നടന്‍ ബാബു ആന്റണി. താടിവച്ച, മെലിഞ്ഞ ഒരാളുടേതെന്ന് തോന്നിപ്പിക്കുന്ന രൂപം ഒരു വാഴയില്‍ കാണപ്പെട്ടത് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്ന ആളുകളും ആ ചിത്രത്തിനോടുള്ള പ്രതികരണവും ചേര്‍ന്നതാണ് ട്രോള്‍. 'ബാബു ആന്റണിയുടെ രൂപം ഏത്തവാഴയില്‍' എന്നാണ് ആദ്യചിത്രത്തിന് ട്രോളിലുള്ള അടിക്കുറിപ്പ്. അതിനോടുള്ള പ്രതികരണമായി 'എന്തുചെയ്യണമെന്നറിയാതെ സിനിമാലോകം' എന്ന കുറിപ്പോടെ കുമ്പളങ്ങി നൈറ്റ്‌സിലെ സൗബിന്റെ ചിത്രവും.

ഈ ട്രോള്‍ അയച്ചുതന്നവരോട് നന്ദിയുണ്ടെന്നും തങ്ങള്‍ ഒരുപാട് ചിരിച്ചെന്നും ബാബു ആന്റണി ഫേസ്ബുക്കില്‍ കുറിച്ചു. 'ഒരു വാഴയും എന്റെ ആരാധകനാണ് എന്നറിയുന്നതില്‍ സന്തോഷം', അദ്ദേഹം കുറിച്ചു.

'കായംകുളം കൊച്ചുണ്ണി'യിലും 'മിഖായേലി'ലും ബാബു ആന്റണി ശ്രദ്ധേയ വേഷങ്ങളില്‍ എത്തിയിരുന്നു. ഒമര്‍ ലുലുവിന്റെ വരാനിരിക്കുന്ന ചിത്രത്തില്‍ നായകനായും അദ്ദേഹം എത്തും. 'പവര്‍ സ്റ്റാര്‍' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷം നടക്കും. അക്ഷയ് കുമാറിനൊപ്പം ഒരു ഹിന്ദി ചിത്രത്തിലും ബാബു ആന്റണി അഭിനയിക്കുന്നുണ്ട്.