ബാബു ആന്‍റണി സമീപ വര്‍ഷങ്ങളില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത ഒന്നായിരുന്നു 'ഇടുക്കി ഗോള്‍ഡി'ലെ ആന്‍റണി. കാലം മുന്നോട്ടുപോയപ്പോള്‍ വീര്യം കൂടുക മാത്രം ചെയ്ത സുഹൃദ് ബന്ധങ്ങളുടെ കഥ പറഞ്ഞ ആഷിക് അബു ചിത്രത്തിലെ ബാബു ആന്‍റണി കഥാപാത്രത്തിന്‍റെ ചില സീക്വന്‍സുകള്‍ അദ്ദേഹത്തിന്‍റെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ചര്‍ച്ചയാക്കാറുണ്ട്. ഇപ്പോഴിതാ സിനിമയില്‍ നിന്നുള്ള ഒരു സീക്വന്‍സിനൊപ്പം അത് ചിത്രീകരിച്ചപ്പോഴത്തെ ഓര്‍മ്മയും പങ്കുവച്ചിരിക്കുകയാണ് ബാബു ആന്‍റണി.

'മാണിക്യച്ചിറകുള്ള' എന്ന് തുടങ്ങുന്ന ഗാനരംഗത്തിന്‍റെ ചിത്രീകരണാനുഭവമാണ് അദ്ദേഹം പറയുന്നത്. ലളിതവും സന്തോഷകരവുമായ നിമിഷങ്ങള്‍ ആയിരുന്നു ആ രംഗത്തിലേതെന്ന് പറയുന്നു ബാബു ആന്‍റണി. ചിത്രീകരണത്തിനിടെ വലിയ മഴയും തണുപ്പും എത്തിയതിനാല്‍ ചിത്രീകരണം നടന്ന കുരിശുമലയുടെ മുകളില്‍ മണിക്കൂറുകളോളം പെട്ടുപോയെന്നും.

ഒമര്‍ ലുലു അനൗണ്‍സ് ചെയ്തിരിക്കുന്ന പവര്‍ സ്റ്റാര്‍ എന്ന ചിത്രമാണ് ബാബു ആന്‍റണിയുടേതായി വരാനിരിക്കുന്ന ശ്രദ്ധേയ ചിത്രം. ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെയാവും അദ്ദേഹം അവതരിപ്പിക്കുക. ഡെന്നിസ് ജോസഫ് ഒരിടവേളയ്ക്കു ശേഷം തിരക്കഥയൊരുക്കുന്ന ചിത്രവുമായിരിക്കും ഇത്.