പുതുവര്‍ഷത്തില്‍ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവച്ച് നടൻ ബാലു വര്‍ഗീസും എലീനയും. അച്ഛനമ്മമാരാവാൻ തയ്യാറായി കഴിഞ്ഞുവെന്നാണ് ബാലു തന്റെ ഇൻസ്റ്റാ​ഗ്രാമിലൂടെ അറിയിച്ചത്.  താരം പങ്കുവെച്ച ചിത്രവും കുറിപ്പും ഇതിനകം തന്നെ ശ്രദ്ധേയമായി കഴിഞ്ഞു. നിറവയറുള്ള എലീനയുടെ ഒപ്പം നിൽക്കുന്ന ചിത്രമാണ് ബാലു പോസ്റ്റ് ചെയ്ത്. ദുബായിൽ നിന്നുള്ള ചിത്രമാണ് ഇത്.

"എല്ലാവർക്കും മികച്ചതും സന്തോഷകരവുമായ ഒരു വർഷമായിരിക്കെട്ട. നന്ദിയും പ്രത്യാശയുമായാണ് ഈ വർഷം ആരംഭിക്കുന്നത്. ഒരു സാഹസിക യാത്ര ആരംഭിക്കാൻ പോവുകയാണ്. ഈ മെയ് മാസത്തിൽ എത്തുന്ന ഒരാളെ കാണാൻ ഞങ്ങൾക്ക് കാത്തിരിക്കാനാവില്ല" എന്നാണ് ബാലു കുറിച്ചത്.  

പോസ്റ്റിന് പിന്നാലെ ആശംസയുമായി ആരാധകരും താരങ്ങളും രം​ഗത്തെത്തി. നേഹ അയ്യര്‍, വിനയ് ഫോര്‍ട്ട്, വിഷ്ണു ഉണ്ണികൃഷ്ണന്‍ തുടങ്ങി നിരവധി പേരാണ് ഇവര്‍ക്ക് ആശംസകൾ അറിയിച്ചിട്ടുള്ളത്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു ബാലു വര്‍ഗീസും എലീനയും വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. അഭിനയ രംഗത്ത് സജീവമായ ഇരുവരും വിജയ് സൂപ്പറും പൗര്‍ണിമയും എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ആസിഫ് അലി വിവാഹം ആലോചിക്കുന്ന പെണ്‍കുട്ടിയെ അവതരിപ്പിച്ചത് എലീനയായിരുന്നു. ആസിഫിന്റെ കൂട്ടുകാരനായാണ് ബാലു വര്‍ഗീസ് വേഷമിട്ടത്. താരനിബിഡമായിരുന്നു ഇവരുടെ വിവാഹം. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.