മമ്മൂട്ടി അഭിനയിക്കുന്ന സിനിമകളില്‍ അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ സെറ്റിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ഒരു ദിവസം വിളമ്പുന്ന സ്‌പെഷ്യല്‍ ബിരിയാണിയുണ്ട്. സിനിമാമേഖലയില്‍ മിക്കവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇപ്പോഴിതാ ഇപ്പോള്‍ ചിത്രീകരണം പുരോഗമിക്കുന്ന അജയ് വാസുദേവ് ചിത്രം 'ഷൈലോക്കി'ന്റെ സെറ്റിലും മമ്മൂട്ടി ബിരിയാണി വിളമ്പി. അണിയറപ്രവര്‍ത്തകര്‍ ഇതിന്റെ ചിത്രം 'ഷൈലോക്ക്' സിനിമയുടെ ഫേസ്ബുക്ക് പേജില്‍ ഇട്ടെങ്കില്‍ ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിബിന്‍ ജോര്‍ജ് മമ്മൂട്ടി വിളമ്പിയ ബിരിയാണിയെക്കുറിച്ച് അല്‍പം വാചാലനായി. 

ഇതുവരെ കഴിച്ചതില്‍ ഏറ്റവും സ്വാദുള്ള ബിരിയാണിയാണ് ഇന്ന് ഷൈലോക്കിന്റെ സെറ്റില്‍ വച്ച് കഴിച്ചതെന്ന് പറയുന്നു ബിബിന്‍. അത് മമ്മൂട്ടി സ്വന്തം കൈകൊണ്ട് വിളമ്പിത്തന്നതുകൊണ്ടാണെന്നും. ബിബിന്‍ ജോര്‍ജിന്റെ വാക്കുകള്‍- 'കഴിച്ചതില്‍ വെച്ച് ഏറ്റവും സ്വാദുള്ള ബിരിയാണിയാണ് ഞാന്‍ ഇന്ന് കഴിച്ചത്. അതിന് ഇത്രയും സ്വാദ് കൂടാനുള്ള കാരണം, അത് നമ്മുടെ മമ്മൂക്ക സ്വന്തം കൈ കൊണ്ട് വിളമ്പി തന്നതുകൊണ്ടാണ്. മമ്മൂക്കയുടെ എല്ലാ സെറ്റിലും വിളമ്പുന്ന ബിരിയാണിയെപ്പറ്റി പണ്ട് മുതല്‍ ഒരുപാട് കേട്ടിട്ടുണ്ട്. ഇന്ന്, അത് കഴിക്കാനുള്ള ഭാഗ്യവും ഉണ്ടായി. ഇവിടെ ദുല്‍ഖറിന്റെ പടത്തിലെ ഡയലോഗ് കടം ഇടുക്കുന്നു 'കഴിക്കുന്ന ആളിന്റെ മനസ്സ് നിറയ്ക്കാന്‍ അതില്‍ കുറച്ച് മൊഹബത്ത് ചേര്‍ത്താല്‍ മതി'

മാമാങ്കത്തിന് ശേഷം മമ്മൂട്ടി നായകനാവുന്ന ചിത്രമാണ് ഷൈലോക്ക്. ഒരു മാസ് ആക്ഷന്‍ ഫാമിലി ചിത്രമെന്നാണ് സിനിമയെക്കുറിച്ച് അജയ് വാസുദേവ് പറഞ്ഞിരിക്കുന്നത്. അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നീ നവാഗതരുടേതാണ് തിരക്കഥ. രാജ്കിരണ്‍, ബിബിന്‍ ജോര്‍ജ്, ബൈജു സന്തോഷ്, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ജോണ്‍ വിജയ് എന്നിവര്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കും. കൊച്ചിയും കോയമ്പത്തൂരുമാണ് പ്രധാന ലൊക്കേഷനുകള്‍. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് നിര്‍മ്മാണം.