ബിഗ് ബോസ് മലയാളം സീസണ്‍ 4 അതിന്‍റെ പകുതി ദിനങ്ങള്‍ ഇതിനകം പിന്നിട്ടിട്ടുണ്ട്.
ബിഗ് ബോസ് മലയാളം സീസണ്‍ 4 (Bigg Boss 4) അതിന്‍റെ പകുതി ദിനങ്ങള്‍ ഇതിനകം പിന്നിട്ടിട്ടുണ്ട്. മുന്‍ സീസണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കൌതുകകരമായ പല പ്രത്യേകതകളും ഇത്തവണത്തെ ബിഗ് ബോസ് മലയാളത്തിനുണ്ട്. മുന്‍ സീസണുകളിലെ ചില മത്സരാര്‍ഥികള്‍ സോഷ്യല്‍ മീഡിയയിലും മറ്റും താരപദവിയിലേക്ക് ഉയര്‍ന്നിട്ടുണ്ടെങ്കില്‍ ഇത്തവണ അത് അത്രയുമില്ല. അതേസമയം ഗെയിമുകളുടെയും ടാസ്കുകളുടെയും കാര്യത്തില്‍ ഈ സീസണ്‍ മുന്‍ സീസണുകളേക്കാള്‍ ബഹുദൂരം മുന്നിലാണെന്ന് ബിഗ് ബോസ് കാണുന്ന ഏതൊരാളും സമ്മതിക്കും.
പ്രത്യേകതകൾ പോലെ അപ്രതീക്ഷിതമാണ് ഇത്തവണത്തെ എവിക്ഷനും. എല്ലാവരെയും വിഷമത്തിലാക്കിയായിരുന്നു നിമിഷയുടെ എവിക്ഷൻ ബിഗ്ബോസ്(Bigg Boss) പ്രഖ്യാപിച്ചത്. ഷോ തുടങ്ങിയതു മുതൽ തന്നെ ജാസ്മിനും നിമിഷയും തമ്മിലുള്ള സൗഹൃദം ആരംഭിച്ചിരുന്നു. അതുകൊണ്ട് തന്നെ വളരെയധികം ഇമോഷണലായ ജാസ്മിനെയാണ് വീട്ടിൽ കാണാനായത്. ഇപ്പോഴിതാ പുറത്തുവന്ന ശേഷം ഇൻസ്റ്റഗ്രാമിൽ നിമിഷ പങ്കുവച്ച കുറിപ്പും ചിത്രവും ഇത്തരത്തിലുള്ളതാണ്.
50-ാം ദിനാഘോഷത്തിന്റെ ഭാഗമായി ബിഗ് ബോസ് മത്സരാർത്ഥികൾക്ക് നൽകിയ ട്രോഫിയും പിടിച്ച് നിൽക്കുന്ന ചിത്രമാണ് നിമിഷ പങ്കുവച്ചത്. ഒപ്പം ഒരു കുറിപ്പും. 'ജാസ്മിൻ അവളുടെ ട്രോഫിയും എനിക്ക് തന്നുവിട്ടു... അവളുടെ സ്വെറ്ററാണ് ഞാൻ ധരിച്ചിരിക്കുന്നത്. അവളെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്. യാത്ര തുടരൂ പോരാളി. നീ ജയത്തിനായി കാത്തിരിക്കാൻ വയ്യ...' എന്നുമായിരുന്നു നിമിഷ കുറിച്ചു.
ഒരിക്കൽ പോയി വീണ്ടും തിരിച്ചുവന്ന ഒരു മത്സരാർത്ഥി ഈ സീസണിൽ കാണില്ലെന്നായിരുന്നു മോഹൻലാൽ എവിക്ഷൻ സമയത്ത് നിമിഷയെ കുറിച്ച് പറഞ്ഞത്. ഇനിയൊരാൾക്കും ഇങ്ങനെയൊരു അവസരം കിട്ടില്ലെന്നും അതെ ആൾ ബിഗ് ബോസ് വീടിന്റെ പടിയിറങ്ങുകയാണെന്നും മോഹൻലാൽ പറഞ്ഞു. എന്തുപറ്റി എന്നാണ് കണ്ടമാത്രയിൽ മോഹൻലാൽ നിമിഷയോട് ചോദിക്കുന്നത്. എന്തുപറ്റിയെന്ന് തനിക്കറിയില്ലെന്നും ഞാൻ നന്നായി കളിച്ചുവെന്നാണ് വിശ്വാസമെന്നും നിമിഷ പറയുന്നു.
കഴിഞ്ഞ ആഴ്ചയിൽ മുഴങ്ങിക്കേട്ട ശബ്ദമാണ് നിമിഷയുടേത്. ഇവിടുന്ന് പോയി, വീണ്ടും വന്നു ക്യാപ്റ്റനായി ഞങ്ങളെല്ലാം പ്രതീക്ഷകളോടെയാണ് ഇരുന്നതെന്നും മോഹൻലാൽ പറയുന്നു. 'ഇത്രയും നാൾ ഇവിടെ പിടിച്ചുനിന്നു. ഇന്നിപ്പോൾ എന്റെ സമയമെത്തി. ജാസ്മിൻ തനിച്ചാണല്ലോ എന്നതാണ് എന്റെ വിഷമം എന്നും നിമിഷ പറയുന്നു. എനിക്ക് വേണ്ടിയെങ്കിലും ജാസ്മിൻ ജയിക്കണം' എന്ന് നിമിഷ പറയുന്നു. ശേഷം നിമിഷയുടെ രണ്ടാം വരവിലെ വിശേഷങ്ങൾ ബിഗ് ബോസ് പ്രദർശിപ്പിക്കുകയും ചെയ്തു. ' റിയാസ് കുറ്റബോധം ഒന്നും തോന്നരുത്. ജാസ്മിൻ, എനിക്ക് വേണ്ടി നീ ഇത് ജയിക്കണം. നീ എന്റെ ഫൈറ്ററാണ്. എല്ലാവരും നന്നായി കളിക്കണം. റോൺസൺ ജാസ്മിനെ നോക്കിക്കോളണേ', എന്ന് നിമിഷ പറയുകയും ചെയ്തു. ശേഷം മോഹൻലാൽ നിമിഷയെ യാത്രയാക്കുകയും ആയിരുന്നു.
