2022 ജൂലൈയിൽ ആണ് ദിൽഷ ബെൻസിന്‍റെ എസ്എൽസി എഎംജി കാർ വാങ്ങിയെന്ന വാർത്തകൾ വന്നത്.

ബി​ഗ് ബോസ് സീസൺ നാലിലെ ഏറെ ശ്രദ്ധനേടിയ മത്സരാർത്ഥികളായിരുന്നു ദിൽഷയും റോബിനും ബ്ലെസ്ലിയും. മൂവരും തമ്മിലുള്ള സൗഹൃദം ബി​ഗ് ബോസ് വീടിനകത്തും പുറത്തും ഏറെ ചർച്ചയായിരുന്നു. പകുതിയിൽ വച്ച് റോബിന് ഷോയിൽ നിന്നും പുറത്തുപോകേണ്ടി വന്നു. എന്നാൽ ദിൽഷയും ബ്ലെസ്ലിയും നൂറ് ദിവസം വരെ നിന്ന്, ഒരാൾ വിന്നറാകുകയും മറ്റൊരാൾ റണ്ണറപ്പാകുകയും ചെയ്തിരുന്നു. പിന്നാലെ മൂവരും തമ്മിലുള്ള സൗഹൃദം അവസാനിക്കുകയും ചെയ്തിരുന്നു. എന്നാൽ അഞ്ചാം സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴും ദിൽഷയ്ക്ക് എതിരെയുള്ള വിമർശനങ്ങൾ അവസാനിച്ചിട്ടില്ല. ഇപ്പോഴിതാ റോബിനെയും ബ്ലെസ്ലിയെയും പറ്റിച്ച് കാശുണ്ടാക്കിയെന്ന പേരിലും തനിക്ക് ആരോപണം നേരിടേണ്ടി വന്നുവെന്ന് പറയുകയാണ് ദിൽഷ. 

'ഞാനൊരു കാറിന്റെ വീഡിയോ ഇട്ടിരുന്നു. അത് പുറത്ത് വന്നപ്പോള്‍ ഒത്തിരി കമന്റുകളാണ് വന്നത്. അതില്‍ ചിലര്‍ പറഞ്ഞത് രണ്ട് പേരെ പറ്റിച്ചിട്ട് അമ്പത് ലക്ഷമുണ്ടാക്കിയെന്നും ആ പൈസ കൊണ്ട് വാങ്ങിയ കാറല്ലേ ഇതെന്നുമാണ്. ആ കാറിന്റെ യഥാര്‍ഥ വില എന്ന് പറയുന്നത് തന്നെ ഒന്നരക്കോടി രൂപയാണ്. ബിഗ് ബോസില്‍ നിന്നും എനിക്കാകെ കിട്ടിയ തുക അമ്പത് ലക്ഷവും. അതില്‍ ടാക്സ് ഓക്കെ കഴിഞ്ഞിട്ടുള്ള തുകയാണ് കൈയ്യില്‍ കിട്ടുക. അത് എത്രയുണ്ടാവുമെന്ന് നിങ്ങള്‍ക്ക് അറിയാന്‍ പറ്റും. പക്ഷേ ഇതൊന്നും മനസിലാക്കാതെയുള്ള കമന്റുകളും തംപ്‌നെയിലിലുള്ള വീഡിയോസുമാണ് അന്നൊക്കെ വന്നിരുന്നത്. ഭയങ്കര വിഷമമായിരുന്നു എനിക്ക് ഉണ്ടായതെന്ന്', ദില്‍ഷ പറയുന്നു. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു ദിൽഷയുടെ പ്രതികരണം. 

ഇനി യാത്ര മിനി കൂപ്പറിൽ; പുത്തൻ വാഹനം സ്വന്തമാക്കി അർജുൻ അശോകൻ

2022 ജൂലൈയിൽ ആണ് ദിൽഷ ബെൻസിന്‍റെ എസ്എൽസി എഎംജി കാർ വാങ്ങിയെന്ന വാർത്തകൾ വന്നത്. പിന്നാലെ വിമർശനങ്ങളും ദില്‍ഷയ്ക്ക് എതിരെ ഉയരുന്നുണ്ട്. അമ്പത് ലക്ഷം പലർക്കും നൽകും എന്നു പറഞ്ഞിരുന്നല്ലോ, എവിടെ അതെന്നാണ് ചിലരുടെ കമ്മന്റ്. 

വാശിയേറിയ മത്സരത്തിന് ഒടുവിൽ ആയിരുന്നു ദിൽഷ ബി​ഗ് ബോസ് സീസൺ നാലിന്റെ വിജയ കിരീടം ചൂടിയത്. എന്നാൽ ഡോ. റോബിൻ ഫാൻസിന്റെ വോട്ട് കൊണ്ടാണ് ദിൽഷ വിജയിച്ചതെന്നും താരം ഒന്നാം സ്ഥാനത്ത് എത്താൻ അർഹയല്ല എന്ന പ്രചാരണങ്ങളും നടന്നിരുന്നു. തനിക്കെതിരെ ഉയർന്ന ഇത്തരം ആരോപണങ്ങളിൽ ദിൽഷ മൗനം പാലിച്ചുവെങ്കിലും പിന്നീട് പ്രതികരണവുമായി ദിൽഷ എത്തിയിരുന്നു. ഒരു വീഡിയോയിലൂടെയാണ് ദിൽഷയുടെ പ്രതികരണം. ഇതിലാണ് ബ്ലെസിയും ഡോക്ടറും തമ്മിലുള്ള എല്ലാ സൗഹൃദവും അവസാനിച്ചു എന്ന് ദില്‍ഷ പറഞ്ഞത്.