ബിഗ്ബോസ് മലയാളം രണ്ടാം സീസണിലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു വീണ നായര്‍. മിനിസ്ക്രീനില്‍ നിന്ന് സിനിമയിലെത്തിയ വീണ ബിഗ് ബോസ് പ്ലാറ്റ്ഫോമില്‍ നിന്നും നിരവധി പുതിയ ആരാധകരെ നേടിയിട്ടുണ്ട്. ആയോധന കലയിലും ഓട്ടന്‍തുള്ളലിലും നൃത്തത്തിലുമൊക്കെ അഭിരുചിയുള്ള അവര്‍ ബിഗ് ബോസ് ഹൗസില്‍ ഏറ്റവുമധികം കലാപ്രകടനങ്ങള്‍ നടത്തിയ മത്സരാര്‍ഥി കൂടിയായിരുന്നു. ഇപ്പോഴിതാ കളരിയില്‍ തനിക്കുള്ള പ്രാഗത്ഭ്യം ഒരു വീഡിയോയിലൂടെ പ്രേക്ഷകര്‍ക്കു മുന്നിലേക്ക് അവതരിപ്പിച്ചിരിക്കുകയാണ് വീണ നായര്‍. 

വീ വൈബ്സ് എന്ന സ്വന്തം യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുന്ന വീഡിയോയില്‍ താന്‍ മുന്‍പ് കളരി അഭ്യസിച്ചിരുന്ന പുതുപ്പള്ളി തടിക്കല്‍ ബൈജു വര്‍ഗീസ് ഗുരുക്കളുടെ അടുത്തേക്ക് വീണ്ടും എത്തുകയാണ് വീണ. 'കച്ചമുറുക്കി വീണ്ടും കളരി തറയിലേക്ക്' എന്ന് തലക്കെട്ട് നല്‍കിയിരിക്കുന്ന വീഡിയോയില്‍ അടവുകളുമായി എതിരാളികളുടെ മുന്നില്‍ കൂസലില്ലാതെ നില്‍ക്കുന്ന വീണയെ കാണാം. രാജീവ് വിജയാണ് മ്യൂസിക്കല്‍ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. നിരവധി ആരാധകരാണ് വീണയ്ക്ക് അഭിനന്ദനങ്ങളുമായി എത്തുന്നത്. 

വീഡിയോ കാണാം