അട്ടപ്പാടി: നടന്‍ ബിജു മേനോന് സിനിമ ഷൂട്ടിങ്ങിനിടെ പൊള്ളലേറ്റു. പൃഥ്വിരാജ് നായകനായെത്തുന്ന 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയായിരുന്നു അപകടം. വാഹനം കത്തിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പൊള്ളലേറ്റത്. കാലിലും കയ്യിലും നേരിയ പൊള്ളലേറ്റ താരത്തിന് വൈദ്യസഹായം നല്‍കിയ ശേഷം ഷൂട്ടിങ് തുടര്‍ന്നു.

അട്ടപ്പാടി കോട്ടത്തറയിലായിരുന്നു ഷൂട്ടിങ്. നാലു വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ 'അനാര്‍ക്കലി' എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ്- ബിജു മേനോന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'അയ്യപ്പനും കോശിയും'. അനാര്‍ക്കലി സംവിധാനം ചെയ്ത സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി തന്നെയാണ് ഈ ചിത്രവും ഒരുക്കുന്നത്.