രജനീകാന്ത് നായകനാകുന്ന ദര്‍ബാര്‍ എന്ന തമിഴ് ചിത്രത്തില്‍ അവസരം ചോദിച്ച് ഹോളിവുഡ് നടന്‍ ബില്‍ ഡ്യൂക്ക്. എആര്‍ മുരുഗദോസ് ഒരുക്കുന്ന ഈ ചിത്രത്തില്‍ തനിക്കും ഒരു വേഷം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ട്വീറ്റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. 

'എആര്‍ മുരഗദോസ് എനിക്ക് തമിഴ് സംസാരിക്കാന്‍ അറിയില്ല. പക്ഷെ രജനീകാന്തിന്‍റെ അകന്ന അമേരിക്കന്‍ ബന്ധുവായോ നയന്‍താരയുടെ അങ്കിളായോ അഭിനയിക്കാന്‍ സാധിക്കും. എനിക്ക് അതിന് അവസരം നല്‍കുമോ? അനിരുദ്ധിന് എല്ലാവരെയും ഉള്‍ക്കൊള്ളിച്ച് മനോഹരമായ ഗാനങ്ങള്‍ ചിട്ടപ്പെടുത്താന്‍ സാധിക്കും. എന്ത് പറയുന്നു?'- ബില്‍ ഡ്യൂക്കിന്‍റെ ട്വീറ്റ് ഇങ്ങനെയായിരുന്നു.

ബില്‍ ഡ്യൂക്കിന്‍റെ ഔദ്യോഗിക പേജില്‍ പങ്കുവച്ച കുറിപ്പ് വിശ്വസിക്കാനാകാതെ മുരുഗദോസ് ട്വീറ്റ് റീ ട്വീറ്റ് ചെയ്തിട്ടുണ്ട്. സാര്‍ ഇത് താങ്കള്‍ തന്നെയാണോ എന്നാണ് മുരുഗദോസ് ചോദിക്കുന്നു. ഹോളിവുഡ് താരം തന്‍റെ സിനിമയില്‍ അവസരം ചോദിച്ചതാണ് മുരുഗദോസിനെ അമ്പരപ്പിക്കുന്നത്. 
കമാന്‍റോ പ്രിഡേറ്റര്‍ എന്ന ചിത്രത്തിലൂടെ സുപരിചതനായ നടനാണ് ബില്‍ ഡ്യൂക്ക്. അര്‍ണോള്‍ഡ് സ്വാറ്റ്സെനേഗര്‍ ആയിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്.

രജനീകാന്ത് പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് ദര്‍ബാല്‍. പാണ്ഡ്യന്‍ എന്ന സിനിമയില്‍ പൊലീസ് വേഷത്തിലെത്തി, 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരത്തിന്‍റെ പൊലീസ് കഥാപാത്രമെത്തുന്നത്.  നയന്‍താരയാണ് നായിക. രജനിയും മുരുഗദോസും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ എസ്ജെ സൂര്യയാണ് വില്ലനായി എത്തുന്നത്.