ലോസ് ഏഞ്ചൽസിലെ കാട്ടുതീയിൽ 11 പേർ മരിക്കുകയും 130,000 പേരെ വീടുകളിൽ നിന്ന് ഒഴിപ്പിക്കുകയും ചെയ്തു. നിരവധി ഹോളിവുഡ് താരങ്ങളുടെ വീടുകൾ കത്തിനശിച്ചു, 

ലോസ് ഏഞ്ചൽസ്: അമേരിക്കയിലെ കാലിഫോര്‍ണി സംസ്ഥാനത്തെ ലോസ് ഏഞ്ചൽസിൽ പടര്‍ന്നുപിടിച്ച കാട്ടുതീയില്‍ 11 പേരെങ്കിലും മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. കൂടാതെ 130,000-ത്തിലധികം ആളുകളെ അവരുടെ വീടുകളിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായിരിക്കുകയാണ്. 4000 ത്തോളം വീടുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചിട്ടുണ്ട്. ഇപ്പോഴും തീ അണയ്ക്കാനുള്ള ശ്രമത്തിലാണ് രക്ഷപ്രവര്‍ത്തകരും അമേരിക്കന്‍ ഭരണകൂടവും. 

അമേരിക്കന്‍ ചലച്ചിത്ര മേഖലയുടെ തലസ്ഥാനമാണ് ലോസ് ഏഞ്ചൽസിലെ ഹോളിവുഡ‍്. ഇവിടെയും തീ പിടുത്തം രൂക്ഷമായി ബാധിച്ചു. നിരവധി ഹോളിവുഡ് താരങ്ങളെ ഈ പ്രകൃതി ദുരന്തം ബാധിച്ചു. പലരുടെയും ആഡംബര വീടുകൾ ചാരമായി മാറി ഈ കാട്ടുതീയില്‍.

യുഎസ് മോഡലും നടിയും ഗായികയുമായ പാരിസ് ഹിൽട്ടൺ തന്‍റെ മാലിബുവിലെ വീട് കത്തി അമര്‍ന്ന വിവരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. “ഇന്ന് പലരും വീടെന്ന് വിളിച്ച സ്ഥലമില്ലാതെ ഉണരുന്നുവെന്ന് അറിയുന്നത് ശരിക്കും ഹൃദയഭേദകമാണ്,” ഹില്‍ട്ടണ്‍ എഴുതി. ഹിൽട്ടന്‍റെ മാലിബുവിലെ ബീച്ച് ഹൗസ്, 2021-ൽ 8 മില്യൺ യുഎസ് ഡോളറിന് വാങ്ങിയത്. പരീസ് ഹില്‍ട്ടണിന്‍റെ മകൻ ഫീനിക്സ് ആദ്യകാലത്ത് വളര്‍ന്ന വീട് എന്നതിനാല്‍ വൈകാരികമായി അടുപ്പമുള്ള വീടാണ് നടിക്ക് നഷ്ടമായത്. 

പുക നിറഞ്ഞ ആകാശത്തിന്‍റെ വീഡിയോ പങ്കിട്ട് അൽതാഡെന എന്ന സ്ഥലത്ത് താമസിക്കുന്ന മാന്‍ഡി മൂര്‍ തന്‍റെ വീടും അയല്‍വക്കത്തെ വീടുകളും കുട്ടികളുടെ സ്കൂളും, പ്രയപ്പെട്ട റസ്റ്റോറന്‍റും കത്തിപ്പോയ വിവരം പങ്കുവച്ചു. ഗായികയും ഗാനരചയിതാവും നടിയുമാണ് മാന്‍ഡി മൂര്‍.

45 വര്‍ഷം കുടുംബവുമായി ഒന്നിച്ച് ജീവിച്ച വീടാണ് ബില്ലി ക്രിസ്റ്റലിന്‍റതായി കത്തി അമര്‍ന്നത്. ഞങ്ങളുടെ മക്കളെയും പേരക്കുട്ടികളെയും ഞങ്ങൾ ഇവിടെ വളർത്തി. ഞങ്ങളുടെ വീടിന്‍റെ ഓരോ ഇഞ്ചും സ്നേഹത്താൽ നിറഞ്ഞിരുന്നു. മനോഹരമായ ഓർമ്മകളാണ് കത്തിപ്പോയത് എന്ന് നടനും നിര്‍മ്മാതാവുമായ ബില്ലി പറയുന്നു. 

ദി പ്രിൻസസ് ബ്രൈഡിലെ താരം കാരി എൽവെസ് തന്‍റെ പാലിസേഡ്സിലെ വീട് കത്തിനശിച്ചതായി സ്ഥിരീകരിച്ചു. നടൻ കാമറൂൺ മാത്തിസൺ തന്‍റെ തകർന്ന വീടിൻ്റെ ഒരു ഇൻസ്റ്റാഗ്രാം വീഡിയോ പങ്കിട്ടു. ദി ഹിൽസിലെ താരങ്ങളായ സ്പെൻസർ പ്രാറ്റിനും ഹെയ്ഡി മൊണ്ടാഗിനും തീപിടുത്തത്തിൽ വീട് നഷ്ടപ്പെട്ടു. 

താന്‍ വീട്ടില്‍ നിന്നും രക്ഷപ്പെട്ട് ഒരു മണിക്കൂറിനുള്ളില്‍ വീട് കത്തി അമര്‍ന്നുവെന്നാണ് നടന്‍ ജെയിംസ് വു‍ഡ് സിഎന്‍എന്നിനോട് പറഞ്ഞത്. ഒരു അമേരിക്കൻ ടെലിവിഷൻ അവതാരകയും അഭിനേത്രിയുമാണ് മെലിസ റീവേര്‍സ് തനിക്കും കുടുംബത്തിനും ഉള്ള എല്ലാം നഷ്ടമായി എന്നാണ് പറഞ്ഞത്. ആദം ബ്രോഡി, ലെയ്‌ടൺ മീസ്റ്റർ, റിക്കി ലേക്ക്, ജെനെ ഐക്കോ എന്നീ പ്രമുഖരും തീയാല്‍ ബാധിക്കപ്പെട്ടിട്ടുണ്ട്. 

കാട്ടുതീ പടർന്ന് പിടിക്കുമ്പോഴും കൊള്ള നടത്തുന്നവർ! ലോസ് ആഞ്ചലസിനെ മറ്റൊരു വെല്ലുവിളി; 20 പേർ പിടിയിൽ

കാട്ടു തീയുടെ മുന്നിൽ പകച്ച് ലോസ് ഏഞ്ചൽസ്