സംപ്രേഷണം ആരംഭിച്ച് വൈകാതെതന്നെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരമായ പരമ്പരയാണ് ചക്കപ്പഴം. അവതാരകയായ അശ്വതി ശ്രീകാന്ത് ആദ്യമായി അഭിനയരംഗത്തേക്ക് എത്തുന്നു എന്നതിലൂടെയാണ് ചക്കപ്പഴം തുടക്കത്തില്‍ പ്രേക്ഷക ശ്രദ്ധ നേടിയത്. ടിക് ടോക്ക് താരവും നര്‍ത്തകനുമായ അര്‍ജുന്‍ സോമശേഖര്‍ പരമ്പരയിലേക്ക് എത്തിയതും വാര്‍ത്തായിരുന്നു. നടന്‍ ശ്രീകുമാറിനൊപ്പം ചില പുതുമുഖങ്ങളും ചേര്‍ന്നൊരുക്കുന്ന പരമ്പരയ്ക്ക് ഇപ്പോള്‍ നിരവധി കാഴ്ചക്കാരുണ്ട്. ശ്രുതി രജനീകാന്ത് കൈകാര്യം ചെയ്യുന്ന പിങ്കി എന്ന കഥാപാത്രം പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. പിങ്കി എന്നതിലുപരിയായി 'പൈങ്കിളി' എന്ന പേരാകും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടത്.

സോഷ്യല്‍മീഡിയയില്‍ സജീവമായ ശ്രുതിക്ക് ആരാധകരുടെ വലിയൊരു നിരതന്നെയുണ്ട്. വളരെ ചെറുപ്പംമുതലെ അഭിനയമേഖലയിലുള്ള താരമാണ് ശ്രുതിയെങ്കിലും, താരത്തെ ആരാധകര്‍ തിരിച്ചറിയാന്‍ തുടങ്ങിയത് 'പൈങ്കിളി'യായെത്തിയപ്പോഴായിരുന്നു.  ശ്രുതി കഴിഞ്ഞദിവസം പങ്കുവച്ച ചിത്രം വലിയ ശ്രദ്ധ നേടി. 'ത്രോ ബാക്ക്, എട്ടു സുന്ദരികളും ഞാനും' എന്നുപറഞ്ഞാണ് ശ്രുതി തന്‍റെ പഴയകാല ഓര്‍മ്മച്ചിത്രം പങ്കുവച്ചിരിക്കുന്നത്. 2004ല്‍ സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്ന കോമഡി പ്രോഗ്രാമായിരുന്നു എട്ടു സുന്ദരികളും ഞാനും. തെസ്‌നി ഖാന്‍, മണിയന്‍പിള്ള രാജു, ജാഫര്‍ ഇടുക്കി തുടങ്ങിയവര്‍ ഒന്നിച്ചെത്തിയിരുന്ന പരമ്പരയില്‍ അഭിനയിക്കുന്ന കാലത്തെ ചിത്രമാണ് ശ്രുതി പങ്കുവച്ചത്. ഒരു കുടുംബത്തിലെ സന്തോഷങ്ങളും പിണക്കവും ഇണക്കവുമെല്ലാം ഒപ്പിയെടുത്ത പരമ്പര അക്കാലത്തെ വലിയ വിജയമായിരുന്നു.

കുട്ടിത്താരമായെത്തിയ ശ്രുതിയാണ് തെസ്‌നി ഖാനോടും പൊന്നമ്മ ബാബുവിനോടും ഒന്നിച്ചിരിക്കുന്ന ചെറിയ കുട്ടിയെന്നത് പല ആരാധകര്‍ക്കും പുത്തനറിവായിരുന്നു. പണ്ടെ സുന്ദരിയാണല്ലോയെന്നാണ് ശ്രുതിയോട് ആരാധകര്‍ ചോദിക്കുന്നത്. കൂടാതെ എട്ടു സുന്ദരികളും ഞാനും പരമ്പരയുടെ ആരാധകരെല്ലാംതന്നെ തങ്ങളുടെ ഗൃഹാതുരത്വവും പോസ്റ്റിനുതാഴെ പങ്കുവയ്ക്കുന്നുണ്ട്.