കഴിഞ്ഞ വര്‍ഷാവസാനം ചിത്രീകരണമാരംഭിച്ച സിനിമയുടെ ആദ്യ ഷെഡ്യൂള്‍ നേരത്തേ പൂര്‍ത്തിയായിരുന്നു. 

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ അഭിനയിക്കുന്ന ചിത്രമാണ് 'പത്താന്‍'. 2018ല്‍ പുറത്തെത്തിയ 'സീറോ'യുടെ പരാജയശേഷം കരിയറില്‍ നിന്ന് ഒരു ഇടവേളയെടുക്കുകയായിരുന്നു അദ്ദേഹം. പുതിയ സിനിമയെക്കുറിച്ച് ഷാരൂഖ് ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ലെങ്കിലും 'പത്താന്‍' ലൊക്കേഷനില്‍ നിന്നുള്ള അദ്ദേഹത്തിന്‍റെ നിരവധി ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. '2021ല്‍ ബിഗ് സ്ക്രീനില്‍ കാണാം' എന്ന ഒരു വരി മാത്രമാണ് സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം കുറിച്ചത്. ചിത്രീകരണം പുരോഗമിക്കുന്ന 'പത്താന്‍' ലൊക്കേഷനില്‍ നിന്ന് എത്തുന്ന ഏറ്റവും പുതിയ വാര്‍ത്ത ഏതായാലും പോസിറ്റീവ് ആയ ഒന്നല്ല. സംവിധായകനും സഹസംവിധായകനുമിടയിലുള്ള അഭിപ്രായവ്യത്യാസം അടികലശലില്‍ കലാശിച്ചതിനെക്കുറിച്ചാണ് അത്.

സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദിനും അദ്ദേഹത്തിന്‍റെ സഹസംവിധായകനുമിടയില്‍ രൂപപ്പെട്ട പ്രശ്നങ്ങള്‍ കാരണം സിനിമയുടെ ചിത്രീകരണം ഒരു ദിവസമാണ് നിര്‍ത്തിവെക്കേണ്ടി വന്നതെന്ന് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു. 'തന്‍റെ സെറ്റില്‍ അച്ചടക്കം വേണമെന്ന് നിഷ്കര്‍ഷിക്കുന്ന സംവിധായകനാണ് സിദ്ധാര്‍ഥ്. ഈ ചിത്രത്തില്‍ ഒരു സഹസംവിധായകന്‍റെ പെരുമാറ്റത്തില്‍ അദ്ദേഹത്തിന് അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. ചിത്രകരണസമയത്ത് ആരും ഫോണ്‍ ഉപയോഗിക്കരുതെന്ന സംവിധായകന്‍റെ നിര്‍ദേശവും ഈ സഹസംവിധായകന്‍ ചെവിക്കൊണ്ടിരുന്നില്ല. ഏതാനും ദിവസം സഹസംവിധായകന്‍റെ പ്രവര്‍ത്തികള്‍ നിരീക്ഷിച്ചതിനുശേഷം സിദ്ധാര്‍ഥ് അസിസ്റ്റന്‍റ്നെ വിളിച്ച് തന്‍റ അഭിപ്രായം അറിയിക്കുകയായിരുന്നു. ഇത് ഇരുവര്‍ക്കുമിടയിലെ വലിയ വാക്കുതര്‍ക്കത്തിലേക്ക് എത്തിച്ചെങ്കിലും കാര്യങ്ങള്‍ അവിടെ അവസാനിക്കുമെന്നാണ് മറ്റുള്ളവര്‍ കരുതിയത്. എന്നാല്‍ തന്നെ ചീത്ത വിളിക്കുകയും മറ്റുള്ളവരോട് തന്നെക്കുറിച്ച് മോശമായി പറയുകയും ചെയ്ത അസിസ്റ്റന്‍റുമായി സിദ്ധാര്‍ഥ് വീണ്ടും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. സെറ്റിലുണ്ടായിരുന്ന മറ്റുള്ളവരെ അമ്പരപ്പിച്ചുകൊണ്ട് ഇരുവരും പരസ്പരം അടിക്കുകയും ചെയ്തു. ആ ദിവസത്തെ ചിത്രീകരണം മുടങ്ങുകയും ചെയ്തു", എന്നാല്‍ പിറ്റേന്നുതന്നെ ഷൂട്ടിംഗ് പുനരാരംഭിച്ചെന്നും ചിത്രവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

ദീപിക പദുകോണ്‍ ആണ് 'പത്താനി'ല്‍ ഷാരൂഖിന്‍റെ നായിക. നേരത്തെ ഓം ശാന്തി ഓം, ചെന്നൈ എക്സ്പ്രസ്, ഹാപ്പി ന്യൂ ഇയര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ആക്ഷന്‍ ഡ്രാമ ചിത്രത്തില്‍ ജോണ്‍ എബ്രഹാമും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷാവസാനം ചിത്രീകരണമാരംഭിച്ച സിനിമയുടെ ആദ്യ ഷെഡ്യൂള്‍ നേരത്തേ പൂര്‍ത്തിയായിരുന്നു.