ബോളിവുഡിന്‍റെ പ്രിയ താരജോഡികളാണ് റണ്‍വീര്‍ സിംഗും ദീപിക പദുക്കോണും. ഇരുവരുടേയും വിശേഷങ്ങളറിയാന്‍ ആരാധകര്‍ക്ക് ഏറെ താല്‍പര്യവുമാണ്. അതിനാല്‍ ആരാധകര്‍ക്കായി തങ്ങളുടെ പ്രിയ നിമിഷങ്ങളെല്ലാം ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടാറുണ്ട്. നടന്‍ റണ്‍വീര്‍ കപൂറുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷമാണ് ദീപിക  റണ്‍വീര്‍ സിംഗുമായി അടുക്കുന്നതും പ്രണയത്തിലായതും.

നീണ്ട ആറു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കഴിഞ്ഞ നവംബര്‍ 14 നാണ് ഇരുവരും വിവാഹിതരായത്. ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങളും വന്‍ ഹിറ്റായിരുന്നു. ഇരുവരും ചേര്‍ന്ന് അഭിനയിച്ച 83 എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ളത്. ചിത്രത്തില്‍ കപില്‍ ദേവായി റണ്‍വീര്‍ എത്തുമ്പോള്‍ ഭാര്യയായി ദീപികയുമെത്തുന്നു. 

കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റണ്‍വീറിനോട് പ്രണയം തോന്നിയതിനെക്കുറിച്ചും അതിന്‍റെ  കാരണത്തെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് ദീപിക പദുക്കോണ്‍. തന്‍റെ മനസില്‍ എന്താണോ തോന്നുന്നത് അതിനോട് സത്യസന്ധത പുലര്‍ത്തുന്ന വ്യക്തിയാണ് റണ്‍വീറെന്നാണ് ദീപിക പറയുന്നത്. 

മനസില്‍ തോന്നുന്ന വികാരമെന്തായാലും അത് സത്യസന്ധമായി പറയുകയും പ്രകടിപ്പിക്കുകയും ചെയ്യും. അക്കാര്യത്തില്‍ ഒരു അഭിനയവുമില്ല. കരിയറിലും ജീവിതത്തിലും ഉയര്‍ച്ചയും താഴ്ചയുമുണ്ടാകും. എന്‍റെ ജീവിതത്തിലും അങ്ങനെയുണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം റണ്‍വീര്‍ എന്നോട് ഒരു പോലെയാണ് പെരുമാറിയിട്ടുള്ളത്. റണ്‍വീറിന്‍റെ ഈ സ്വഭാവഗുണങ്ങളാണ് എന്നെ അദ്ദേഹത്തോട്  അടുപ്പിച്ചതെന്നും ദീപിക കൂട്ടിച്ചേര്‍ത്തു.