ബെംഗളൂരു: ബെം​ഗളൂരുവിലുള്ള തന്റെ ഉറ്റ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്തതിന് പിന്നാലെ പനിപ്പിടിച്ച് കിടപ്പാണ് ​ദീപിക പദുക്കോൺ. വിവാഹ ആഘോഷങ്ങളിൽ അമിതമായി സന്തോഷിച്ച താൻ ഇപ്പോൾ പനി ബാധിച്ച് കിടപ്പിലായെന്നുളള വിവരം താരം തന്നെയാണ് സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്. 

”ഉറ്റ സുഹൃത്തിന്റെ വിവാഹത്തിൽ‌ നിങ്ങൾ അമിതമായി സന്തോഷിച്ചാൽ” എന്ന അടിക്കുറിപ്പോടുകൂടി വായിൽ തെർമോമീറ്റർ ഇമോജിയും വച്ചുള്ളൊരു ചിത്രമാണ് ദീപിക ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഉറ്റ സുഹൃത്തായി ഉർവശി കേശ്വാനിയുടെ വിവാഹത്തിനാണ് ദീപികയും ഭർത്താവും നടനുമായ രൺവീർ സിം​ഗും പങ്കെടുത്തത്. ദീപികയുടെ സഹോദരി അനിഷ പദുക്കോണും വിവാഹത്തിൽ പങ്കെടുത്തിരുന്നു. ഞായറാഴ്ചയായിരുന്നു വിവാഹം.

ദീപിക പദുക്കോണും ഭർത്താവ് രൺവീർ സിം​ഗും വിവാഹത്തിൽ പങ്കെടുത്തതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. സംഗീത് ചടങ്ങിൽ രൺവീർ സിങ് ‘ഗല്ലി ബോയ്’ സിനിമയിലെ പാട്ട് പാടുന്നതിന്റെയും രൺവീറും ദീപികയും നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മെഹന്തി ചടങ്ങിൽ ദീപിക പങ്കെടുത്തതിന്റെ ചിത്രങ്ങളും സോഷ്യൽ‌മീഡിയ ഏറ്റെടുത്തിട്ടുണ്ട്. കാഞ്ചീവരം സാരി ദരിച്ചാണ് ദീപിക വിവാഹത്തിനെത്തിയത്. റെഡ് ആൻഡ് ഗോൾഡൻ അനാർക്കലിയായിരുന്നു അനിഷയുടെ വസ്ത്രം.