തമിഴ്- തെലുങ്ക് നടി റെജിന കാസന്ദ്ര ഏറ്റവും ഒടുവില്‍ നായികയായി അഭിനയിച്ച ചിത്രം സെവൻ ആണ്. തീയേറ്ററില്‍ മികച്ച പ്രതികരണം നേടാൻ ചിത്രത്തിനായിരുന്നില്ല. പക്ഷേ റെജിന വീണ്ടും സിനിമ മാധ്യമങ്ങളിലെ വാര്‍ത്തകളില്‍ ഇടംനേടുകയാണ്.  റെജിനയുടെ വിവാഹനിശ്ചയം കഴിഞ്ഞുവെന്നതാണ് വാര്‍ത്ത. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് റെജിനയുടെ അടുത്ത സുഹൃത്തുക്കള്‍.

ചെന്നൈയില്‍ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ച് റെജിനയുടെ വിവാഹനിശ്ചയം കഴിഞ്ഞുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്. വരന്റെ പേരുവിവരങ്ങള്‍ പക്ഷേ വാര്‍ത്തകളിലുണ്ടായിരുന്നില്ല. അടുത്തമാസം വിവാഹം നടക്കുമെന്നുമായിരുന്നു വാര്‍ത്ത. എന്നാല്‍ വിവാഹവാര്‍ത്ത വ്യാജമാണെന്നാണ് റെജിനയുടെ മാനേജര്‍ പറയുന്നത്. എങ്ങനെയാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നതെന്ന് അറിയില്ല. പുതിയ തമിഴ്- തെലുങ്ക് ചിത്രങ്ങളുടെ ചര്‍ച്ചയിലാണ് അവര്‍- മാനേജര്‍ പറയുന്നു.  കണ്ട നാള്‍ മുതല്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ എത്തിയ റെജിന നിരവധി ചിത്രങ്ങളില്‍ നായികയായിട്ടുണ്ട്. ഏക് ലഡ്‍കി കോ ദേഖാ തൊ ഐസ ലഗാ എന്ന ഹിന്ദി ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.