അടുത്ത സുഹൃത്ത് വൈഷ്‍ണവ് ഹരിചന്ദ്രനാണ് ദിയയുടെ പ്രണയകഥയിലെ നായകന്‍

സോഷ്യല്‍ മീഡിയയില്‍ സെലിബ്രിറ്റി സ്റ്റാറ്റസ് തന്നെയുള്ളവരാണ് നടന്‍ കൃഷ്‍ണകുമാറിന്‍റെ മക്കള്‍. അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവര്‍ക്കെല്ലാം ഇന്‍സ്റ്റഗ്രാം അടക്കമുള്ള പ്ലാറ്റ്ഫോമുകളില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉണ്ട്. ആരാധകരുമായി സംവദിക്കാനും ഇവര്‍ സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ ആരാധകര്‍ക്കും ഏറെ കൗതുകമുള്ള വ്യക്തിപരമായ ഒരു കാര്യം പങ്കുവച്ചിരിക്കുകയാണ് ദിയ കൃഷ്‍ണ. മറ്റൊന്നുമല്ല, താന്‍ പ്രണയിക്കുന്ന വ്യക്തിയെക്കുറിച്ചാണ് ദിയ ആദ്യമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

View post on Instagram

അടുത്ത സുഹൃത്ത് വൈഷ്‍ണവ് ഹരിചന്ദ്രനാണ് ദിയയുടെ പ്രണയകഥയിലെ നായകന്‍. അടുത്ത സുഹൃത്തുമായി താന്‍ പ്രണയത്തിലായിരിക്കുകയാണെന്ന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ദിയ കുറിച്ചു. 'എന്‍റെ സോള്‍മേറ്റ്', 'മേഡ് ഫോര്‍ ഈച്ച് അതര്‍' എന്നൊക്കെ ഇന്‍സ്റ്റഗ്രാം സ്റ്റോറികളില്‍ വൈഷ്‍ണവിനെക്കുറിച്ച് ദിയ കുറിച്ചിട്ടുണ്ട്. ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ദിയയും വൈഷ്‍ണവും ഇന്‍സ്റ്റഗ്രാമിലൂടെ മുന്‍പും പലപ്പോഴും പങ്കുവച്ചിരുന്നു. എന്നാല്‍ തങ്ങള്‍ പ്രണയത്തിലാണെന്ന കാര്യം ആദ്യമായാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

ദിയയ്ക്കൊപ്പമുള്ള നിരവധി നിമിഷങ്ങള്‍ കോര്‍ത്ത ഒരു വീഡിയോയിലൂടെ വൈഷ്‍ണവ് ആണ് പ്രണയത്തെക്കുറിച്ച് ആദ്യം സൂചന നല്‍കിയത്. "ഒരു കെട്ടുകഥ യാഥാര്‍ഥ്യമായതുപോലെ", എന്നാണ് ദിയയെ ടാഗ് ചെയ്‍ത പോസ്റ്റിനൊപ്പം വൈഷ്‍ണവ് കുറിച്ചത്. ഇതിനു മറുപടിയായി 'ഐ ലവ് യൂ' എന്ന് ദിയ കുറിച്ചതോടെ ആരാധകര്‍ പ്രണയം ഉറപ്പിച്ചു. ദിയയുടെ കമന്‍റിന് നിരവധി ലൈക്കുകളും കമന്‍റുകളുമാണ് ലഭിച്ചിരിക്കുന്നത്.