അരങ്ങേറ്റ ചിത്രമായ സെക്കന്‍റ് ഷോ റിലീസാവുന്നതിന് തലേ വര്‍ഷമായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍റെ വിവാഹം, 2011ല്‍. ആര്‍ക്കിടെക്റ്റ് ആയ അമാല്‍ സൂഫിയയാണ് ദുല്‍ഖറിന്‍റെ ഭാര്യ. മറിയം എന്ന് പേരിട്ടിരിക്കുന്ന രണ്ടര വയസ്സുകാരി മകളുമുണ്ട് ഇവര്‍ക്ക്. തങ്ങളുടെ വിവാഹം പ്രണയത്തോടെയുള്ള അറേഞ്ച്ഡ് മാര്യേജ് ആയിരുന്നുവെന്ന് പറയുന്നു ദുല്‍ഖര്‍. ഒപ്പം അമാലുമായി പരിചയപ്പെടാനുണ്ടായ സാഹചര്യത്തെക്കുറിച്ചും പറയുന്നു അദ്ദേഹം. ഡെക്കാണ്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ അമാലിനെ ആദ്യമായി പരിചയപ്പെട്ടതിനെക്കുറിച്ച് വിവരിക്കുന്നത്.

അമേരിക്കയിലെ പഠനശേഷം തിരിച്ചെത്തിയപ്പോള്‍ തന്‍റെ വിവാഹക്കാര്യം കുടുംബാംഗങ്ങള്‍ക്കിടയില്‍ സജീവ ചര്‍ച്ചയായിരുന്നുവെന്നും ചില ബന്ധുക്കളും സുഹൃത്തുക്കളുമാണ് അമാലിന്‍റെ കാര്യം ആദ്യം അവതരിപ്പിച്ചതെന്നും ദുല്‍ഖര്‍ പറയുന്നു. എന്നേക്കാള്‍ അഞ്ച് വര്‍ഷം ജൂനിയര്‍ ആയിരുന്ന, സ്‍കൂള്‍മേറ്റ് ആയിരുന്നു അമാല്‍. സുഹൃത്തുക്കള്‍ ഞങ്ങള്‍ ഇരുവരുടെയും ബയോഡാറ്റകള്‍ താരതമ്യം ചെയ്യാന്‍ തുടങ്ങി. അക്കാലത്ത് ഞാന്‍ പോകുന്ന പല സ്ഥലങ്ങളിലും അവിചാരിതമായി അമാലിനെയും കാണുമായിരുന്നു. ഉദാഹരണത്തിന് ഒരു സിനിമയ്ക്ക് പോയാല്‍ അവളും അതേ ഷോയ്ക്ക് അവിടെ ഉണ്ടാവും. അത് ഞാന്‍ ശ്രദ്ധിച്ചു. ഏതെങ്കിലും അദൃശ്യ ശക്തികളാണോ ഞങ്ങളെ ഒന്നിപ്പിച്ചത് എന്നുപോലും ഒരുവേള എനിക്ക് തോന്നിയിട്ടുണ്ട്, ദുല്‍ഖര്‍ പറയുന്നു.

പിന്നീടും കുറച്ചുനാളിന് ശേഷമാണ് അമാലിനെ ഒരു കോഫിക്ക് ക്ഷണിക്കുന്നതെന്നും ദുല്‍ഖര്‍ പറയുന്നു. 'പിന്നീട് ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചു. പിന്നാലെ രണ്ട് കുടുംബങ്ങളും കാണുകയും പെട്ടെന്നുതന്നെ അടുക്കുകയും ചെയ്‍തു.' സ്ത്രീ ആരാധകരുടെ കാര്യത്തില്‍ ഭാര്യയ്ക്ക് അരക്ഷിതത്വമുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ ഇല്ലെന്ന് ഉറപ്പിച്ചു പറയുന്നു ദുല്‍ഖര്‍.