നാല് വര്‍ഷത്തിന് ശേഷമുള്ള സുരേഷ്‌ഗോപിയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവിന്റെ വാര്‍ത്ത ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. വേഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സത്യന്‍ അന്തിക്കാടിന്റ മകന്‍ അനൂപ് സത്യനാണ്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചില സ്റ്റില്ലുകള്‍ നേരത്തേ പുറത്തെത്തിയിരുന്നു. ഇപ്പോഴിതാ അവിടെനിന്നുള്ള മറ്റൊരു ചിത്രവും ഫേസ്ബുക്കില്‍ വൈറല്‍ ആയിരിക്കുകയാണ്. സുരേഷ് ഗോപിയും ദുല്‍ഖറും കൂടി ചെസ് കളിക്കുന്നതിന്റെ ചിത്രമാണ് ഇത്.

ചിത്രത്തില്‍ സുരേഷ് ഗോപിക്ക് കറുത്ത കരുക്കളും ദുല്‍ഖറിന് വെള്ളയുമാണ്. ദുല്‍ഖറിന്റെ കുതിരയും ആനയും മന്ത്രി വരെ സുരേഷ് ഗോപി വെട്ടിയിട്ടുമുണ്ട്. പക്ഷേ ഇത് സിനിമയിലുള്ള ഏതെങ്കിലും രംഗത്തിന്റെ പിന്നാമ്പുറമാണോ എന്ന കാര്യം ആരും വെളിപ്പെടുത്തിയിട്ടില്ല.

സുരേഷ് ഗോപിക്കും അനൂപ് സത്യനും പിന്നാലെ ദുല്‍ഖറും ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ചു. 'അവര്‍ നന്നായി കളിക്കും' എന്നായിരുന്നു ചിത്രത്തിനൊപ്പം അനൂപ് സത്യന്‍ കുറിച്ചത്. എന്നാല്‍ സുരേഷ് ഗോപി എന്ന വ്യക്തിയെക്കുറിച്ചും അദ്ദേഹത്തിനൊപ്പമുള്ള അനുഭവത്തെക്കുറിച്ചുമാണ് ദുല്‍ഖര്‍ ചിത്രത്തിനൊപ്പം പങ്കുവച്ച കുറിപ്പിലൂടെ പറയുന്നത്.

'എന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. അത്തരം സംഭാഷണങ്ങളാണ് ഞങ്ങള്‍ക്കിടയിലുണ്ടായത്. നല്ല ഉള്‍ക്കാഴ്ചയും കാഴ്ചപ്പാടുമുള്ള ആളാണ് അദ്ദേഹം. അദ്ദേഹത്തിനൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം. ഇത്തരം അവസരങ്ങളില്‍ അനുഗ്രഹിക്കപ്പെട്ടതുപോലെ തോന്നും. ഒരു നല്ല അച്ഛന്‍ കൂടിയാണ് അദ്ദേഹം. ഗോകുലിനെ എനിക്ക് കുറേക്കാലമായി അറിയാം. ഇളയമകന്‍ മാധവിനൊപ്പം അടുത്തിടെ കുറച്ച് സമയം ചിലവഴിക്കാന്‍ ഇടയായി. നല്ല കുട്ടികളാണ്. ഈ സിനിമ കുറേയധികം കാരണങ്ങള്‍ കൊണ്ട് ഏറെ സ്‌പെഷ്യല്‍ ആയി തോന്നുന്നു. അത് സംഭവിക്കാന്‍ ഇടയാക്കിയ അനൂപ് സത്യന് നന്ദി', ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സുരേഷ് ഗോപിക്കും ദുല്‍ഖറിനുമൊപ്പം ശോഭനയും പ്രിയദര്‍ശന്റെ മകള്‍ കല്യാണിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണിത്. 'മണിച്ചിത്രത്താഴി'ലെ ഹിറ്റ് ജോഡിയായിരുന്ന സുരേഷ് ഗോപിയും ശോഭനയും ഒരിടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന എന്ന പ്രത്യേകതയുമുണ്ട്. ചിത്രീകരണം പുരോഗമിക്കുന്നു.