"മൂന്ന് പതിറ്റാണ്ടുകളുടെ ചരിത്രം തകര്‍ത്തു എന്നത് ഒരു ശരാശരി കാര്യമല്ല. വെല്‍ ഡണ്‍ ടീം ഇന്ത്യ"

ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റില്‍ വിജയിച്ച് പരമ്പര നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അഭിനന്ദനവുമായി ദുല്‍ഖര്‍ സല്‍മാന്‍. "മൂന്ന് പതിറ്റാണ്ടുകളിലെ ചരിത്രം തകര്‍ത്തു എന്നത് ഒരു ശരാശരി കാര്യമല്ല. വെല്‍ ഡണ്‍ ടീം ഇന്ത്യ. എന്തൊരു പ്രകടനം!! ഇത് കാത്തുസൂക്ഷിക്കുക", ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഔദ്യോഗിക പേജിനെ ടാഗ് ചെയ്തുകൊണ്ട് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഏറെക്കുറെ അപ്രതീക്ഷിത വിജയമാണ് അജിങ്ക്യ രഹാനെയും സംഘവും സ്വന്തം പേരിലാക്കിയത്. ഇതോടെ നാല് ടെസ്റ്റുകളുടെ പരമ്പര 2-1നാണ് ഇന്ത്യ വിജയിച്ചത്. നാലാം ടെസ്റ്റിന്‍റെ അവസാനദിനം ഗില്‍, പൂജാര, പന്ത് എന്നിവരുടെ ബാറ്റിംഗ് ആണ് ഇന്ത്യക്ക് ജയമൊരുക്കിയത്. സ്കോര്‍: ഓസ്ട്രേലിയ 369, 294. ഇന്ത്യ 336, 329-7.

138 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്‌സറുമായി പുറത്താവാതെ 89 റണ്‍സെടുത്ത റിഷഭ് പന്തിനാണ് മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം. 21 വിക്കറ്റുമായി ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സ് പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. ഗാബയിലെ ടെസ്റ്റ് ചരിത്രത്തില്‍ ടീം ഇന്ത്യയുടെ ആദ്യ ജയമാണിത്. ഗാബയില്‍ 32 വര്‍ഷത്തിന് ശേഷമാണ് ഓസീസിനെ ഒരു ടീം പരാജയപ്പെടുത്തുന്നത് എന്നതും ഇന്ത്യന്‍ ജയത്തിന്‍റെ മാറ്റ് കൂട്ടുന്നു.