Asianet News MalayalamAsianet News Malayalam

'വാപ്പച്ചിയോട് ഒരു സെല്‍ഫി പോലും ചോദിക്കാതിരുന്നത് അതുകൊണ്ടാണ്'; മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ ദുല്‍ഖര്‍

"പക്ഷേ എല്ലാ വര്‍ഷവും അച്ഛന്‍റെ പിറന്നാള്‍ ദിനത്തില്‍ അത്തരം ചിന്തകളൊക്കെ മാറ്റിവച്ച് ഞാന്‍ പറയാറുണ്ട്"

dulquer salmaan wishes mammootty happy birthday rare pics of both
Author
First Published Sep 7, 2022, 5:23 PM IST

സെപ്റ്റംബര്‍ 7 എന്ന ദിനം മലയാളി സിനിമാപ്രേമികളെ സംബന്ധിച്ച് ഓര്‍മ്മയിലുള്ള ഒന്നാണ്. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനം. പ്രിയതാരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് സമൂഹ മാധ്യമങ്ങളില്‍ ഇന്നലെ രാത്രി മുതല്‍ സന്ദേശങ്ങള്‍ പ്രവഹിക്കുകയാണ്. സഹപ്രവര്‍ത്തകരും ആരാധകരുമൊക്കെ അക്കൂട്ടത്തിലുണ്ട്. ഇപ്പോഴിതാ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍റെ വാക്കുകളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. അച്ഛനുമൊത്തുള്ള തന്‍റെ ബന്ധത്തിന്‍റെ ചില നിമിഷങ്ങളെക്കുറിച്ച് സ്വകാര്യമായ ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുകയാണ് ദുല്‍ഖര്‍. കുട്ടിക്കാലം മുതല്‍ എപ്പോഴും തിരക്കുകളിലുള്ള അച്ഛനെ വല്ലപ്പോഴും വീട്ടില്‍ കിട്ടുമ്പോഴുള്ള, മറക്കാനാവാത്ത സന്തോഷത്തെക്കുറിച്ചാണ് ദുല്‍ഖറിന്‍റെ വാക്കുകള്‍. 

ദുല്‍ഖര്‍ സല്‍മാന്‍റെ കുറിപ്പ്

എനിക്ക് ഓര്‍ക്കാന്‍ കഴിയുന്ന കാലത്തോളം അച്ഛന്‍റെ സമയത്തെക്കുറിച്ച് ബോധവാനായിരുന്നു ഞാന്‍. അത് എപ്പോഴും എന്‍റെ ഓര്‍മ്മയില്‍ ഉണ്ടായിരുന്നു. അങ്ങനെ വല്ലപ്പോഴും വീണുകിട്ടുന്ന സമയം പരമാവധി ഉപയോഗപ്പെടുത്തണമെന്നായിരുന്നു എനിക്ക്. എന്തെങ്കിലും പ്രധാന കാര്യം വരുമ്പോള്‍, അച്ഛന്‍റെ സമയത്തിന്‍റെ മൂല്യത്തിന് അര്‍ഹതയുള്ള കാര്യമാണെന്ന് എനിക്ക് ബോധ്യം വരുമ്പോള്‍ മാത്രമേ ഞാന്‍ വിളിച്ചിട്ടുള്ളൂ. ഒരുമിച്ച് ഒരു ഫോട്ടോയോ സെല്‍ഫിയോ എടുക്കട്ടേയെന്ന് ഞാന്‍ ചോദിച്ചിട്ടില്ല. കാരണം എവിടെ പോകുമ്പോഴും അദ്ദേഹത്തിന് നേര്‍ക്കുണ്ടാവുന്ന ഒരു സ്ഥിരം അപേക്ഷയാണ് അതെന്ന് എനിക്കറിയാമായിരുന്നു. ബാലിശമായിരിക്കാം എന്‍റെ ചിന്ത. പക്ഷേ എല്ലായ്പ്പോഴും കൂടുതല്‍ ചിന്തിക്കുന്ന ഒരാളായിരുന്നു ഞാന്‍. അതിന് ഉമ്മയുടെ കൈയില്‍ നിന്ന് ഒരുപാട് വഴക്ക് കേട്ടിട്ടുണ്ട് ഞാന്‍. 

ALSO READ : 'ഇക്കാ ടാറ്റാ'; സൈക്കിളില്‍ മമ്മൂട്ടിയെ ചിത്രീകരിക്കാന്‍ പാഞ്ഞ് കൗമാരക്കാരന്‍: വീഡിയോ

dulquer salmaan wishes mammootty happy birthday rare pics of both

പക്ഷേ എല്ലാ വര്‍ഷവും അച്ഛന്‍റെ പിറന്നാള്‍ ദിനത്തില്‍ അത്തരം ചിന്തകളൊക്കെ മാറ്റിവച്ച് ഞാന്‍ പറയാറുണ്ട്, നമുക്ക് ഒരുമിച്ചുള്ള ചിത്രങ്ങള്‍ എടുക്കണമെന്ന്. ഒരുമിച്ചുള്ള ചിത്രമെടുക്കാന്‍ ഈ വര്‍ഷം ഒരുങ്ങുന്നതിനിടെ അച്ഛനറിയാതെ ഒരു ചിത്രം പകര്‍ത്താന്‍ ഞാന്‍ ശ്രമിച്ചു. ഷാനി ആ നിമിഷം പകര്‍ത്തുകയും ചെയ്‍തു.

ഈ നിമിഷങ്ങള്‍ക്കു വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്. വീട്ടില്‍ നമ്മളായി തന്നെ ജീവിക്കുന്ന നിമിഷങ്ങള്‍ക്ക്. മിക്കപ്പോഴും ചിത്രീകരണത്തിന്‍റെ ഭാഗമായി പല പല നഗരങ്ങളില്‍ ആയിരിക്കുമെങ്കിലും വീട്ടിലേക്ക് തിരിച്ചെത്തുമ്പോള്‍ സമയം എന്നത് നിശ്ചലമാണെന്ന് എനിക്ക് തോന്നാറുണ്ട്. അച്ഛന്‍റെ ഒഴിവുദിനങ്ങളില്‍ ഏറെ ആഹ്ലാദിക്കുന്ന ആ പഴയ ആണ്‍കുട്ടി തന്നെയാണ് ഞാന്‍ ഇപ്പോഴും. പിറന്നാള്‍ ആശംസകള്‍ അച്ഛാ. ഞങ്ങളുടെ എല്ലാം നിങ്ങളാണ്. 

Follow Us:
Download App:
  • android
  • ios