മകള്‍ മറിയം അമീറ സല്‍മാന്‍റെ പിറന്നാളിന് ദുല്‍ഖര്‍ സല്‍മാന്‍റെ മനോഹരമായ കുറിപ്പ്. "ഞാനൊരു വലിയ കുട്ടിയായി എന്നാണ് നീ എപ്പോഴും പറയുന്നത്, ചിലപ്പോള്‍ നീ പറയുന്നതാവും ശരി. നീ വേഗത്തില്‍ വളരുന്നു. പൂര്‍ണ്ണ വാചകങ്ങള്‍ സംസാരിക്കുന്നു. പക്ഷേ കുറച്ച് പതുക്കെ പോകൂ മേരീ, ഒരു കുഞ്ഞായി തന്നെ തുടരൂ" ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മകളുടെ പിറന്നാളിന് ദുല്‍ഖര്‍ എഴുതിയ കുറിപ്പ്

പ്രിയ മേരിക്ക് സന്തോഷകരമായ ജന്മദിനം. നിന്‍റെ പ്രായത്തിലാണെന്ന് ഭാവിക്കുന്ന ഞങ്ങളെല്ലാവരും ചുറ്റുമുള്ളപ്പോള്‍‌ നീ പറയും, ഞാനിപ്പോള്‍ ഒരു വലിയ പെണ്‍കുട്ടിയാണെന്ന്! നീ പറയുന്നത് ശരിയായിരിക്കാം. വളരെ വേഗത്തില്‍ നീ വളരുന്നു. മുഴുവന്‍ വാചകങ്ങള്‍ സംസാരിക്കുന്നു. മൂന്ന് വയസ്സുള്ള ഒരു വലിയ പെണ്‍കുട്ടിയാണ് നീയിന്ന്. രാജകുമാരിയുടേതുപോലെയുള്ള വേഷങ്ങളിട്ട് നീ തുള്ളിക്കളിക്കുന്നു. നിന്‍റേതായ കളികള്‍ ഉണ്ടാക്കുന്നു. ഞങ്ങളോട് കഥകള്‍ പറയുന്നു. ശരിയാണ്, നീയിപ്പോള്‍ ഒരു വലിയ പെണ്‍കുട്ടിയാണ്. സ്വന്തമായി നടക്കുന്നു, ഓടുന്നു, ചാടേണ്ടത് എങ്ങനെയെന്ന് പഠിക്കുന്നു. നീയിപ്പോള്‍ ഒരു വലിയ പെണ്‍കുട്ടിയാണ്.

പക്ഷേ കുറച്ച് പതുക്കെ പോകൂ പ്രിയപ്പെട്ട മേരീ. ഒരു കുഞ്ഞായിത്തന്നെ ഇരിക്കൂ. ഞങ്ങള്‍ നിന്നെ ആദ്യമായി കണ്ട ദിവസത്തിലേതുപോലെ. വാരിയെടുത്തപ്പോള്‍ ആദ്യമായി നിന്‍റെ കരച്ചില്‍ കേട്ടപ്പോഴത്തേതുപോലെ. മാലാഖക്കുട്ടിയെ ആദ്യമായി കാണാന്‍ ഒരുപാടുപേര്‍ തിക്കിത്തിരക്കിയെത്തിയ ദിവസത്തിലേതുപോലെ. ആ കുഞ്ഞായിത്തന്നെ ഇരിക്കൂ. എക്കാലവും നീ ഞങ്ങള്‍ക്ക് കുഞ്ഞായിരിക്കുമെങ്കിലും.. ആ കുഞ്ഞിനെ കണ്ട് ഞങ്ങള്‍ക്ക് മതിയായിട്ടില്ല. അവളൊരു വലിയ പെണ്‍കുട്ടിയായെന്ന് ലോകം തന്നെ പറഞ്ഞാലും നീ തിരക്കു കൂട്ടാതെ പ്രിയപ്പെട്ട മേരീ. ഞങ്ങളുടെ കുഞ്ഞു പെണ്‍കുട്ടിയായി തുടരൂ.