അച്ഛന് കൊടുത്ത വാക്ക് സിനുമോൻ പാലിച്ചെന്ന് സോഷ്യൽ മീഡിയ പറയുന്നു. 

'ഈ പറക്കും തളിക’ സിനിമയിലെ ഏറ്റവും രസകരമായ ആ രംഗം ഓർമയില്ലേ?. പാസ്പോർട്ട് നശിപ്പിച്ച എലിയെ ബസിന്റെ ഗീയർ ലിവറുമായി ട്രാഫിക് ബ്ലോക്കിലിട്ട് ഓടിക്കുന്ന സുന്ദരന്റെ ആ ഓട്ടം. ഇന്നും പൊട്ടിച്ചിരിയോടെ അല്ലാതെ ആ സീനുകൾ കണാൻ മലയാളികൾക്ക് സാധിക്കില്ല. സുന്ദരന്റെ ആജീവാനന്ത ശത്രുവായ എലിയെ ഒടുവിൽ മകൻ സിനുമോൻ പിടിച്ചെന്ന് പറയുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ. അതിന് കാരണം ആകട്ടെ സൂപ്പർ ഹിറ്റ് ചിത്രം രോമാഞ്ചവും.

ഈ പറക്കും തളികയിൽ ഹരിശ്രീ അശോകൻ ആയിരുന്നു സുന്ദരേശൻ എന്ന സുന്ദരനെ അവതരിപ്പിച്ചത്. പറക്കും തളികയിൽ അച്ഛൻ എലിയുടെ പിറകെ ആണ് ഓടിയതെങ്കിൽ, രോമാഞ്ചത്തിൽ അർജുൻ ആശോകൻ എലികളെ കൊല്ലുന്ന സീനാണ് ഉള്ളത്. സിനു സോളമൻ എന്ന കഥാപാത്രത്തെയാണ് അർജുൻ രോമാഞ്ചത്തിൽ അവതരിപ്പിച്ചത്. ഈ രണ്ട് ചിത്രത്തിലെയും സീനുകൾ ഉൾപ്പെടുത്തി ഉള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ചിത്രത്തിൽ എലികളെ സിനു കൊല്ലുന്നതും കുഴിച്ചിടുന്നതുമായ രം​ഗങ്ങൾ വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അച്ഛന് കൊടുത്ത വാക്ക് സിനുമോൻ പാലിച്ചെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. 

View post on Instagram

പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു..; കെ എസ് ചിത്രയുടെ ശബ്ദമാധുരിയിൽ 'നീലവെളിച്ചം' ഗാനം

മലയാള സിനിമയില്‍ നിന്ന് ഈ വര്‍ഷത്തെ ആദ്യ ഹിറ്റ് ചിത്രം ആയിരുന്നു രോമാഞ്ചം. ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം തിയറ്ററുകളിൽ ചിരിപ്പൂരം ഒരുക്കി. 2007ല്‍ ബംഗളൂരുവില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഓജോ ബോര്‍ഡും ആത്മാവിനെ ക്ഷണിച്ചുവരുത്തലുമൊക്കെ ചേര്‍ത്ത് ഭയത്തിന്‍റെയും അതിലേറെ ചിരിയുടെയും രസക്കൂട്ടിലാണ് നവാഗത സംവിധായകന്‍ ജിത്തു മാധവന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി 3 ന് ആണ് രോമാഞ്ചം തിയറ്ററുകളിലെത്തിയത്. ശേഷം പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഏപ്രില്‍ 7 ന് സ്ട്രീമിംഗ് ആരംഭിക്കുകയും ചെയ്തിരുന്നു.