അടുത്തിടെ ലൈഫ്‌സ്റ്റൈൽ ഏഷ്യയ്ക്ക് നൽകിയ അഭിമുഖത്തിൽ, വിജയ് ദേവരകൊണ്ട ഒടുവിൽ രശ്മിക മന്ദാനയുമായുള്ള വിവാഹനിശ്ചയം സംബന്ധിച്ച  റിപ്പോർട്ടുകളെക്കുറിച്ച് തുറന്നുപറഞ്ഞു.

ഹൈദരാബാദ്: വിജയ് ദേവരകൊണ്ടയും രശ്മിക മന്ദനയും തമ്മിലുള്ള പ്രണയം സിനിമ ലോകത്തെ പരസ്യമായ ഒരു രഹസ്യമാണ്. വളരെക്കാലമായി ഇരുവരും അടുപ്പത്തിലാണ് എന്ന് പല സന്ദര്‍ഭങ്ങളിലും പുറത്തുവന്ന കാര്യമാണ്. എന്നാല്‍ ഇത് സംബന്ധിച്ച് ഇരുവരും എന്തെങ്കിലും വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ അവധിക്കാലം ഒന്നിച്ച് ആഘോഷിക്കുന്നതും വിശേഷ ദിവസങ്ങളില്‍ ഒത്തുചേരുന്നതും പതിവാണ്. അടുത്തിടെയാണ് ഇരുവരും ഉടന്‍ വിവാഹ നിശ്ചയം നടത്തുന്നു എന്ന വിവരം പുറത്തുവന്നത്. 

ന്യൂസ് 18 തെലുങ്കിലെ റിപ്പോര്‍ട്ട് പ്രകാരം ഫെബ്രുവരി രണ്ടാം വാരത്തിൽ രശ്മികയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹനിശ്ചയം നടക്കുമെന്നാണ് പറയുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ വാര്‍ത്ത സംബന്ധിച്ച് പ്രതികരണം നടത്തിയിരിക്കുകയാണ് വിജയ് ദേവരകൊണ്ട. 

അടുത്തിടെ ലൈഫ്‌സ്റ്റൈൽ ഏഷ്യയ്ക്ക് നൽകിയ അഭിമുഖത്തിൽ, വിജയ് ദേവരകൊണ്ട ഒടുവിൽ രശ്മിക മന്ദാനയുമായുള്ള വിവാഹനിശ്ചയം സംബന്ധിച്ച റിപ്പോർട്ടുകളെക്കുറിച്ച് തുറന്നുപറഞ്ഞു. "ഫെബ്രുവരിയിൽ ഞാൻ വിവാഹ നിശ്ചയം നടത്തുകയോ വിവാഹം കഴിക്കുകയോ ചെയ്യുന്നില്ല. രണ്ട് വർഷത്തിലൊരിക്കൽ എന്നെ വിവാഹം കഴിക്കാൻ മാധ്യമങ്ങൾക്ക് തോന്നും. എല്ലാ വർഷവും ഈ അഭ്യൂഹം ഞാൻ കേൾക്കാറുണ്ട്. എന്നെ വിവാഹിതനാക്കാന്‍ എപ്പോഴും അവര്‍ ചുറ്റിലുമുണ്ട്" - വിജയ് പറഞ്ഞു. 

ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ഗീത ഗോവിന്ദത്തിലാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദനയും ആദ്യമായി ഒന്നിച്ചത്. ഇതോടെ പ്രേക്ഷകരുടെ ഇഷ്ടജോഡിയായി ഇവര്‍ മാറി. ഡിയര്‍ കോമറേഡ് എന്ന ചിത്രത്തിലൂടെ ഇവരുടെ ജോഡി കുറച്ചുകൂടി ശ്രദ്ധ തേടി. 

വിശേഷ ദിവസങ്ങളില്‍ വിജയ് ദേവരകൊണ്ടയുടെ വീട്ടിലേക്കുള്ള രശ്മികയുടെ സന്ദർശനങ്ങളും മാലിദ്വീപിലേക്കുള്ള ഇരുവരുടെയും അവധിക്കാലവും ഏറെ ഗോസിപ്പുകളാണ് ഇരുവരുടെ ബന്ധം സംബന്ധിച്ച് ഉണ്ടാക്കിയത്. ഇതിന് പുറമേ അടുത്തിടെ ബാലകൃഷ്ണയുടെ ടോക് ഷോയില്‍ അനിമല്‍ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് രശ്മികയും രണ്‍ബീര്‍ കപൂറും എത്തിയിരുന്നു. 

ആ ഷോയില്‍ സംവിധായകന്‍റെ ഫോണില്‍ വിജയ് ദേവരകൊണ്ടയെ വിളിച്ച് രശ്മിക സംസാരിച്ചത് അഭ്യൂഹങ്ങള്‍ വര്‍ദ്ധിപ്പിച്ചു. രണ്‍ബീറാണോ,വിജയ് ദേവരകൊണ്ടയാണോ മികച്ച ഹീറോ എന്ന ചോദ്യത്തിന് അടക്കം രസകരമായ മറുപടിയാണ് ഷോയില്‍ രശ്മിക നല്‍കിയത്. 

രശ്മിക അവസാനം അഭിനയിച്ചത് അനിമലിലാണ്. ചിത്രം വന്‍ വിജയമാണ് നേടിയത്. സാമന്തയ്ക്കൊപ്പം ഖുഷി എന്ന ചിത്രമാണ് വിജയ് ദേവരകൊണ്ട അവസാനം അഭിനയിച്ചത് അതും ബോക്സോഫീസ് വിജയമായിരുന്നു.

നാല് കൊല്ലം മുന്‍പ് കഴിച്ച ആദ്യ വിവാഹം രണ്ട് മാസം മുന്‍പ് പിരിഞ്ഞ് ഷൊയ്ബ് മാലിക്കുമായി നിക്കാഹ്; ആരാണ് ഈ സന?

അനിമല്‍ ഒടിടി റിലീസ് പ്രതിസന്ധിയില്‍; നെറ്റ്ഫ്ലിക്സിനും നിര്‍മ്മാതാക്കള്‍ക്കും ഹൈക്കോടതി നോട്ടീസ്